കാലത്തിന്റെ തിരശ്ശീലകള്‍ക്കു മായ്ച്ചുകളയാനാവാത്ത തീഷ്ണ സമരങ്ങള്‍ക്കും സമത്വസുന്ദരമായ ഭാവിയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കുമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ വേണ്ടി തൊഴിലാളി വര്‍ഗ്ഗത്തെയും ഒരു കാലഘട്ടത്തേയും തന്റെ വിപ്ലവഗാനങ്ങളിലൂടെ രോമാഞ്ചമണിയിച്ച സഖാവ് ആമച്ചല്‍ കൃഷ്ണന് 92-ാം വയസ്സിലും ഓര്‍മകള്‍ക്കു മുന്പില് യൗവനയുക്തമായ ആവേശം
കലയെയും സാഹിത്യത്തെയും അടിമത്വത്തിനും ചൂഷണത്തിനുമെതിരായ കലഹത്തിനുള്ള മികച്ച ഉപാധികളാക്കി മാറ്റിയ പഴയകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സഖാവ് എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഈ വിപ്ലവഗായകന്‍.
വയലാറിന്റെ മണ്ണില്‍ സഖാവ് മേദിനി വിപ്ലവഗാനങ്ങളിലൂടെ ചിരപ്രതിഷ്ഠ നേടിയപ്പോള്‍ തെക്കന്‍ തിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് സഖാവ് ആമച്ചല്‍ കൃഷ്ണന്റെ വിപ്ലവഗാനാലാപനം വളരെ വലിയ പങ്കാണ് വഹിച്ചത്. മേദിനിയുമൊന്നിച്ചും സഖാവ് പല വേദികളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
കെ പി എ സിയുടെ നാടക ഗാനങ്ങളും പി ഭാസ്കരന്റെയും വയലാറിന്റെയും ഒ എന്‍ വിയുടെയും ഹൃദ്യമായ വിപ്ലവഗാനങ്ങളും മാത്രമല്ല, അവയൊക്കെ പ്രചാരത്തിലെത്തും മുമ്പ് തന്നെ നാടന്‍ ശീലുകളെ സ്വന്തമായി എഴുതി തയ്യാറാക്കി മധുരവിപ്ലവ ഗാനങ്ങളാക്കി പാര്‍ട്ടി വേദികളില്‍ സ്ഥിരമായി അവതരിപ്പിക്കുന്നതും ഇദ്ദേഹത്തിന്റെ ശൈലിയായിരുന്നു.
അക്കാലത്തെ സമ്മേളനങ്ങളിലും പാര്‍ട്ടിവേദികളിലും മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ ആളെ കൂട്ടുന്നതിനും സഖാവിന്റെ പാട്ടുകള്‍ വളരെ നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ ഒരു പരിപാടി തീര്‍ന്നാല്‍ ഉടന്‍ അടുത്ത യോഗത്തിന്റെ സംഘാടകര്‍ സൈക്കിളുമായി വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോവുക പതിവായിരുന്നു.
കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ പ്രദേശത്ത് ജനിച്ച് അലക്കു തൊഴിലാളിയായി വളര്‍ന്ന സഖാവ് നന്നേ ചെറുപ്പത്തിലേ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. തുടര്‍ന്ന് പുരോഗമന ആശയങ്ങളുടെ വഴിതേടിക്കൊണ്ട് കമ്മ്യൂണിസ്റ്റ് സഹയാത്രികനും പിന്നീട് സജീവ പ്രവര്ത്തകനുമായിത്തീര്ന്നു. അവിഭക്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആമച്ചല്‍ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി. പ്രചരണ മാധ്യമങ്ങളും സംഘടനാശേഷിയും കുറവായിരുന്ന ആ കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ പരിപാടികള്‍ സഖാക്കളെയും ജനങ്ങളെയും അറിയിക്കുന്നതിനായി കോളാമ്പി മാതൃകയില്‍ പേപ്പര്‍ ചുരുട്ടി വീഥികളില്‍ കൂടി വിളിച്ചു പറഞ്ഞുകൊണ്ട് കടന്നു പോകുന്നത് പഴയ ആളുകളുടെ ഓര്‍മയില്‍ തെളിഞ്ഞു നില്ക്കുന്നു.
