പാര്‍ടിയുടെ സ്ഥാപകനേതാക്കളിലൊരാളും രണ്ടരപ്പതിറ്റാണ്ടുകാലം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ടി രൂപീകരണകാലംമുതല്‍ 45 വര്‍ഷക്കാലം പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്നു ജ്യോതിബസു. വിശേഷണങ്ങള്‍ക്കൊതുങ്ങാത്ത ജ്യോതിബസു അന്തരിച്ചപ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ സമരഭരിതമായ ഒരധ്യായമാണ്. പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ എം കെ പന്ഥെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സിഐടിയുവിനെ വര്‍ഗബോധമുള്ള തൊഴിലാളിപ്രസ്ഥാനത്തിന്റെ മുന്നണിസംഘടനയായി ഉയര്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. മുന്‍ പിബി അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന പി രാമചന്ദ്രന്‍ ചെറുപ്പംമുതല്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ പോരാട്ടസമരങ്ങളിലൂടെ ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച ഉജ്വല വിപ്ലവകാരിയായിരുന്നു. മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപകനേതാക്കളില്‍ ഒരാളും ഐതിഹാസികസമരങ്ങളിലെ ധീരനായികയുമായിരുന്ന അഹല്യ രങ്കനേക്കര്‍ . കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്ന പാപ്പാ ഉമാനാഥ്. ഇവരുടെ നിര്യാണത്തില്‍ സംസ്ഥാന സമ്മേളനം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ഏറനാട്ടിലും വള്ളുവനാട്ടിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഒളിവിലും തെളിവിലും ജയിലിലും പുറത്തും പ്രവര്‍ത്തിച്ച സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സെയ്താലിക്കുട്ടി, സംസ്ഥാനകമ്മിറ്റി അംഗവും കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനുമായിരുന്ന സി പി ബാലന്‍വൈദ്യര്‍ , സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി വാരികയുടെ പത്രാധിപരുമായിരുന്ന ഐ വി ദാസ്, സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ആര്‍ പരമേശ്വരന്‍പിള്ള എന്നിവരും ഈ കാലയളവില്‍ പ്രസ്ഥാനത്തെ വിട്ടുപിരിഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കാസര്‍കോട് എംപിയുമായിരുന്ന ടി ഗോവിന്ദന്‍ , മുന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന കെ പത്മനാഭന്‍ , സി കൃഷ്ണന്‍നായര്‍ , എം രാമണ്ണറേ, എം സത്യനേശന്‍ , പേരൂര്‍ക്കട സദാശിവന്‍ , വെണ്‍പാല രാമചന്ദ്രന്‍ എന്നിവരുടെ നിര്യാണത്തില്‍ സംസ്ഥാന സമ്മേളനം ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
എസ്എഫ്ഐയുടെ പ്രഥമ പ്രസിഡന്റും എഴുത്തുകാരനും ചിന്ത വാരിക മുന്‍ പത്രാധിപസമിതി അംഗവും ചിന്ത പബ്ലിഷേഴ്സിന്റെ എഡിറ്ററുമായിരുന്ന സി ഭാസ്കരന്‍ , ഡോ. സുകുമാര്‍ അഴീക്കോട്, വി പി സിങ്, കെ കരുണാകരന്‍ , കേരള ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ്, കടമ്മനിട്ട രാമകൃഷ്ണന്‍ , നടന്‍ മുരളി, വേണു നാഗവള്ളി, മുന്‍ ഉപരാഷ്ട്രപതി ഭൈറോണ്‍സിങ് ഷെഖാവത്ത്, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍ , സംസ്ഥാന ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ടി എം ജേക്കബ് എന്നിവരുടെ നിര്യാണത്തില്‍ സംസ്ഥാനസമ്മേളനം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സമ്മേളന കാലയളവില്‍ വിട്ടുപിരിഞ്ഞ എല്ലാ പാര്‍ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും വര്‍ഗ ബഹുജന സംഘടനകളുടെ നേതാക്കള്‍ , പ്രവര്‍ത്തകര്‍ , സാമൂഹ്യ- സാംസ്കാരിക- കലാ രംഗത്തെ പ്രവര്‍ത്തകര്‍ , യുദ്ധങ്ങളിലും വര്‍ഗീയകലാപങ്ങളിലും പ്രകൃതിദുരന്തങ്ങളിലും അപകടങ്ങളിലും പെട്ട് വധിക്കപ്പെടുകയും ജീവന്‍ നഷ്ടമാവുകയും ചെയ്ത അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാവര്‍ക്കും സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു.
