Sunday, June 17, 2012
പ്രതിപക്ഷ സഹായമില്ലാതെ പ്രണബ് രാഷ്ട്രപതിയാവില്ല
യുപിഎയുടെ സ്വന്തം വോട്ടുകൊണ്ടുമാത്രം പ്രണബ് മുഖര്‍ജിക്ക് രാഷ്ട്രപതിയാകാന്‍ കഴിയില്ല. രാഷ്ട്രപതിയുടെ ഇലക്ടറല്‍ കോളേജില്‍ ആകെയുള്ള വോട്ടുമൂല്യം 10,98,882 ആണ്. ഇതില്‍ യുപിഎയ്ക്ക് 4,60,101 വോട്ടുമൂല്യമാണുള്ളത് (42 ശതമാനം). തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് കുറച്ചാല്‍ യുപിഎയുടെ വോട്ടുമൂല്യം 4,12,142 ആണ്. (37 ശതമാനം). എന്‍ഡിഎയ്ക്ക് 3,04,785 (28 ശതമാനം), ഇടതുപക്ഷപാര്‍ടികളടക്കമുള്ള യുപിഎ-എന്‍ഡിഎ ഇതര പാര്‍ടികള്‍ക്ക് 2,62,408 (28 ശതമാനം) എന്നിങ്ങനെയാണ് വോട്ടുമൂല്യം. സ്വതന്ത്രര്‍ക്കും പ്രാദേശിക പാര്‍ടികള്‍ക്കുംകൂടി 71,498 (ആറ് ശതമാനം) വോട്ടുമൂല്യമുണ്ട്. വിജയിക്കാന്‍ ആവശ്യമായ 5,49,442 വോട്ടുമൂല്യം സ്വന്തം നിലയില്‍ യുപിഎയ്ക്ക് കിട്ടില്ല. തൃണമൂല്‍ പോകുമ്പോള്‍ 45,925 വോട്ടുമൂല്യമാണ് (4.17 ശതമാനം) യുപിഎയ്ക്ക് നഷ്ടമാകുന്നത്. ബിഎസ്പിയുടെ 45,473 വോട്ടുമൂല്യം (4.13 ശതമാനം) പകരം ലഭിക്കും. സമാജ്വാദി പാര്‍ടി യുപിഎയെ പിന്തുണച്ചാല്‍ 66,688 (6.06 ശതമാനം) വോട്ടുമൂല്യം കിട്ടും. ഇങ്ങനെ ആയാലും 5,24,303 വോട്ടുമൂല്യമാകും (47.71 ശതമാനം) യുപിഎയ്ക്ക് കിട്ടുക. ജയിക്കാന്‍ 25,139 വോട്ടുമൂല്യത്തിന്റെ കുറവ്. സ്വതന്ത്രരുടെയും ചെറിയ പാര്‍ടികളുടെയും പിന്തുണ കിട്ടിയാല്‍ വിജയിക്കാന്‍ യുപിഎയ്ക്ക് കഴിയും.
ലോക്സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ 4120 അംഗങ്ങളും ചേര്‍ന്നതാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളേജ്. എംപിമാരുടെ ആകെ വോട്ടുമൂല്യം 5,49,408 ആണ്. എംഎല്‍എമാരുടേത് 5,49,474. ഓരോ സംസ്ഥാനത്തെയും ജനസംഖ്യ (1971ലെ സെന്‍സസ് പ്രകാരം) അടിസ്ഥാനമാക്കിയാണ് എംഎല്‍എമാരുടെ വോട്ടുമൂല്യം നിര്‍ണയിക്കുന്നത്. കേരള നിയമസഭയിലെ ഒരംഗത്തിന്റെ വോട്ടുമൂല്യം 152 ആണ്. കേരളത്തിലെ മൊത്തം എംഎല്‍എമാരുടെ വോട്ടുമൂല്യം 21,280. എംഎല്‍എമാരില്‍ കൂടുതല്‍ വോട്ടുമൂല്യം (208) ഉത്തര്‍പ്രദേശ് നിയമസഭാംഗങ്ങളുടേതാണ്. 708 ആണ് എംപിയുടെ വോട്ടിന്റെ മൂല്യം.
