Sunday, June 17, 2012
അനീഷ്രാജന്റെ കൊലപാതകം കോണ്‍ഗ്രസ് ഗൂഢാലോചന
ആധുനിക ലോകത്തിന്റെ ശില്പി എന്ന് വിമര്‍ശകര്‍പോലും രേഖപ്പെടുത്തിയ ഇ.എം.എസിന്റെ അനുസ്മരണ ദിനം ആചരിക്കുവാന്‍ കേരള ജനത ഒരുങ്ങുന്നതിന്റെ തലേന്ന് രാത്രിയാണ് എസ്.എഫ്.ഐ. ഇടുക്കിജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജനെ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവില്‍ അനീഷിനുനേരെ കൊലക്കത്തി പായിച്ചുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ തല്ലിക്കെടുത്തിയത് ഒരു നാടിന്റെയും വീടിന്റെയും പ്രതീക്ഷകളെയായിരുന്നു. ഗാന്ധിശിഷ്യരെന്ന് മേനിനടിക്കുന്നവരുടെ കിരാത മനസ്സിന് കേരളം ഒരിക്കല്‍ക്കൂടി സാക്ഷ്യം വഹിച്ചു. കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ളസ്ടു പഠനം പൂര്‍ത്തിയാക്കിയ അനീഷ് നെടുങ്കണ്ടം എം.ഇ.എസ് കോളേജിലാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ സര്‍ഗ്ഗാത്മകതയും അക്കാദമിക് ഘടകങ്ങളും കോര്‍ത്തിണക്കി അനീഷ് സംഘടിപ്പിച്ച യൂണിയന്‍ പ്രവര്‍ത്തനങ്ങളെ സഹപാഠികളും അദ്ധ്യാപകരും ഇനിയും മറന്നിട്ടില്ല.
ഒരു മികച്ച എന്‍.സി.സി. കേഡറ്റുകൂടിയായിരുന്നു അനീഷ്. അനീഷിന്റെ കൊലപാതകം യാദൃച്ഛികമായി സംഭവിച്ച ഒന്നായിരുന്നില്ല. ഇതിനു മുന്‍പും ഇടുക്കിജില്ലയില്‍ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്നതിന് ചുക്കാന്‍ പിടിച്ചിട്ടുള്ള പി.ടി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യക്തമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടായിരുന്നു. മഞ്ഞപ്പെട്ടി പ്രദേശത്തെ കോണ്‍ഗ്രസ്സിന്റെ വാര്‍ഡുമെമ്പറായ ആലീസ് തോമസിന്റെ വീട്ടില്‍വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്തു. എസ്.എഫ്.ഐ. നേതാവെന്ന നിലയില്‍ ഗവണ്‍മെന്റ് പോളീടെക്നിക് സ്ഥിതി ചെയ്യുന്ന മഞ്ഞപ്പെട്ടിയില്‍ അനീഷ് രാജന്‍ മിക്കവാറും ചെല്ലാറുണ്ടായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ നിര്‍ധനരായ തമിഴ് തോട്ടം തൊഴിലാളികളെ കോണ്‍ഗ്രസ്സുകാര്‍ ആക്രമിക്കുന്നതറിഞ്ഞിട്ടാണ് അനീഷും സഹപ്രവര്‍ത്തകരും മഞ്ഞപ്പെട്ടിയിലെത്തുന്നത്. സംഘര്‍ഷം നടക്കുന്ന വിവരം നെടുങ്കണ്ടം പോലീസ്സ്റ്റേഷനില്‍ അറിയിച്ചതിനുശേഷമാണ് ഇവര്‍ മഞ്ഞപ്പെട്ടിയിലേക്ക് പുറപ്പെടുന്നത്. അനീഷും സഹപ്രവര്‍ത്തകരും മഞ്ഞപ്പെട്ടിയില്‍ എത്തി അരമണിക്കൂറിനുശേഷമാണ് പോലീസ് എത്തുന്നത്.