"നില്‍ക്കൂ ചരിത്രമേ... ഈ വര്‍ത്തമാനം സ്വീകരിക്കൂ"
നില്‍ക്കൂ ചരിത്രമേ നില്‍ക്കൂ... ഈ വര്‍ത്തമാനം സ്വീകരിക്കൂ... ചരിത്രത്തിന്റെ ഭാഗമാകുന്ന സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന തലസ്ഥാനജില്ല പ്രതിനിധികളെ സമ്മേളനവേദിയിലേക്ക് ആനയിച്ചത് ആവേശം വിതറുന്ന ഈ സ്വാഗതഗാനത്തോടെയായിരുന്നു. ചരിത്രത്തിന്റെ കനല്‍വഴികളില്‍ വീണുചിതറിയ ചോരയും&ാറമവെ;കണ്ണീരും വിയര്‍പ്പും ചുവയ്ക്കുന്ന ഉശിരന്‍ വിപ്ലവഗാനങ്ങളാണ് പിന്നീടും സമ്മേളനവേദിയില്‍ മുഴങ്ങിയത്. ഏഴാച്ചേരി രാമചന്ദ്രനും പിരപ്പന്‍കോട് മുരളിയും രചിച്ച ഗാനങ്ങള്‍ കല്ലറ ഗോപനാണ് ചിട്ടപ്പെടുത്തിയത്. ഗോപനും പ്രീതയും നേതൃത്വം നല്‍കിയ ഗായകസംഘത്തിന്റെ ആലാപനവും ഹൃദ്യമായി.
"ഒരുകോടി ചോരച്ച നേരിന്റെ നെഞ്ചില്‍ . ഒരരിവാള്‍ തിളങ്ങുന്നു മേലേ. ഉലയൂതിയൂതി പെരുങ്കൊല്ലനാലയില്‍ ചുട്ടുതല്ലുന്നൂ വെളിച്ചം..." എന്നിങ്ങനെ ഏഴാച്ചേരിയുടെ വരികളും, മാര്‍ക്സാണ് ശരി... എന്ന പിരപ്പന്‍കോട് മുരളിയുടെ രചനയും സുധ, സരിത, രമ്യ, സംഗീത, പ്രിയ, മഞ്ജു, വീണ, ചാക്കോ, അനില്‍ , ഷിബി ബാലകൃഷ്ണന്‍ , ഖാലിദ്, അനില്‍ ബാലരാമപുരം, വിനോദ്, മോഹന്‍ എന്നിവരും ചേര്‍ന്നാണ് പാടിയത്. ജോയി നേതൃത്വം നല്‍കിയ പിന്നണിയില്‍ വിനയന്‍ , റെന്നി, സുനില്‍ , ജോയി, സജി, മുരുകന്‍ , അജിത് എന്നിവരും പങ്കാളികളായി.
ചങ്ങമ്പുഴയ്ക്ക് സ്മരണാഞ്ജലി; കളിത്തോഴി അരങ്ങില്‍
മലയാളത്തിന് കല്‍പ്പനാമധുരമായ കവിതകള്‍ സമ്മാനിച്ച കവി ചങ്ങമ്പുഴയുടെ ഏക നോവലായ "കളിത്തോഴി"യുടെ നാടകാവിഷ്കാരം പ്രിയകവിക്കുള്ള സ്മരണാഞ്ജലിയായി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിജെടി ഹാളിലാണ് ചങ്ങമ്പുഴയുടെ ആത്മകഥാപരമായ നോവലിന്റെ നാടകാവിഷ്കാരം തിരുവനന്തപുരം ജനസംസ്കൃതി വീണ്ടും അരങ്ങിലെത്തിച്ചത്. രമണന് രണ്ട് വര്‍ഷംമുമ്പ് 1938ല്‍ പിറന്ന കളിത്തോഴിയിലെ നായിക അമ്മിണി തന്റെ ബാല്യസഖി കൊച്ചമ്മുവാണെന്ന് ചങ്ങമ്പുഴതന്നെ പറഞ്ഞിട്ടുണ്ട്. ആത്മകഥയായ "തുടിക്കുന്ന താളി"ലും "പ്രതിജ്ഞ" എന്ന കവിതയിലും കൊച്ചമ്മു കടന്നുവരുന്നുണ്ട്. നായകനായ രവിയുടെയും അമ്മിണിയുടെയും കൗമാരപ്രണയവും അതിനോടുള്ള എതിര്‍പ്പുമാണ് നാടകത്തില്‍ നിറയുന്നത്. ജന്മശതാബ്ദിയില്‍ ചങ്ങമ്പുഴയ്ക്കുള്ള സ്മരണാഞ്ജലിയാണ് ഈ നാടകമെന്ന് രചനയും സംവിധാനവും നിര്‍വഹിച്ച പിരപ്പന്‍കോട് മുരളി പറഞ്ഞു.
