Saturday, January 14, 2012

തെരഞ്ഞെടുപ്പ് കമീഷനുമേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടെന്ന് ഖുര്‍ഷിദ്

തെരഞ്ഞെടുപ്പ് കമീഷന് മേല്‍ സര്‍ക്കാരിന് ഭരണപരമായ നിയന്ത്രണമുണ്ടെന്ന നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന വിവാദമാകുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് നിയമമന്ത്രിയുടെ പരാമര്‍ശമെന്ന് വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒമ്പതുശതമാനം സംവരണം അനുവദിക്കുമെന്ന ഖുര്‍ഷിദിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രസ്താവന പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതി ലഭിച്ചതോടെ തെരഞ്ഞെടുപ്പ് കമീഷന്‍ ഖുര്‍ഷിദിന് നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് കീഴിലാണെന്നും ഭരണപരമായ നിയന്ത്രണമുണ്ടെന്നും ഖുര്‍ഷിദ് പ്രസ്താവിച്ചത്. ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖുര്‍ഷിദിന്റെ പരാമര്‍ശം. തെരഞ്ഞെടുപ്പ് കമീഷണര്‍മാര്‍ അവധിയാത്രകള്‍ക്കും മറ്റും പോകുമ്പോള്‍ നിര്‍ണായക രേഖകളില്‍ ഒപ്പുവച്ച് വേണ്ട അംഗീകാരം നല്‍കേണ്ടത് നിയമമന്ത്രാലയമാണെന്നും ഖുര്‍ഷിദ് പറഞ്ഞിരുന്നു. പ്രതിഷേധമുയര്‍ന്നെങ്കിലും തന്റെ മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ് ഖുര്‍ഷിദ്. താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അതുകൊണ്ട് ദുഃഖമൊന്നുമില്ലെന്നും ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി തെരഞ്ഞെടുപ്പ് കമീഷന് മറുപടി നല്‍കുകയുംചെയ്തു.

deshabhimani 140112

1 comment:

  1. തെരഞ്ഞെടുപ്പ് കമീഷന് മേല്‍ സര്‍ക്കാരിന് ഭരണപരമായ നിയന്ത്രണമുണ്ടെന്ന നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന വിവാദമാകുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് നിയമമന്ത്രിയുടെ പരാമര്‍ശമെന്ന് വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു.

    ReplyDelete