ജന്മിത്വത്തിനും തൊഴിലാളി വര്ഗ്ഗചൂഷണത്തിനുമെതിരായി പാര്‍ട്ടിയുടെ നിരവധിയായ പ്രക്ഷോഭങ്ങളിലെ മുന്‍നിരക്കാരനായിരുന്ന സഖാവ് 1954 ലെ ട്രാന്‍സ്പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത് കൊടിയ മര്‍ദനത്തിന് വിധേയനായി. ക്രൂരമായ മര്‍ദനത്തെതുടര്‍ന്ന് മരിച്ചു എന്ന് കരുതി പൊലീസ് ഉപേക്ഷിച്ച സഖാവിനെ പുനലൂരിലെ പൊന്തക്കാടുകളില്‍ നിന്നും അര്ധപ്രാണനോടുകൂടി പാര്ട്ടിക്കാര് കണ്ടെടുക്കുകയായിരുന്നു. കേരളത്തില്‍ ആദ്യമായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അമ്പലത്തിന്‍കാല വാര്‍ഡിന് നിന്നും പഞ്ചായത്ത് മെമ്പറായിട്ടുണ്ട്.
1964 ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉറച്ചു നിന്നു. പിളര്‍പ്പിനെ തുടര്‍ന്ന് ദുര്‍ബലമായ സംഘടനയെ മലയോരമേഖലയില്‍ കെട്ടിപ്പടുക്കുന്നതിന് കരുത്തനായ നേതാവ് സഖാവ് ആമച്ചല്‍ പീരുമുഹമ്മദിനൊപ്പം അദ്ദേഹം അക്ഷീണമായി പ്രയത്നിച്ചു. സി പി ഐ കാട്ടാക്കട എല്‍ സി സെക്രട്ടറി, നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിലും ത്യാഗോജ്ജ്വമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴചവച്ചത്. അലക്ക് തൊഴിലാളികളെ സംഘടിപ്പിക്കുകയും അവര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം സംഘടിപ്പിക്കുകയും അത് നേടിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
വരേണ്യ വര്‍ഗ്ഗത്തിന് മാത്രം അവകാശപ്പെട്ടതാണ് കല എന്ന ചിന്തയെ മാറ്റിമറിക്കുവാനും അന്ധവിശ്വാസങ്ങള്‍ക്കും ജാതിവ്യവസ്ഥയ്ക്കും ഉച്ച നീചത്വങ്ങള്ക്കുമെതിരായി പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുവാനും സഖാവ് ആമച്ചല്‍ കൃഷ്ണന്റെ വിപ്ലവഗാനങ്ങള്‍ സഹായകമായിത്തീര്‍ന്നു. സ്വന്തം മകളും വിപ്ലവ ഗായികയുമായ സഖാവ് ആമച്ചല്‍ കൗമുദിയുമൊന്നിച്ചും പല വേദികളിലും സഖാവ് പാടിയിട്ടുണ്ട്. സഖാവ് മേദിനിയോടുള്ള ആരാധനയാല്‍ ഒരു മകള്‍ക്ക് അതേ പേരു തന്നെ നല്‍കിയും അദ്ദേഹം വ്യത്യസ്തനായി.
(അഭിലാഷ് കാട്ടാക്കട)
janayugom 150112
കാലത്തിന്റെ തിരശ്ശീലകള്‍ക്കു മായ്ച്ചുകളയാനാവാത്ത തീഷ്ണ സമരങ്ങള്‍ക്കും സമത്വസുന്ദരമായ ഭാവിയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കുമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ വേണ്ടി തൊഴിലാളി വര്‍ഗ്ഗത്തെയും ഒരു കാലഘട്ടത്തേയും തന്റെ വിപ്ലവഗാനങ്ങളിലൂടെ രോമാഞ്ചമണിയിച്ച സഖാവ് ആമച്ചല്‍ കൃഷ്ണന് 92-ാം വയസ്സിലും ഓര്‍മകള്‍ക്കു മുന്പില് യൗവനയുക്തമായ ആവേശം
ReplyDelete