Sunday, February 19, 2012

ഭീകരവിരുദ്ധ കേന്ദ്രം: ത്രിപുരയും എതിര്‍പ്പ് അറിയിച്ചു

സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍സിടിസി) സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് എതിര്‍പ്പ് രൂക്ഷമായി. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും എന്‍സിടിസി സ്ഥാപിക്കുന്നതിനോട് എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. നിലവില്‍ പത്ത് പ്രതിപക്ഷ മുഖ്യമന്ത്രിമാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

ഇന്റലിജന്‍സ് ബ്യൂറോയുടെ ഭാഗമായി എന്‍സിടിസി സ്ഥാപിച്ചതായി അറിയിച്ച് മൂന്നിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. ക്രമസമാധാനവും പൊലീസും സംസ്ഥാന വിഷയമായിരിക്കെ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കാതെയുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നത്. ഫെഡറല്‍ ഘടനയെന്നത് ഭരണഘടനയുടെ അടിത്തറയാണെന്നും ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെന്നും മന്‍മോഹന്‍സിങ്ങിന് അയച്ച കത്തില്‍ മണിക് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. യുപിഎ ഘടകക്ഷിയായ തൃണമൂലും കേന്ദ്രനീക്കത്തോട് വിയോജിച്ചിട്ടുണ്ട്. ത്രിപുരയ്ക്കും ബംഗാളിനും പുറമെ ബിജെപി ഭരണസംസ്ഥാനങ്ങളും അകാലിദള്‍ ഭരിക്കുന്ന പഞ്ചാബുമാണ് കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചത്. എന്‍സിടിസി തീരുമാനം ഭരണതലത്തിലുള്ള ഒരു നടപടി മാത്രമാണെന്ന് വാര്‍ത്താവിതരണ- പ്രക്ഷേപണമന്ത്രി അംബികാ സോണി പറഞ്ഞു. എന്‍സിടിസി ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനും അറസ്റ്റ് രേഖപ്പെടുത്താനും അന്തര്‍സംസ്ഥാന രഹസ്യാന്വേഷണ സംഘങ്ങളെ നിയമിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.

deshabhimani 190212

No comments:

Post a Comment