കോണ്‍ഗ്രസ്സുകാരുടെ മര്‍ദ്ദനത്തിനിരയായ സ്ത്രീകള്‍ അടക്കമുള്ളവരെ തങ്ങള്‍ വന്ന ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കയച്ചതിനുശേഷം വണ്ടി കാത്തുനില്‍ക്കുകയായിരുന്നു അനീഷും സഖാക്കളും. ഈ സമയം യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ അക്രമി സംഘം ആയുധങ്ങളുമായി ഒരു ജീപ്പിലെത്തി അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അനീഷ് മരണപ്പെടുകയായിരുന്നു. അക്രമികളെത്തിയ ജീപ്പ് കസ്റ്റഡിയില്‍ എടുത്ത പോലീസ് പക്ഷേ അഭിലാഷിനേയും സഹോദരന്‍ രൂപേഷിനേയും മാത്രം അറസ്റ്റുചെയ്ത് മറ്റ് 7 പ്രതികളെയും രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് ചെയ്തത്. അനീഷും സഹപ്രവര്‍ത്തകരും അഭിലാഷിനെ ആക്രമിക്കാനെത്തിയതാണെന്ന കോണ്‍ഗ്രസ് പ്രചരണം ഏറ്റുപിടിക്കുകയാണ് പോലീസ് ചെയ്തത്. ക്രൂരമായി കൊല ചെയ്യപ്പെട്ട അനീഷിന്റെ പേരില്‍ കൊലപാതകശ്രമത്തിന് കേസ്സെടുത്തുകൊണ്ടാണ് പോലീസ് തങ്ങളുടെ കോണ്‍ഗ്രസ് പാദസേവക്ക് അടിവരയിട്ടത്. മുന്‍പ് സി.പി.ഐ (എം) ന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത് ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവരെ ആക്രമിച്ചതും മഞ്ഞപ്പെട്ടിയിലെ ഒരു സ്റ്റോറില്‍ നിന്നും ഏലക്ക മോഷ്ടിച്ചതുമടക്കം നിരവധി കേസുകളില്‍ പ്രതികളായവരാണ് അനീഷിന്റെ കൊലപാതകികള്‍. പതിനാലു ലക്ഷത്തിലധികം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ നേതാവ് കൊലചെയ്യപ്പെട്ടത് മുഖ്യധാരാമാദ്ധ്യമ ങ്ങള്‍ക്ക് ഒരു വാര്‍ത്തയേ അല്ലായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട ഒരു പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വീണ്ടും വേട്ടയാടാനുള്ള വ്യഗ്രതയില്‍ മാദ്ധ്യമങ്ങള്‍ മറന്നുപോവുന്ന ചില ഭൂതകാല വസ്തുതകളുണ്ട്. കേരളത്തിന്റെ ക്യാമ്പസില്‍ ഏറ്റവുമാദ്യമായി കൊലച്ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാവ് തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ അഷ്റഫ് ആയിരുന്നു. 1974 മാര്‍ച്ച് 4-ന് കെ.എസ്.യു. പ്രവര്‍ത്തകരാണ് അഷ്റഫിനെ കൊലപ്പെടുത്തിയത്. പിന്നീട് നിരവധി സഖാക്കള്‍ കെ.എസ്.യു.വിന്റെയും മറ്റു സംഘടനകളുടെയും കൊലക്കത്തിക്കിരയായിട്ടുണ്ട്. 1994 ജനുവരി 26-ന് എസ്.എഫ്.ഐ.യുടെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷം മടങ്ങിയെത്തി കണ്ണൂര്‍ കൊക്കിലങ്ങാടി യിലുള്ള സ്വന്തം വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന കെ.