Saturday, February 18, 2012

പിറവം: കാത്തിരുന്ന തീയതിയില്‍ കല്ലുകടി

കേരളം കാത്തിരുന്ന പിറവം ഉപതെരഞ്ഞെടുപ്പിന് പ്രഖ്യാപിച്ച തീയതി അസൗകര്യമെന്ന് പരാതി. മാര്‍ച്ച് 18ന് ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ക്രൈസ്തവപുരോഹിതര്‍തന്നെ ഞായറാഴ്ചത്തെ വോട്ടെടുപ്പിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. മാര്‍ച്ച് 12 മുതല്‍ 24 വരെ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ മൂര്‍ധന്യത്തിലുമാണ് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികളും മറ്റും വിദ്യാര്‍ത്ഥികളെയും ബാധിക്കും. ചുരുക്കത്തില്‍ കാത്തിരുന്ന തീയതി ജനങ്ങള്‍ക്ക് കല്ലുകടിയായി.

2011 ഒക്ടോബര്‍ 30ന് മന്ത്രിയായിരുന്ന ടി എം ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. സഹതാപതരംഗം ലക്ഷ്യമിട്ട് ഡിസംബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പു നടത്താന്‍ യുഡിഎഫ് തയ്യാറായി. ജേക്കബിന്റെ സംസ്കാരദിവസംതന്നെ മകനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുംചെയ്തു. സ്ഥാനാര്‍ഥിയാകാന്‍ ഏറെ ആഗ്രഹിച്ച പാര്‍ടി പ്രസിഡന്റ് ജോണി നെല്ലൂരിനെ പിന്‍മാറ്റിയതുപോലും ഈ സഹതാപ "സാധ്യത" മുന്നില്‍ക്കണ്ടായിരുന്നു. എന്നാല്‍ , വിചാരിച്ചപോലെ സഹതാപതരംഗം പ്രത്യക്ഷമായില്ല. മുല്ലപ്പെരിയാര്‍ പ്രശ്നംപോലുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പെട്ടെന്ന് ഉപതെരഞ്ഞെടുപ്പ് എന്ന ധാരണയില്‍നിന്ന് യുഡിഎഫ് വലിഞ്ഞത്്. ഏതായാലും യുഡിഎഫിന്റെ സൗകര്യംനോക്കി നിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പുതീയതി എല്ലാംകൊണ്ടും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി.

വോട്ടെടുപ്പ് നീണ്ടുപോയതോടെ അല്‍പ്പമൊന്ന് തണുത്തുപോയ പരസ്യപ്രചാരണം പെട്ടന്ന് ആളിപ്പടരുന്ന പ്രതീതിയാണ് മണ്ഡലത്തിലെങ്ങും. എല്‍ഡിഎഫ് സര്‍വസജ്ജമാണ്. ബൂത്ത് സെക്രട്ടറിമാര്‍ ചുമതലയേറ്റ് വെള്ളിയാഴ്ചമുതല്‍ പ്രവര്‍ത്തനം സജീവമായെന്ന് തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി പി എസ് മോഹനന്‍ "ദേശാഭിമാനി"യോടു പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് രണ്ടുമാസത്തിലേറെയായി നിരന്തര പ്രവര്‍ത്തനത്തിലാണ്. അദ്ദേഹം മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതീതി. യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബും ഭവനസന്ദര്‍ശനത്തിലാണ്. പിറവം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളിലൂടെ ഉരുത്തിരിഞ്ഞ വ്യക്തിത്വമാണ് എം ജെ ജേക്കബിന്റേത്. ഈ അംഗീകാരം മണ്ഡലത്തിലാകെയുണ്ട്. അതിന്റെ തെളിവാണ് ടി എം ജേക്കബ് തിളങ്ങിനിന്ന ഘട്ടത്തില്‍ അയ്യായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് 2006ല്‍ വിജയിക്കാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 157 വോട്ടുകള്‍ക്ക് തെന്നിപ്പോയി എന്നുമാത്രം.
(പി ജയനാഥ്)

deshabhimani 180212

1 comment:

  1. കേരളം കാത്തിരുന്ന പിറവം ഉപതെരഞ്ഞെടുപ്പിന് പ്രഖ്യാപിച്ച തീയതി അസൗകര്യമെന്ന് പരാതി. മാര്‍ച്ച് 18ന് ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ക്രൈസ്തവപുരോഹിതര്‍തന്നെ ഞായറാഴ്ചത്തെ വോട്ടെടുപ്പിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. മാര്‍ച്ച് 12 മുതല്‍ 24 വരെ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ മൂര്‍ധന്യത്തിലുമാണ് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികളും മറ്റും വിദ്യാര്‍ത്ഥികളെയും ബാധിക്കും. ചുരുക്കത്തില്‍ കാത്തിരുന്ന തീയതി ജനങ്ങള്‍ക്ക് കല്ലുകടിയായി.

    ReplyDelete