Thursday, January 19, 2012

അന്വേഷണം രാജ്യസുരക്ഷ ഉറപ്പാക്കാനെന്ന് മുഖ്യമന്ത്രി

പൊലീസ് നിരീക്ഷണത്തിലുള്ള ഒരു വ്യക്തിയുമായി ബന്ധമുള്ളവരുടെ ഇ-മെയില്‍ വിലാസമാണ് പരിശോധിക്കുന്നതെന്നും ഇത് രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇയാളില്‍നിന്ന് കിട്ടിയ 268 ഇ-മെയില്‍ വിലാസങ്ങളുടെ ഉടമകള്‍ ആരെന്നറിയാനാണ് പൊലീസ് കത്തെഴുതിയത്. ഇവര്‍ സിമി ബന്ധമുള്ളവരാണെന്ന കത്തിലെ പരാമര്‍ശം പൊലീസുദ്യോഗസ്ഥനു പറ്റിയ പിഴവാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം കള്ളപ്രചാരണമാണെന്നായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല്‍ , ഇതുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് പുന്നൂസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിരീക്ഷണത്തിലുള്ള വ്യക്തി ആരാണെന്ന് വെളിപ്പെടുത്താനാകില്ല. ആരുടെയും ഇ- മെയില്‍ പരിശോധിക്കുകയോ ചോര്‍ത്തുകയോ ചെയ്തിട്ടില്ല. അന്വേഷണപരിധിയിലുള്ള ഒരാളില്‍നിന്ന് കിട്ടുന്ന വിവരങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാകില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണം തുടരുമോയെന്ന ചോദ്യത്തിന് പരിശോധന സുരക്ഷയ്ക്കുവേണ്ടിയാണെന്നും മാധ്യമങ്ങള്‍ സ്വയംനിയന്ത്രണത്തിന് വിധേയമാകണമെന്നും പ്രതികരിച്ചു. ഇ-മെയില്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമുദായസൗഹാര്‍ദം തകര്‍ക്കാനും സാമുദായികചേരിതിരിവ് ഉണ്ടാക്കാനും ശ്രമിച്ചത് അങ്ങേയറ്റം ഖേദകരമാണ്. പൊലീസ് നല്‍കിയ പട്ടികയില്‍ എല്ലാ സമുദായക്കാരുമുണ്ട്. എന്നാല്‍ , ഒരു സമുദായത്തിനെതിരെ നീക്കം എന്നു പ്രചരിപ്പിച്ചു. 268 പേരുടെ പട്ടികയാണ് പൊലീസ് നല്‍കിയത്. എന്നാല്‍ , 257 പേര് മാത്രമാണ് മാധ്യമം വാരിക പ്രസിദ്ധീകരിച്ചത്. ചില പേരുകള്‍ ഒഴിവാക്കുകയും ചെയ്തു. 12-ാമത് പേര് ഒഴിവാക്കി അവിടെ 158-ാമത് പേരിനൊപ്പമുള്ള ഇ-മെയില്‍ വിലാസം ചേര്‍ത്തു. 26-ാമത്തെ പേര് ഒഴിവാക്കി 157-ാമത്തെയും 48-ാമത് പേരൊഴിവാക്കി 156-ാമത്തെയും ഇ-മെയില്‍ വിലാസമാണ് പ്രസിദ്ധീകരിച്ചത്. പേരുകൊണ്ട് സമുദായം തിരിച്ചറിയാനാകുന്ന പേരുകളും ഒഴിവാക്കി. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് ചോര്‍ത്തുന്നുണ്ടെന്ന പത്രപ്രവര്‍ത്തക യൂണിയന്റെ പരാതി ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അങ്ങനെ നിര്‍ദേശമില്ലെന്നും പരാതി കിട്ടിയാല്‍ ഗൗരവമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, വിവാദ പട്ടികയില്‍ അബ്ദുള്‍ സമദ് സമദാനി എംഎല്‍എയുടെ പേരുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. അങ്ങനെയൊരു പേരോ ഇമെയില്‍ ഐഡിയോ പട്ടികയിലില്ലെന്ന് ഡിജിപി വ്യക്തമാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്ര ഗൗരവം ഈ വിഷയത്തിനില്ലെന്ന് കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന് ഒട്ടേറെ സംശയങ്ങളുണ്ടെന്നും പുത്തനത്താണിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

deshabhimani 190112

3 comments:

  1. പൊലീസ് നിരീക്ഷണത്തിലുള്ള ഒരു വ്യക്തിയുമായി ബന്ധമുള്ളവരുടെ ഇ-മെയില്‍ വിലാസമാണ് പരിശോധിക്കുന്നതെന്നും ഇത് രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇയാളില്‍നിന്ന് കിട്ടിയ 268 ഇ-മെയില്‍ വിലാസങ്ങളുടെ ഉടമകള്‍ ആരെന്നറിയാനാണ് പൊലീസ് കത്തെഴുതിയത്. ഇവര്‍ സിമി ബന്ധമുള്ളവരാണെന്ന കത്തിലെ പരാമര്‍ശം പൊലീസുദ്യോഗസ്ഥനു പറ്റിയ പിഴവാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം കള്ളപ്രചാരണമാണെന്നായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല്‍ , ഇതുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് പുന്നൂസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ReplyDelete
  2. ഇ-മെയില്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം വാരികക്കെതിരെ കേസെടുക്കാന്‍ മന്ത്രിസഭ തീരുമാനം. സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കും വിധം പ്രചാരണം നടത്തിയെന്നാരോപിച്ചാണിത്. അനന്തരനടപടികള്‍ക്ക്് ഡിജിപിയെ ചുമതലപ്പെടുത്തി. മാധ്യമത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് മന്ത്രിസഭായോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ , നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കവെ മുഖ്യമന്ത്രി വിസമ്മതിച്ചിരുന്നു.

    ReplyDelete
  3. മുസ്ലിം നാമധാരികളുടെ ഇ മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ മാപ്പുപറയേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിമി ബന്ധമുള്ളവരുടേതെന്നു സംശയിച്ച് ഇ മെയില്‍ ചോര്‍ത്തിയവരുടെ കൂട്ടത്തില്‍ അബ്ദുള്‍സമദ് സമദാനി എംഎല്‍എയുമുണ്ടെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് ഉള്ളത്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വി എസ് മറുപടി നല്‍കി. സിമി ബന്ധമുള്ള ആളുടെ ലിസ്റ്റിലുള്ള 268 പേരുടെ ഇ മെയിലാണ് പരിശോധിച്ചത്. ഇതിലാണ് സമദാനിയുടെ പേരുമുള്ളത്. സമദാനി തീവ്രവാദി ബന്ധമുള്ള ആളാണെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ തീവ്രവാദി ബന്ധമുള്ള ആള്‍ എംഎല്‍എ ആയി തുടരാമോ? ടോമിന്‍ തച്ചങ്കരിയെ സംബന്ധിച്ച് ഗുരുതരമായ ആക്ഷേപങ്ങളാണ് ഉള്ളത്. ഇയാള്‍ക്ക് തീവ്രവാദി ബന്ധമുണ്ടെന്ന ആരോപണം വന്ന സമയത്തുതന്നെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ അത് കണക്കിലെടുത്തില്ല. തനിക്കെതിരെയുള്ള വിജിലന്‍സ് കേസിന്റെ പശ്ചാത്തലത്തില്‍ രാജി സമര്‍പ്പിക്കണോ എന്ന കാര്യം പാര്‍ടി തീരുമാനിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

    ReplyDelete