വി. സുധീഷിനെ മാതാപിതാക്കളുടെ മുന്നിലിട്ട് 37 കഷണങ്ങളായി ആര്‍.എസ്.എസ്. ഫാസിസ്റ്റുകള്‍ വെട്ടിനുറുക്കിയത്. അങ്ങേയറ്റം കിരാതമര്‍ദ്ദനങ്ങള്‍ ഈ പ്രസ്ഥാനത്തിനുനേരെ അഴിച്ചുവിട്ടവരാണ് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ അഹിംസ വിളമ്പുന്നത്. പി.ടി തോമസ് എം.പി. കെ.എസ്.യു.വിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന കാലഘട്ടത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കു നേരെ ക്രൂരമായ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും വീല്‍ചെയറില്‍ കഴിയുന്ന സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേല്‍ക്കുന്നത് ഈ കാലഘട്ടത്തിലാണ്. കോണ്‍ഗ്രസ് നേതാവ് ചെമ്പഴന്തി അനിലിന്റെ നേതൃത്വത്തിലുള്ള അക്രമികളുടെ അക്രമത്തില്‍ കിഡ്നി തകര്‍ന്നുപോയ യൂണിവേഴ്സിറ്റി കോളേജിലെ ഹരികുമാറും കോണ്‍ഗ്രസുകാരാല്‍ ഒരുകാല്‍ വെട്ടിമാറ്റപ്പെട്ട് മരണംവരെ ഒരുകാലുമായി ജീവിച്ച ജൂലിയസ് ഫെര്‍ണാണ്ടസും വലതുപക്ഷക്രിമിനലുകളുടെ പൈശാചികതയുടെ ചില ഉദാഹരണങ്ങള്‍ മാത്രം.
ക്രൂരമായ വേട്ടയാടലുകള്‍ക്കും, അടിച്ചമര്‍ത്തലുകള്‍ക്കും നടുവിലേക്കാണ് ഇന്ത്യയില്‍ ഇടതുപക്ഷപ്രസ്ഥാനം പിറന്നുവീണത്. നേതാക്കളേയും പ്രവര്‍ത്തകരേയും കൊലപ്പെടുത്തിയും കള്ളക്കേസുകള്‍ ചുമത്തി തുറുങ്കിലടച്ചും ഇടതുപക്ഷത്തെ തകര്‍ക്കുവാന്‍ അധികാരിവര്‍ഗ്ഗം എന്നും വ്യഗ്രത കാണിച്ചിരുന്നു. മൂലധന താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമങ്ങളുടെ പിന്തുണയോടെ ഇരകളെ വേട്ടക്കാരാക്കി ചിത്രീകരിക്കാനുള്ള പ്രചരണം കൊണ്ടുപിടിച്ചു നടക്കുന്ന കാലഘട്ടമാണിത്. ഇന്നലെകളില്‍ സമൂഹത്തിന്റെ പുരോഗമനപരമായ പരിണാമങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമായിരുന്ന മാദ്ധ്യമങ്ങള്‍ ഇന്ന് പലതും നിര്‍ണ്ണയിക്കുവാനും ചര്‍ച്ചകളെ തീരുമാനങ്ങളാക്കി മാറ്റുവാനും അധികാരമുള്ളവരായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. നിഷ്പക്ഷം എന്ന പേരില്‍ ഇടതുപക്ഷത്തെ ആക്രമിക്കുവാനുള്ള വലതുപക്ഷത്തിന്റെ ആയുധങ്ങളായി മാദ്ധ്യമങ്ങള്‍ പരിണമിക്കുന്നു. അച്ഛനെ നഷ്ടപ്പെട്ട മകനെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍, മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖത്തെക്കുറിച്ച് വേവലാതിപ്പെടുന്നില്ല.
