Saturday, February 18, 2012

ഈ കാപട്യം ജനം തിരിച്ചറിയും

ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെട്ട് നീതിനടത്തിപ്പിന്റെ വഴി തങ്ങളെ കുറ്റവിമുക്തമാക്കുന്ന ദിശയിലേക്കാക്കാന്‍ , യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നികൃഷ്ടമായ ശ്രമങ്ങളുടെ പരമ്പരയിലെ പുതിയ കണ്ണിയാണ് പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് രാജിവയ്ക്കേണ്ട സാഹചര്യമൊരുക്കിയ ഭരണനടപടി. യുഡിഎഫ് ഭരണമേറ്റെടുത്തതുമുതല്‍ പാമൊലിന്‍ കേസ് ഇല്ലാതാക്കാന്‍ തീവ്രശ്രമമാണ് നടത്തിവരുന്നത്. ഒരുവശത്ത് തങ്ങളുടെ കീഴിലുള്ള വിജിലന്‍സിനെക്കൊണ്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ കുറ്റക്കാരല്ലാത്തവരെന്ന് സ്ഥാപിക്കുക. മറുവശത്ത് ജഡ്ജിയെവരെ ആക്ഷേപിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് വിടുവിക്കുക. ഇനിയുമൊരു വശത്ത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് അത്യാവശ്യ ഫയലുകള്‍ നിഷേധിച്ച് പ്രോസിക്യൂഷന്‍ നടപടികളെ നിരായുധമാക്കിയെടുക്കുക. ഇങ്ങനെ പലപല തന്ത്രങ്ങള്‍ . സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിശ്ശബ്ദനാക്കി വിജിലന്‍സ് ഡയറക്ടറെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതിച്ചുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുക എന്നതാണ് തന്ത്രം. ഇതിനായി മുഖ്യമന്ത്രി അദ്ദേഹത്തിന് വേണ്ടപ്പെട്ടയാളെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമ്പോള്‍ , അദ്ദേഹത്തിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആ മുഖ്യമന്ത്രിസ്ഥാനത്തിനു കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് കൊടുക്കുമെന്ന് ഇന്നത്തെ ഭരണരീതിയുടെയും ഭരണരാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍ തലയ്ക്ക് വെളിവുള്ള ആരും കരുതുമെന്നുതോന്നുന്നില്ല. പാമൊലിന്‍ ഇറക്കുമതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചതാണ് വിജിലന്‍സ് വിഭാഗം. കോടതിയാകട്ടെ, അതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ , അതേ വിജിലന്‍സും അതേ എസ്പിയും കോടതിയില്‍ മലക്കംമറിഞ്ഞു. കൂടുതല്‍ പ്രതികളില്ല എന്നായി അവരുടെ പുതിയ റിപ്പോര്‍ട്ട്. കോടതിക്കുതന്നെ ഈ മലക്കംമറിച്ചിലില്‍ അസന്തുഷ്ടിയുണ്ടായതുകൊണ്ടാണ് വീണ്ടും വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്നത് വ്യക്തം.

വിജിലന്‍സ് ശ്രമം വിജയിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് അതിന് സാഹചര്യമൊരുക്കാത്ത ജഡ്ജിക്കെതിരെ ആക്ഷേപവുമായി തിരിഞ്ഞത്. തങ്ങള്‍ക്കിഷ്ടമുള്ള ഉത്തരവുനല്‍കുന്നില്ലെങ്കില്‍ ജഡ്ജിമാരെ വച്ചേക്കില്ല എന്ന പരസ്യസന്ദേശം നല്‍കലായിരുന്നു അത്; ബഹുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തലായിരുന്നു അത്. ആ പ്രത്യേക ജഡ്ജിക്കെതിരെയെന്ന നിലയിലല്ല, ജഡ്ജിമാര്‍ക്കാകെ എതിരെയുള്ള ഭീഷണിയായിവേണം അതിനെ കാണാന്‍ . ജുഡീഷ്യറിയുടെ പരിപാവനതയെക്കുറിച്ചും കേസ് കേസിന്റെ വഴിക്ക് ന്യായയുക്തമായി പോകേണ്ടതിന്റെ ധാര്‍മികതയെക്കുറിച്ചും ഒക്കെ നിരന്തരം കണ്ഠവിക്ഷോഭം നടത്തിപ്പോന്നിട്ടുള്ള ഉമ്മന്‍ചാണ്ടിയുടെ കൂട്ടരാണ് ഇത് ചെയ്തതെന്നത് അവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരത്തെ ബഹുജനമധ്യത്തില്‍ മറനീക്കിക്കാട്ടുന്നുണ്ട്.