കഥാപ്രസംഗത്തിനിന്നും ചെറുപ്പം: ആവേശം ചോരാതെ ഇവരും
കഥാപ്രസംഗത്തോട് കുട്ടിക്കാലത്ത് തോന്നിയ അതേ കമ്പമാണ് ഈ വീട്ടമ്മയ്ക്കിന്നും. അമ്പലപ്പറമ്പുകളില്‍ അച്ഛന്റെ കൈപിടിച്ച് നടന്ന അതേ ആവേശത്തിലാണ് കഥാപ്രസംഗം കേള്‍ക്കാന്‍ രേണുക ഇന്നുമെത്തുന്നത്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന കഥാപ്രസംഗസദസ്സില്‍ ഈ അമ്പതുകാരിയുടെ സാന്നിധ്യം എന്നുമുണ്ട്. സിപിഐ എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് 11ദിവസം കഥാപ്രസംഗം കേള്‍ക്കാന്‍ ലഭിച്ച അവസരത്തിന് നന്ദി പറയുകയാണിവര്‍ . ശ്രീവരാഹം വടക്കേമാമ്പഴവീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യയാണ് രേണുക. കഥാപ്രസംഗത്തിലെ കമ്പം തിരിച്ചറിഞ്ഞ ഗോപാലകൃഷ്ണനും രണ്ടു മക്കളും എല്ലാ പിന്തുണയും നല്‍കുന്നു.
ഒരുപാട് ആളുകള്‍ ഈ കലയെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നുംഅതിന്റെ തെളിവാണ് ഇവിടെ കൂടുന്ന ജനമെന്നും രേണുക പറയുന്നു. ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന കഥാപ്രസംഗത്തിന് എന്നും മുന്‍നിരയില്‍ത്തന്നെ നാലാഞ്ചിറ സ്വദേശി സേനന്‍ ഉണ്ട്. നാല് പതിറ്റാണ്ടായി സമീപപ്രദേശങ്ങളിലെ കഥാപ്രസംഗസദസ്സിലെ പതിവുകാഴ്ചയാണിത്. തേവര്‍തോട്ടം സുകുമാരന്റെ "വേഗത പോരാ പോരാ" എന്ന കഥാപ്രസംഗമാണ് ആദ്യമായി കേട്ടത്. പിന്നീടിങ്ങോട്ട് കഥാപ്രസംഗം എവിടെ ഉണ്ടായാലും എങ്ങനെയെങ്കിലും സമയം ഉണ്ടാക്കി കേള്‍ക്കും. സാംബശിവന്റെ ആയിഷ, ഇരുപതാംനൂറ്റാണ്ട് എന്നിവ നിരവധി തവണ കേട്ടിട്ടുണ്ട്. കൊല്ലം ബാബുവിന്റെ കാക്കവിളക്കും ഏറെ ഇഷ്ടപ്പെട്ട കഥാപ്രസംഗമാണ്. നഗരത്തിലെ പ്രമുഖ ട്രാവല്‍സിലെ ഡ്രൈവറായ സേനന് ബുധനാഴ്ച തൃശൂരിലേക്ക് പോകേണ്ടതിനാല്‍ വസന്തകുമാര്‍ സാംബശിവന്റെ "മേരി ക്യൂറി" കേള്‍ക്കാനാകില്ലെന്ന സങ്കടത്തിലാണ്. ചൊവ്വാഴ്ച വി ഹര്‍ഷകുമാറിന്റെ "കാട്ടുകടന്നല്‍" ആണ് അവതരിപ്പിച്ചത്. കഥാപ്രസംഗം വ്യാഴാഴ്ച സമാപിക്കും. ചിറക്കര സലീംകുമാറിന്റെ "കയ്യൂര്‍ ചുവന്നപ്പോള്‍" ആണ് വ്യാഴാഴ്ച അവതരിപ്പിക്കുന്നത്.
(സുപ്രിയ സുധാകര്‍)
deshabhimani 080212
കമ്യൂണിസ്റ്റ്- തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനായുള്ള പോരാട്ടവീഥിയില്‍ മുന്നില്‍നിന്ന് നയിച്ച നേതാക്കള്‍ക്ക് സംസ്ഥാന സമ്മേളനത്തിന്റെ ആദരാഞ്ജലി. ഹര്‍കിഷന്‍സിങ് സുര്‍ജിത്, ജ്യോതിബസു, എം കെ പന്ഥെ, ഇ ബാലാനന്ദന്‍ തുടങ്ങിയ ജനനായകരുടെ വേര്‍പാടിന്റെ വേദനിപ്പിക്കുന്ന ഓര്‍മകള്‍ സ. ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ നിറഞ്ഞുനിന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി അനുശോചനപ്രമേയം അവതരിപ്പിച്ചു. ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിക്കുന്ന ജനങ്ങള്‍ക്കായി പോരാടിയ ഉജ്വലവിപ്ലവകാരിയായിരുന്നു സുര്‍ജിത്തെന്ന് അനുശോചനപ്രമേയത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്.
ReplyDelete