അനീഷിന്റെ അമ്മയുടെ കണ്ണുനീരിനുനേരെ കണ്ണടയ്ക്കുമ്പോള്‍ മാദ്ധ്യമങ്ങളുടെ നിഷ്പക്ഷ മുഖംമൂടി വീണ്ടും തകര്‍ന്നുവീഴുകയാണ്. അടിയാളത്തിപ്പെണ്ണിന് മാറു മറയ്ക്കുവാനും അവര്‍ണ്ണന് അക്ഷരം പഠിക്കുവാനും അടിയാളര്‍ക്ക് വഴി നടക്കുവാനും വേണ്ടി പൊരുതിയ, വര്‍ഗീയ ഫാസിസ്റ്റുകളെ ജീവന്‍ കൊടുത്തും ചെറുത്ത ഒരു മഹാപ്രസ്ഥാനത്തെ കൊലപാതകികളെന്ന് മുദ്രകുത്തുവാന്‍ ശ്രമിക്കുകവഴി മാദ്ധ്യമങ്ങള്‍ ത്യാഗോജ്വലമായ ഇന്നലെകള്‍ക്ക് മീതെയാണ് തിരശ്ശീലയിടാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഈ നാടിന്റെ പക്ഷത്തു നില്‍ക്കുക. മിനിട്ടുകളുടെ ആയുസുമാത്രമുള്ള ഇടതുപക്ഷ വിരുദ്ധതയാണ് കേരളം ആഗ്രഹിക്കുന്ന ചൂടേറിയ വാര്‍ത്തയെന്ന് നിങ്ങളെ പറഞ്ഞു പഠിപ്പിച്ച ജേര്‍ണലിസത്തിന്റെ ക്ലാസില്‍ നിന്നിറങ്ങി യാഥാര്‍ത്ഥ്യബോധത്തോടെ വാര്‍ത്തകളവതരിപ്പിക്കുക. അതാണ് മാദ്ധ്യമങ്ങളില്‍ നിന്നും ഈ നാട് ആവശ്യപ്പെടുന്നത്. മാദ്ധ്യമങ്ങളുടെ പിന്തുണയോടെ, പോലീസിനേയും മറ്റു ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് ഇടതുപക്ഷത്തെ വേട്ടയാടാനുള്ള യു.ഡി.എഫിന്റെ ഗൂഢാലോചന കേരളീയ സമൂഹം ചെറുത്തുതോല്‍പ്പിക്കും. അടിച്ചമര്‍ത്തലുകളുടെ ചോരപ്പുഴകളെ മുറിച്ചു കടന്ന ഈ മഹാപ്രസ്ഥാനത്തെ കേരളത്തിലെ ജനങ്ങള്‍ നെഞ്ചോടുചേര്‍ത്തുപിടിക്കും; തീര്‍ച്ച.
പി. ബിജു chintha 220612
Labels:
ഇടുക്കി,
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
ആധുനിക ലോകത്തിന്റെ ശില്പി എന്ന് വിമര്‍ശകര്‍പോലും രേഖപ്പെടുത്തിയ ഇ.എം.എസിന്റെ അനുസ്മരണ ദിനം ആചരിക്കുവാന്‍ കേരള ജനത ഒരുങ്ങുന്നതിന്റെ തലേന്ന് രാത്രിയാണ് എസ്.എഫ്.ഐ. ഇടുക്കിജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജനെ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവില്‍ അനീഷിനുനേരെ കൊലക്കത്തി പായിച്ചുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ തല്ലിക്കെടുത്തിയത് ഒരു നാടിന്റെയും വീടിന്റെയും പ്രതീക്ഷകളെയായിരുന്നു. ഗാന്ധിശിഷ്യരെന്ന് മേനിനടിക്കുന്നവരുടെ കിരാത മനസ്സിന് കേരളം ഒരിക്കല്‍ക്കൂടി സാക്ഷ്യം വഹിച്ചു. കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ളസ്ടു പഠനം പൂര്‍ത്തിയാക്കിയ അനീഷ് നെടുങ്കണ്ടം എം.ഇ.എസ് കോളേജിലാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ സര്‍ഗ്ഗാത്മകതയും അക്കാദമിക് ഘടകങ്ങളും കോര്‍ത്തിണക്കി അനീഷ് സംഘടിപ്പിച്ച യൂണിയന്‍ പ്രവര്‍ത്തനങ്ങളെ സഹപാഠികളും അദ്ധ്യാപകരും ഇനിയും മറന്നിട്ടില്ല.
ReplyDelete