2005ല്‍ മുഖ്യമന്ത്രിയായിരിക്കെ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കിയതും തുടരന്വേഷണം ദുര്‍ബലമാക്കാന്‍ ഇടപെട്ടതും വിജിലന്‍സ് ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പരസ്യ ആക്ഷേപം നടത്തിയതുമെല്ലാം ഉമ്മന്‍ചാണ്ടിയുടെ മൗനാനുവാദത്തോടെയായിരുന്നുവെന്ന് കാണാന്‍ വിഷമമില്ല. "താന്‍ ഒന്നുമറിഞ്ഞില്ല" എന്ന നാട്യത്തില്‍ പുറത്ത് പ്രത്യക്ഷപ്പെടുകയും കേസ് ഇല്ലാതാക്കി സ്വയം രക്ഷപ്പെടാന്‍ അകത്ത് ഏത് ഹീനതന്ത്രവും മെനയുകയും ചെയ്യുന്ന ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

ഈ കാപട്യംതന്നെയാണ് ഇപ്പോഴും ഉമ്മന്‍ചാണ്ടി അനുവര്‍ത്തിക്കുന്നത്. പ്രോസിക്യൂട്ടറെ ഇരുട്ടില്‍ നിര്‍ത്തി വിജിലന്‍സിനെക്കൊണ്ട് പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുമുമ്പില്‍ രാജിവയ്ക്കുകയല്ലാതെ നിവൃത്തിയില്ലാത്ത നിസ്സഹായാവസ്ഥ സൃഷ്ടിച്ചത് താന്‍ അറിഞ്ഞില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുമായിരിക്കും. എന്നാല്‍ , സാമാന്യബുദ്ധിയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? താന്‍ ഇതിലൊന്നും ഇടപെടുന്നില്ല എന്ന് കാണിക്കാനായി വിജിലന്‍സിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി. വിജിലന്‍സിലുള്ള ഓഫീസര്‍മാര്‍ പൊലീസ് ഡിപ്പാര്‍ട്മെന്റിന്റെ ഉദ്യോഗസ്ഥര്‍തന്നെയാണ് എന്നും അവരുടെ പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നിര്‍ണായക പങ്കാണുള്ളത് എന്നും പൊലീസ് വകുപ്പാകട്ടെ മുഖ്യമന്ത്രിയുടെ കീഴില്‍ത്തന്നെയാണ് എന്നും അറിയാത്തവരല്ല കേരളത്തിലെ ജനങ്ങള്‍ . ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിജിലന്‍സ് എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വരും? വിജിലന്‍സില്‍ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പുതിയ തസ്തിക സൃഷ്ടിച്ചതും പാമൊലിന്‍ കേസ് നിലനില്‍ക്കില്ലെന്ന് 1988ല്‍ അഭിപ്രായപ്പെട്ട വ്യക്തിയെത്തന്നെ ആ തസ്തികയില്‍ നിയമിച്ചതും സദുദ്ദേശ്യത്തോടെയാണ് എന്ന് ജനങ്ങള്‍ കരുതിക്കൊള്ളുമെന്നാണോ ഉമ്മന്‍ചാണ്ടി ധരിക്കുന്നത്?

പാമൊലിന്‍ കേസ് ദേശീയശ്രദ്ധയില്‍വന്ന ഒന്നാണ്. ഇത് ദുരുദ്ദേശ്യപരമാണെന്ന വാദം സുപ്രീംകോടതിതന്നെ തള്ളിയതാണ്. കേസിലുള്‍പ്പെട്ട വ്യക്തിയെ കേന്ദ്ര വിജിലന്‍സ് കമീഷണറാക്കിക്കൊണ്ടുള്ള നിയമനത്തെ സുപ്രീംകോടതി അസാധുവാക്കിയതാണ്. ഇത്തരമൊരു കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അടക്കം മാറ്റിനിര്‍ത്തി വിജിലന്‍സിലെ ഒരു എസ്പിയെ ഉപയോഗിച്ച് കൃത്രിമ റിപ്പോര്‍ട്ടുണ്ടാക്കിച്ച് രക്ഷപ്പെടാമെന്നാണോ ഉമ്മന്‍ചാണ്ടി ധരിക്കുന്നത്?

മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകളും കോടതി നിരീക്ഷണങ്ങളുമെല്ലാം നിലനില്‍ക്കുന്നുണ്ട്. അതിനെയെല്ലാം അവഗണിക്കുന്ന ഒരു പ്രവര്‍ത്തന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കൊടുത്ത് സ്വയം രക്ഷപ്പെടാമെന്നാണോ ഉമ്മന്‍ചാണ്ടി കരുതുന്നത്. വിജിലന്‍സുതന്നെ ഇതുവരെ പറഞ്ഞതൊക്കെ ഇപ്പോള്‍ ഒറ്റയടിക്ക് മാറ്റിപ്പറയുമ്പോള്‍ അതിനു പിന്നിലുള്ള രാഷ്ട്രീയ കരുനീക്കങ്ങളും സമ്മര്‍ദവും കോടതി കാണില്ല എന്നാണോ ഉമ്മന്‍ചാണ്ടി കണക്കാക്കുന്നത്? ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന തട്ടിക്കൂട്ടുറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസിലുള്‍പ്പെട്ട മറ്റുപ്രതികളെയും വിടുവിച്ചെടുക്കുക എന്ന തന്ത്രം ഒളിഞ്ഞിരിക്കുന്നുണ്ട്. പാമൊലിന്‍ അഴിമതി നടത്താന്‍ ഒത്തുചേര്‍ന്നവരാകെ, ഭരണം കിട്ടിയപ്പോള്‍ അതിന്റെ അധികാരശക്തി ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ വീണ്ടും ഒരുമിച്ചുചേര്‍ന്നിരിക്കുന്നു. ഇത് തിരിച്ചറിയപ്പെടുകതന്നെ ചെയ്യും എന്ന് നമുക്ക് പ്രത്യാശിക്കുക

deshabhimani editorial 180212

1 comment:

  1. ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെട്ട് നീതിനടത്തിപ്പിന്റെ വഴി തങ്ങളെ കുറ്റവിമുക്തമാക്കുന്ന ദിശയിലേക്കാക്കാന്‍ , യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നികൃഷ്ടമായ ശ്രമങ്ങളുടെ പരമ്പരയിലെ പുതിയ കണ്ണിയാണ് പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് രാജിവയ്ക്കേണ്ട സാഹചര്യമൊരുക്കിയ ഭരണനടപടി. യുഡിഎഫ് ഭരണമേറ്റെടുത്തതുമുതല്‍ പാമൊലിന്‍ കേസ് ഇല്ലാതാക്കാന്‍ തീവ്രശ്രമമാണ് നടത്തിവരുന്നത്. ഒരുവശത്ത് തങ്ങളുടെ കീഴിലുള്ള വിജിലന്‍സിനെക്കൊണ്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ കുറ്റക്കാരല്ലാത്തവരെന്ന് സ്ഥാപിക്കുക. മറുവശത്ത് ജഡ്ജിയെവരെ ആക്ഷേപിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് വിടുവിക്കുക. ഇനിയുമൊരു വശത്ത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് അത്യാവശ്യ ഫയലുകള്‍ നിഷേധിച്ച് പ്രോസിക്യൂഷന്‍ നടപടികളെ നിരായുധമാക്കിയെടുക്കുക. ഇങ്ങനെ പലപല തന്ത്രങ്ങള്‍ . സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിശ്ശബ്ദനാക്കി വിജിലന്‍സ് ഡയറക്ടറെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതിച്ചുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുക എന്നതാണ് തന്ത്രം. ഇതിനായി മുഖ്യമന്ത്രി അദ്ദേഹത്തിന് വേണ്ടപ്പെട്ടയാളെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു.

    ReplyDelete