Saturday, January 14, 2012

കോച്ച്ഫാക്ടറി വൈകിപ്പിച്ചത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍

കേരളത്തിന്റെ ഏറെക്കാലത്തെ പരിശ്രമത്തിന് ശേഷം പാലക്കാടിന് അനുവദിച്ച് കിട്ടിയ കോച്ച് ഫാക്ടറി ഇത്രയും വൈകിപ്പിച്ചത് സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കാന്‍ . സംസ്ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തം നല്‍കാതെ ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇടയാക്കി. സ്വകാര്യമേഖലയുടെ ഭൂരിപക്ഷ പങ്കാളിത്തത്തോടെ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം കോച്ച്ഫാക്ടറി വാഗ്ദാനം ചെയ്തത്. ഫാക്ടറിക്കായി 430 ഏക്കര്‍ ഭൂമി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സൗജന്യമായി ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കോച്ച്ഫാക്ടറിക്ക് തറക്കല്ലിടല്‍ തീയതിവരെ നിശ്ചയിക്കുകയും ചെയ്തിരുന്നു. അത് വൈകിപ്പിച്ചത് ഫാക്ടറി സ്വകാര്യമേഖലയ്ക്ക് കൈമാറാനായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കയാണ്. ഏറ്റെടുത്ത് നല്‍കിയ ഭൂമിയുടെ വിലയ്ക്ക് ആനുപാതികമായ ഓഹരി പങ്കാളിത്തം വേണമെന്നായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം. എന്നാലിപ്പോള്‍ കോച്ച് ഫാക്ടറിക്ക് ആവശ്യമായിവരുന്ന 260 ഏക്കര്‍ ഭൂമിക്ക് വിലനല്‍കി സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇതിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.

കഞ്ചിക്കോട്ടുതന്നെ പ്രവര്‍ത്തിക്കുന്ന പ്രതിരോധ വകുപ്പിന് കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) ഇപ്പോള്‍ കോച്ച് നിര്‍മിക്കുന്നുണ്ട്. ഈ കമ്പനിയെ ഒഴിവാക്കുന്നതിന് പിന്നിലും സ്വകാര്യ കുത്തകകളെ ക്ഷണിക്കാനുള്ള താല്‍പ്പര്യമാണ്. ഫെബ്രുവരിയില്‍ റെയില്‍വേ ബജറ്റ് വരും. ഇതില്‍ കോച്ച് ഫാക്ടറിയെക്കുറിച്ച് പരാമര്‍ശമില്ലെങ്കില്‍ പിന്നേയും പദ്ധതി നീളുമെന്ന ആശങ്കയുമുണ്ട്. കബൂര്‍ത്തല, പെരമ്പൂര്‍ , റായ്ബറേലി എന്നിവിടങ്ങളിലെ കോച്ച് ഫാക്ടറികളെല്ലാം പൂര്‍ണമായും റെയില്‍വേയുടെ ഉടമസ്ഥതയിലാണ്. ആദ്യമായാണ് സ്വകാര്യപങ്കാളിത്തത്തില്‍ കോച്ച് ഫാക്ടറി തുടങ്ങുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി ആരംഭിക്കുമ്പോള്‍ അത് കേരളത്തിനും പ്രത്യേകിച്ച് പാലക്കാട്ടേയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കണമെന്ന് എം ബി രാജേഷ് എംപി അഭിപ്രായപ്പെട്ടു. ഫാക്ടറി വൈകിപ്പിച്ചാല്‍ സമരം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് ഭയന്നാണ് സ്വകാര്യ പങ്കാളിത്തത്തിലെങ്കിലും പദ്ധതി തുടങ്ങാന്‍ ഇപ്പോള്‍ റെയില്‍വേ നിര്‍ബന്ധിതമായത്. പാലക്കാടിന്റെ വികസനത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന കോച്ച് ഫാക്ടറി സ്വകാര്യ ഉടമസ്ഥതയില്‍ ആരംഭിക്കുമ്പോള്‍ അതിന്റെ നിയന്ത്രണാവകാശം കുത്തകകളുടെ കരങ്ങളില്‍ പോകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു.
(വേണു കെ ആലത്തൂര്‍)

deshabhimani 140112

1 comment:

  1. കേരളത്തിന്റെ ഏറെക്കാലത്തെ പരിശ്രമത്തിന് ശേഷം പാലക്കാടിന് അനുവദിച്ച് കിട്ടിയ കോച്ച് ഫാക്ടറി ഇത്രയും വൈകിപ്പിച്ചത് സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കാന്‍ . സംസ്ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തം നല്‍കാതെ ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇടയാക്കി. സ്വകാര്യമേഖലയുടെ ഭൂരിപക്ഷ പങ്കാളിത്തത്തോടെ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

    ReplyDelete