പ്രണബിനെ പിന്തുണയ്ക്കില്ലെന്ന് മമത വീണ്ടും
കൊല്‍ക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ നീക്കം പാളിയെങ്കിലും നിലപാടിലുറച്ച് മമത. പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കില്ലെന്ന് മമത ആവര്‍ത്തിച്ചു. യുപിഎയില്‍ ഒറ്റപ്പെട്ട മമത മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിനായുള്ള പ്രചാരണത്തിനും തുടക്കംകുറിച്ചു. ഫെയ്സ്ബുക്കില്‍ പുതിയ പേജ് തുടങ്ങി കലാമിനായി അവര്‍ വോട്ട് അഭ്യര്‍ഥിച്ചു. തന്റെ നിലപാടുകളിലൂടെ യുപിഎയുമായി യോജിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്ന പ്രഖ്യാപനമാണ് മമത നടത്തിയത്. എന്‍ഡിഎയുമായി അടുക്കുന്നതിന്റെ സൂചനയാണ് മമത നല്‍കുന്നത്. സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ്് യാദവിനെ വിശ്വാസത്തിലെടുത്താണ് മമത യുപിഎയില്‍ വിലപേശിയത്. ആദ്യം അനുകൂലിച്ചെങ്കിലും മുലായം നിലപാടു മാറ്റിയത് മമതയ്ക്ക് തിരിച്ചടിയായി. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളും മമതയ്ക്കെതിരാണ്. മന്ത്രിസഭയില്‍ നിന്ന് പിന്മാറാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പ്രണബിനെ തള്ളിപ്പറഞ്ഞതില്‍ തൃണമൂല്‍ കോണ്‍ഗ്രസിലും അഭിപ്രായവ്യത്യാസമുണ്ട്. സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരും മമതയുടെ നിലപാടില്‍ പ്രതിഷേധിച്ചു.
(ഗോപി)
കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നത് ചാണക്യനെ
ന്യൂഡല്‍ഹി: ഭരണതലത്തിലും രാഷ്ട്രീയരംഗത്തും നിരവധി ഘട്ടത്തില്‍ പ്രശ്നപരിഹാരമാര്‍ഗം നിര്‍ദേശിച്ച തന്ത്രജ്ഞനെയാണ് പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിസ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിലൂടെ കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നത്. സാമ്പത്തികം, പാര്‍ലമെന്ററി, രാഷ്ട്രീയം, വില, സുരക്ഷ തുടങ്ങിയ മന്ത്രിസഭാ സമിതികളിലെ പ്രധാന അംഗമെന്ന നിലയില്‍ കേന്ദ്രമന്ത്രിസഭയില്‍ വിലപ്പെട്ട സേവനം നല്‍കുന്ന അംഗമാണ് പ്രണബ് മുഖര്‍ജി. നവ ഉദാരവല്‍ക്കരണ നയങ്ങളെയും ജനവിരുദ്ധപരിപാടികളെയും കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശക്തമായ പ്രചോദനവും മാര്‍ഗനിര്‍ദേശവുമാണ് പ്രണബിന്റെ തന്ത്രങ്ങള്‍.
പശ്ചിമ ബംഗാളില്‍ ബീര്‍ഭൂം ജില്ലയിലെ മിരാതിയില്‍ 1935ല്‍ ജനിച്ച പ്രണബ് മുഖര്‍ജി കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടി. അധ്യാപകനായും അഭിഭാഷകനായും സേവനമനുഷ്ഠിച്ചു. 1969ല്‍ ആദ്യമായി രാജ്യസഭാംഗമായ പ്രണബ് 1975, 81, 93, 99 വര്‍ഷങ്ങളിലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ലും 2009ലും പശ്ചിമ ബംഗാളിലെ ജംഗിപ്പൂരില്‍നിന്ന് ലോക്സഭാംഗമായി. 1973-74ല്‍ വ്യവസായ വികസനം, 1974-75ല്‍ ധനകാര്യം, 1975-77ല്‍ റവന്യൂ-ബാങ്കിങ് എന്നിവയുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി. 1980-82ല്‍ വാണിജ്യം, ഉരുക്ക് എന്നിവയുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായി. 1982-84ല്‍ കേന്ദ്ര ധനമന്ത്രിയായ അദ്ദേഹം ഇന്ദിര ഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ് പാര്‍ടിക്ക് രൂപംനല്‍കി.
1991ല്‍ നരസിംഹറാവു അധികാരത്തിലെത്തിയപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനായി. 1995-96ല്‍ വിദേശമന്ത്രി. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ പ്രതിരോധമന്ത്രി. 2006-09 വരെ വിദേശമന്ത്രിയായും പ്രവര്‍ത്തിച്ചു. 2009 മുതല്‍ കേന്ദ്ര ധനമന്ത്രിയാണ്. 1978 മുതല്‍ 1986 വരെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം 1997 മുതല്‍ വീണ്ടും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായി. 1985 മുതല്‍ 2010 വരെ വിവിധ കാലയളവുകളില്‍ പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചു. സര്‍വ മുഖര്‍ജിയാണ് ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. മകന്‍ അഭിജിത് മുഖര്‍ജി പശ്ചിമ ബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗമാണ്.
deshabhimani 170612
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment