Saturday, January 14, 2012

ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍

കോണ്‍ഗ്രസ് നിര്‍ത്തിയപ്പോള്‍ മമതയ്ക്കെതിരെ തൃണമൂല്‍ എംപി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനും പശ്ചിമബംഗാള്‍ സര്‍ക്കാരിനുമെതിരെ നടത്തുന്ന കടുത്ത വിമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. മമതയ്ക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശം ഒഴിവാക്കണമെന്നും ഒത്തുതീര്‍പ്പിനുള്ള മാര്‍ഗം സ്വീകരിക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. എന്നാല്‍ , കര്‍ഷകരുടെ ദുരിതങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വന്തം പാര്‍ടി നേതാവുതന്നെ മമതയ്ക്കെതിരെ രംഗത്തെത്തി.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി കബീര്‍ സുമനാണ് മമത ബാനര്‍ജിക്കും പശ്ചിമബംഗാള്‍ സര്‍ക്കാരിനുമെതിരെ കടുത്ത ആക്രമണം നടത്തിയത്. സംസ്ഥാനത്ത് കടഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കവികൂടിയായ കബീര്‍ സുമന്‍ കവിതയെഴുതി. കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സംസ്ഥാനസര്‍ക്കാരിനാകുന്നില്ലെന്ന് സ്വന്തം പാര്‍ടി എംപിതന്നെ അഭിപ്രായപ്പെട്ടത് മമതയെ ഞെട്ടിച്ചു. പ്രതിപക്ഷം പറയുന്നതിനെ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിച്ചോളൂ, പക്ഷേ "മാ, മാട്ടി, മാനുഷ്" (അമ്മ, മണ്ണ്, മനുഷ്യന്‍) എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരിന് കര്‍ഷകരെ കൈവിടാന്‍ കഴിയുമോയെന്ന് കബീര്‍ സുമന്‍ ചോദിച്ചു. കോള്‍ഡ് സ്റ്റോറേജുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഉരുളക്കിഴങ്ങും വിലയില്ലാത്ത നെല്ലും എന്നാണ് കര്‍ഷകര്‍ക്ക് വിറ്റഴിക്കാന്‍ കഴിയുക? സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലയ്ക്ക് എന്നാണ് മില്ലുകള്‍ നെല്ല് വാങ്ങുന്നതെന്ന് പറയൂ. കൊല്‍ക്കത്തയെ ലണ്ടനാക്കുകയൊന്നും വേണ്ട, കര്‍ഷകരുടെ കണ്ണീര് കണ്ടാല്‍ മതി- കവിതയിലൂടെ കബീര്‍ സുമന്‍ പറഞ്ഞു.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിനുപകരം അത്രയും എംപിമാരുള്ള സഖ്യകക്ഷികളെ കണ്ടെത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് തല്‍ക്കാലം തൃണമൂലിന് കീഴടങ്ങാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാന സര്‍ക്കാരിനും മമത ബാനര്‍ജിക്കുമെതിരെ നടത്തിയ സമരങ്ങള്‍ക്കും പരസ്യവിമര്‍ശങ്ങള്‍ക്കും ഒരുപരിധിവരെ ഹൈക്കമാന്‍ഡിന്റെ പരോക്ഷമായ പിന്തുണയുണ്ടായിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നുവരെ പശ്ചിമബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വളരെ വിലപ്പെട്ട സഖ്യകക്ഷിയാണെന്നാണ് ഇപ്പോള്‍ ഷക്കീല്‍ അഹമ്മദിന്റെ തിരുത്ത്. ഇരുപാര്‍ടികള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പിസിസി പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യയെ 16ന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.
(വി ജയിന്‍)

കൊല്‍ക്കത്ത തെരുവില്‍ പ്രസവിച്ച യുവതി ചോരവാര്‍ന്നു മരിച്ചു

കൊല്‍ക്കത്ത: പേറ്റുനോവുമായി ആശുപത്രികള്‍ കയറിയിറങ്ങിയ യുവതി ചികിത്സ കിട്ടാതെ റോഡരികില്‍ പ്രസവിച്ചു മരിച്ചു. നിരവധി സര്‍ക്കാര്‍ ആശുപത്രികളുള്ള കൊല്‍ക്കത്ത നഗരത്തിലാണ് വ്യാഴാഴ്ച രാത്രി ഉഷാദേവിയെന്ന യുവതിക്കാണ് ദാരുണ അന്ത്യമുണ്ടായത്. പ്രസവവേദനയുമായി വ്യാഴാഴ്ച രാത്രി ഉഷാദേവി ചിത്തരഞ്ജന്‍ സേവാസദന്‍ ആശുപത്രിയിലാണ് ആദ്യം എത്തിയത്. അവിടെ പ്രവേശിപ്പിച്ചില്ല. നഗരത്തിലെ ശംഭുനാഥ് പണ്ഡിറ്റ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവര്‍ നിര്‍ദേശിച്ചു. അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും ചിത്തരഞ്ജന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. ആശുപത്രിക്കു മുന്നിലെ തെരുവില്‍ ഉഷാദേവി പ്രസവിച്ചു. ഇരട്ടപ്രസവത്തില്‍ ആദ്യശിശുവിനെയാണ് റോഡരികില്‍ പ്രസവിച്ചത്. നവജാതശിശുവിനെയുംകൊണ്ട് വീണ്ടും ശംഭുനാഥ് ആശുപത്രിയിലേക്ക് ഓടിയെങ്കിലും പ്രവേശനം നല്‍കിയില്ല. ഇരട്ടകളില്‍ രണ്ടാമത്തെ കുഞ്ഞിനെ ശംഭുനാഥ് ആശുപത്രിക്കു മുന്നിലും പ്രസവിച്ചു. പ്രസവാനന്തരം ലഭിക്കേണ്ട അടിയന്തര പരിചരണം ലഭിക്കാതെ ആശുപത്രിക്കു മുന്നില്‍ ചോരവാര്‍ന്ന് ഉഷ മരിച്ചു. ഇരട്ടശിശുക്കളുടെ ആരോഗ്യനില ഗുരുതരമാണ്.

നഗരത്തിലെ ചേരിപ്രദേശത്ത് താമസിച്ചിരുന്ന സ്ത്രീയാണ് ഉഷാദേവി. നഗരത്തിലെയും ജില്ലാ ആസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ നവജാതശിശുക്കളുടെ മരണം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ നൂറ്റമ്പതിലധികം ശിശുക്കളാണ് സംസ്ഥാനത്തെ ആശുപത്രികളില്‍ മരിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജി ആരോഗ്യവകുപ്പിന്റെ ചുമതല ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര ആവശ്യപ്പെട്ടു. നിരവധി വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായ വിമര്‍ശം ഉയര്‍ന്നിരുന്നു.

deshabhimani 140112

1 comment:

  1. തൃണമൂല്‍ കോണ്‍ഗ്രസിനും പശ്ചിമബംഗാള്‍ സര്‍ക്കാരിനുമെതിരെ നടത്തുന്ന കടുത്ത വിമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. മമതയ്ക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശം ഒഴിവാക്കണമെന്നും ഒത്തുതീര്‍പ്പിനുള്ള മാര്‍ഗം സ്വീകരിക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. എന്നാല്‍ , കര്‍ഷകരുടെ ദുരിതങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വന്തം പാര്‍ടി നേതാവുതന്നെ മമതയ്ക്കെതിരെ രംഗത്തെത്തി.

    ReplyDelete