Tuesday, January 17, 2012

ബസു സ്മരണയില്‍ ബംഗാള്‍ ; ഇന്ന് രണ്ടാം ചരമവാര്‍ഷികം


ജ്യോതിബസു ഇല്ലാത്ത ബംഗാളിന് രണ്ട് വയസ്സായി. 2010 ജനുവരി 17നാണ് ജ്യോതിബസു അന്തരിച്ചത്. ആധുനിക ബംഗാളിന്റെ സൃഷ്ടിക്ക് നേതൃത്വം നല്‍കിയ മഹാനായ നേതാവിന്റെ വേര്‍പാടുണ്ടാക്കിയ നഷ്ടം അപരിഹാര്യമാണ്. എന്നാല്‍ ബംഗാള്‍ ജനതയെ ഒരേ ചരടില്‍ കോര്‍ത്തിണക്കിയ ഉജ്വലമായ രാഷ്ട്രീയപ്രതീകമായ ജ്യോതിബസു ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് അക്ഷയമായ ഊര്‍ജസ്രോതസ്സാണ്.

ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയുമായി സഹകരിച്ച് ലണ്ടനില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച ജ്യോതിബസു മുപ്പതുകളുടെ അവസാനമാണ് ബംഗാളില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ സജീവമായത്. ബംഗാളിലെ കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്ക് ജ്യോതിബസു എന്ന പ്രതിപക്ഷനേതാവ് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. 1967ലും 69ലും ഐക്യമുന്നണി സര്‍ക്കാരുകളുടെ രൂപീകരണത്തിലും അവയുടെ ജനപക്ഷത്തുനിന്നുള്ള പ്രവര്‍ത്തനത്തിലും നായകസ്ഥാനത്തായിരുന്നു ഉപമുഖ്യമന്ത്രിയായ ജ്യോതിബസു. ഭൂപരിഷ്കരണം ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്തുതന്നെ ആരംഭിക്കാന്‍ നേതൃത്വം നല്‍കിയത് ജ്യോതിബസുവാണ്. ഇടതു സാഹസികരില്‍നിന്നും വലതുപക്ഷ രാഷ്ട്രീയശക്തികളില്‍നിന്നും പൊലീസില്‍നിന്നും കടുത്ത ആക്രമണങ്ങള്‍ നേരിട്ട് 1971 മുതല്‍ 77 വരെയുള്ള കാലത്ത് പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാത്തത് ജ്യോതിബസുവിന്റെയും പ്രമോദ് ദാസ് ഗുപ്തയുടെയും നേതൃത്വത്തിലായിരുന്നു.

1977ല്‍ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ ബംഗാളിനെ നയിക്കാന്‍ നിയുക്തനായത് ജ്യോതിബസു. വര്‍ഷങ്ങള്‍ നീണ്ട ഓപ്പറേഷന്‍ ബര്‍ഗയും മറ്റ് ഭൂപരിഷ്കരണ നടപടികളുംമൂലം 30 ലക്ഷം ജനങ്ങള്‍ക്ക് ഭൂമിയും 15 ലക്ഷം പാട്ട കൃഷിക്കാര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശവും ലഭിച്ചു. തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അറുപതോളം ഇടതുപക്ഷപ്രവര്‍ത്തകര്‍ ആക്രമണങ്ങളില്‍ മരിച്ചു. ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ എഴുപതുകളില്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പും ആ ചരിത്രത്തിന്റെ ഓര്‍മകളും ഈ സാഹചര്യം നേരിടാന്‍ ഇടതുപക്ഷത്തിന് കരുത്ത് നല്‍കുന്നുണ്ട്. ജ്യോതിബസു വളര്‍ത്തിയെടുത്ത ബംഗാളിനെ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ സമരമുഖത്താണിന്ന് ബംഗാളിലെ കമ്യൂണിസ്റ്റ്, ഇടതുപക്ഷപ്രസ്ഥാനം

deshabhimani 170112

1 comment:

  1. ജ്യോതിബസു ഇല്ലാത്ത ബംഗാളിന് രണ്ട് വയസ്സായി. 2010 ജനുവരി 17നാണ് ജ്യോതിബസു അന്തരിച്ചത്. ആധുനിക ബംഗാളിന്റെ സൃഷ്ടിക്ക് നേതൃത്വം നല്‍കിയ മഹാനായ നേതാവിന്റെ വേര്‍പാടുണ്ടാക്കിയ നഷ്ടം അപരിഹാര്യമാണ്. എന്നാല്‍ ബംഗാള്‍ ജനതയെ ഒരേ ചരടില്‍ കോര്‍ത്തിണക്കിയ ഉജ്വലമായ രാഷ്ട്രീയപ്രതീകമായ ജ്യോതിബസു ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് അക്ഷയമായ ഊര്‍ജസ്രോതസ്സാണ്.

    ReplyDelete