Saturday, January 14, 2012

അമേരിക്ക തൊഴില്‍നഷ്ട ഭീതിയില്‍ : യുഎസ് ജനപ്രതിനിധി

അമേരിക്കയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണെന്ന് റോക്ലാന്‍ഡ് കൗണ്ടി ലജിസ്ലേറ്റര്‍ ആനി പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ തൊഴില്‍മേഖലയിലും ജീവനക്കാരെ കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനകം നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സമൂഹത്തില്‍ ഒരുശതമാനംമാത്രമുള്ള സമ്പന്നര്‍ക്ക് അനുകൂലമായ നയം സ്വീകരിക്കുന്ന സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളോട് മലയാളികള്‍ പൊതുവെ അനുകൂലമാണ്. എന്നാല്‍ , പരസ്യമായി രംഗത്തുവരാന്‍ മടിക്കുന്നു. വിദേശരാജ്യത്തുനിന്നുള്ള നേഴ്സുമാര്‍ക്ക് അമേരിക്കയില്‍ അവസരങ്ങള്‍ കുറയുകയാണ്. അവിടെ കൂടുതല്‍പേര്‍ നേഴ്സിങ് വിദ്യാഭ്യാസം നേടുന്നതും ജീവനക്കാരെ കുറയ്ക്കാന്‍ ശ്രമിക്കുന്നതുമാണു കാരണം. അമേരിക്കയിലെ പമോണ നേഴ്സിങ്ഹോം അടച്ചുപൂട്ടുമെന്ന ഘട്ടം വന്നപ്പോള്‍ ഒട്ടേറെ മലയാളികള്‍ വിഷമത്തിലായിരുന്നു. നേഴ്സിങ്ഹോമില്‍ ജോലിചെയ്യുന്നവരില്‍ 75 ശതമാനത്തോളം മലയാളികളാണെന്ന് ആനി പോള്‍ പറഞ്ഞു.

മൂവാറ്റുപുഴ സ്വദേശിനിയായ ആനി നേഴ്സിങ് പഠനത്തിനു ശേഷം 1982ലാണ് അമേരിക്കയില്‍ എത്തുന്നത്. അഞ്ചുവര്‍ഷം അവിടെ ലിങ്കണ്‍ ഹോസ്പിറ്റലില്‍ ജോലിചെയ്തു. പിന്നീട് റോക്ലാന്‍ഡ് കൗണ്ടിയില്‍ എത്തി. അമേരിക്കയിലെ നിരവധി സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ടിയുടെ പ്രതിനിധിയായി റോക്ലാന്‍ഡിലെ പ്രാദേശിക സര്‍ക്കാരായ കൗണ്ടി ലജിസ്ലേറ്ററിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ ലജിസ്ലേറ്ററാകുന്ന ആദ്യ മലയാളിവനിതയാണിവര്‍ . രാമപുരം സ്വദേശിയായ അഗസ്റ്റിന്‍ പോളാണ് ഭര്‍ത്താവ്. ഡോ. മരിയ, ഷബാന, നടാഷ എന്നിവര്‍ മക്കള്‍

അമേരിക്കയില്‍ ബഹുജനറാലി, മനുഷ്യച്ചങ്ങല

വാഷിങ്ടണ്‍ : അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നീചവും മനുഷ്യത്വരഹിതവുമായ ഇടപെടലിന് ഉത്തമ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിലുള്ള ഗ്വാണ്ടനാമോ തടവറയില്‍ ആദ്യ തടവുകാരെ പാര്‍പ്പിച്ചിട്ട് പത്തുവര്‍ഷം പൂര്‍ത്തിയായി. തടവറ പൂട്ടണമെന്നാവശ്യപ്പെട്ട് വാര്‍ഷികദിനത്തില്‍ അമേരിക്കന്‍ തലസ്ഥാനത്ത് ബഹുജനറാലികളും മനുഷ്യച്ചങ്ങലയുമടക്കം പ്രതിഷേധമിരമ്പി. ഭരണ സിരാകേന്ദ്രമായ വാഷിങ്ടണ്‍ ഡിസിയിലേക്കും യുഎസ് കോണ്‍ഗ്രസ് മന്ദിരമായ ക്യാപിറ്റോളിലേക്കും വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനു പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തി. ഗ്വാണ്ടനാമോയിലെ തടവുകാരുടെ വേഷമണിഞ്ഞും കറുത്ത ഉറകൊണ്ട് തല മുടിയുമാണ് സമരക്കാര്‍ മാര്‍ച്ച് നടത്തിയത്.

കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയില്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറുകയും പിന്നീട് വാക്കുപാലിക്കാതിരിക്കുകയുംചെയ്ത പ്രസിഡന്റ് ബറാക് ഒബാമയുടെ നിലപാടിനെ സമരക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയെ ലോകത്തിനുമുന്നില്‍ തലതാഴ്ത്താന്‍ ഗ്വാണ്ടനാമോ ഇടയാക്കിയെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയുള്ള മാര്‍ച്ച് സുപ്രീംകോടതിക്കുമുന്നിലാണ് സമാപിച്ചത്. എഴുത്തുകാര്‍ , കലാകാരന്മാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ സമരത്തില്‍ അണിനിരന്നു. ഗ്വാണ്ടനാമോയില്‍ നിലവില്‍ 171 തടവുകാര്‍ മോചനം കാത്തു കഴിയുന്നു. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഇവര്‍ മൂന്നുദിവസം ജയിലില്‍ ഉപവാസം സംഘടിപ്പിച്ചുവെന്നും ജയില്‍ മുറിയിലേക്ക് പോകാതെ പ്രതിഷേധിച്ചുവെന്നും ഗ്വാണ്ടനാമോ തടവുകാരുടെ അഭിഭാഷകനായ റംസി കാസീം പറഞ്ഞു.

deshabhimani 140112

1 comment:

  1. അമേരിക്കയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണെന്ന് റോക്ലാന്‍ഡ് കൗണ്ടി ലജിസ്ലേറ്റര്‍ ആനി പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ തൊഴില്‍മേഖലയിലും ജീവനക്കാരെ കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനകം നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സമൂഹത്തില്‍ ഒരുശതമാനംമാത്രമുള്ള സമ്പന്നര്‍ക്ക് അനുകൂലമായ നയം സ്വീകരിക്കുന്ന സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളോട് മലയാളികള്‍ പൊതുവെ അനുകൂലമാണ്. എന്നാല്‍ , പരസ്യമായി രംഗത്തുവരാന്‍ മടിക്കുന്നു.

    ReplyDelete