Tuesday, January 3, 2012

നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു; വേമ്പനാട്ട് കായലില്‍ മലിനീകരണമേറുന്നു

കോട്ടയം: നിയമങ്ങള്‍ കാറ്റില്‍ പറത്തി വേമ്പനാട്ട് കായലിലെ മലിനീകരണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. തീരത്ത് ഉയര്‍ന്നുവരുന്ന റിസോര്‍ട്ടുകളില്‍നിന്നുള്ള മാലിന്യം കായലില്‍ തള്ളുകയാണ്. തീരത്തെ പല വീടുകളും മാലിന്യം കായലിലേക്ക് തള്ളിവിടുന്നതായും ആക്ഷേപമുണ്ട്. പരിശോധന നടത്തേണ്ട മലിനീകരണ നിയന്ത്രണബോര്‍ഡില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം മാറുന്ന കുമരകത്താണ് മലിനീകരണത്തിന്റെ തിക്തഫലം കൂടുതല്‍ അനുഭവപ്പെടുന്നത്. അംഗീകൃത റിസോര്‍ട്ടുകളേക്കാള്‍ കൂടുതലാണ് അനധികൃതമായി കായല്‍തീരത്തിന് സമീപപ്രദേശങ്ങളിലായി ഉയരുന്ന അനധികൃതറിസോര്‍ട്ടുകള്‍ . വന്‍കിട റിസോര്‍ട്ടുകള്‍ക്ക് മാത്രമേ സ്വന്തമായി മാലിന്യസംസ്കരണ യൂണിറ്റുകള്‍ ഉണ്ടാകാറുള്ളൂ. മറ്റുള്ളവയില്‍ ഭൂരിഭാഗവും കക്കൂസ് മാലിന്യമടക്കം കായലിലേക്ക് തള്ളുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. പലവട്ടംഅധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വന്‍കിട റിസോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മലിനീകരണനിയന്ത്രണബോര്‍ഡിന്റെ അനുമതി ആവശ്യമാണെന്ന നിബന്ധനയുണ്ട്. എന്നാല്‍ പല ചെറുകിടക്കാരും ഇത്തരത്തില്‍ അനുമതിവാങ്ങാറില്ല. വീട് നിര്‍മാണത്തിന്റെ പേരില്‍ കെട്ടിടം പണിക്ക് തദ്ദേശസ്ഥാപനത്തില്‍നിന്ന് അനുമതി വാങ്ങി പിന്നീട് റിസോര്‍ട്ടാക്കുന്ന പ്രവണതയാണുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ അറിയിക്കുമ്പോഴാണ് ഇത്തരത്തില്‍ റിസോര്‍ട്ടുകള്‍ നിലവിലുള്ള കാര്യം പലപ്പോഴും തങ്ങള്‍ അറിയാറുള്ളതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വേമ്പനാട്ടുകായലിലെ മൊത്തം മലിനീകരണതോതും മറ്റും നിരീക്ഷിക്കുന്നത് ആലപ്പുഴ ജില്ലയിലെ മലിനീകരണനിയന്ത്രണ ബോര്‍ഡാണ്. എന്നാല്‍ ആലപ്പുഴയെക്കാള്‍ വര്‍ധിച്ച തോതിലാണ് കുമരകത്ത് റിസോര്‍ട്ടുകള്‍ ഉയരുന്നത്. ബോട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കുമരകത്ത് സംസ്കരണ പ്ലാന്റ് നിലവിലുണ്ടെങ്കിലും ആലപ്പുഴയില്‍ ഇതും ഇല്ല. ബോട്ടുകളില്‍ തന്നെ ബയോപ്ലാന്റുകള്‍ സ്ഥാപിച്ച് അതില്‍ പാതി സംസ്കരണം നടത്തിയ ശേഷമേ മാലിന്യം പുറത്ത് കളയാവു എന്നാണ് നിയമം. എന്നാല്‍ ഇത് എത്രത്തോളം ഫലപ്രദമായി നടക്കുന്നുവെന്ന് വിലയിരുത്താന്‍ ജീവനക്കാരുടെ അഭാവത്തില്‍ ബോര്‍ഡിന് സാധിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തനം പരിശോധിക്കാനും മറ്റും ആവശ്യത്തിനു ജീവനക്കാരോ വാഹനമോ മലിനീകരണ നിയന്ത്രണബോര്‍ഡിനില്ല. റിസോര്‍ട്ടുകള്‍ കരയിലൂടെ മാത്രം പോയി പരിശോധിക്കാന്‍ പറ്റുന്ന സ്ഥലത്താകില്ല. സ്വന്തമായി ബോട്ടും മറ്റും ഇല്ലാത്തതിനാല്‍ പലപ്പോഴും റിസോര്‍ട്ടുകളുടെ തന്നെ വാഹനത്തില്‍ വേണം പരിശോധനയ്ക്ക് പോകാനും റിപ്പോര്‍ട്ട് നല്‍കാനും. കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ മൂന്നു ജീവനക്കാരാണുള്ളത്. ഒരു എക്സിക്യുട്ടീവ് എന്‍ജിനിയറും രണ്ടു അസിസ്റ്റന്റ് എന്‍ജിനിയര്‍മാരും. മലിനീകരണ സംബന്ധമായ പരാതികള്‍ മുഴുവന്‍ പരിശോധിക്കേണ്ടതും വിവിധ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതും ഇവരാണ്. ദിവസം മുഴുവന്‍ ജോലി ചെയ്താലും തീരാത്ത അവസ്ഥയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു. പാറമടകള്‍ , വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് മൂന്നു ഉദ്യോഗസ്ഥര്‍ മാത്രമുള്ള ഓഫീസാണ്. ഇതിനു പുറമെയാണ് കേസുകളും മറ്റും കൈകാര്യം ചെയ്യേണ്ടതും.

പഠനത്തിന് അനുമതിയില്ല; നല്‍കിയ റിപ്പോര്‍ട്ടിന് നടപടികളുമില്ല

കോട്ടയം: വേമ്പനാട്ടുകായലിലെ മലിനീകരണം സംബന്ധിച്ച് പഠനം നടത്താന്‍ ജില്ലയില്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുമതി കിട്ടിയിട്ടില്ല. അടുത്ത സാമ്പത്തിക വര്‍ഷം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ പഠനങ്ങളൊന്നും ഇതിന് മുമ്പ് നടന്നിട്ടില്ല. ജീവനക്കാരുടെയും മറ്റും അഭാവമാണ് ഇത്തരത്തില്‍ പഠനവും മറ്റും നടക്കാന്‍ തടസ്സം. പഠനപദ്ധതികള്‍ക്ക് അനുമതി ലഭിച്ചാല്‍ കൂടുതല്‍ ഫണ്ടും ജീവനക്കാരെയും ലഭിക്കുമെന്ന പ്രത്യാശയില്‍ വിവിധ പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നു ണ്ട്. ആലപ്പുഴ ജില്ലയിലെ മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ രണ്ടുവര്‍ഷംമുമ്പ് വേമ്പനാട്ട് കായലിലെ മലിനീകരണം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുഹമ്മയ്ക്കടുത്ത് കുന്നുമ്മേലില്‍ മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മാണം നടക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

deshabhimani 030112

1 comment:

  1. നിയമങ്ങള്‍ കാറ്റില്‍ പറത്തി വേമ്പനാട്ട് കായലിലെ മലിനീകരണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. തീരത്ത് ഉയര്‍ന്നുവരുന്ന റിസോര്‍ട്ടുകളില്‍നിന്നുള്ള മാലിന്യം കായലില്‍ തള്ളുകയാണ്. തീരത്തെ പല വീടുകളും മാലിന്യം കായലിലേക്ക് തള്ളിവിടുന്നതായും ആക്ഷേപമുണ്ട്. പരിശോധന നടത്തേണ്ട മലിനീകരണ നിയന്ത്രണബോര്‍ഡില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.

    ReplyDelete