Sunday, June 17, 2012
കാമ്പസില്‍ കഠാരരാഷ്ട്രീയത്തിന് നാന്ദി കുറിച്ചവര്‍
ധര്‍മ്മടത്തെ കുന്നിന്‍മുകളില്‍ ശിരസ്സുയര്‍ത്തിനില്‍ക്കുന്ന ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ സാധിക്കുക-കണ്ണൂര്‍ ജില്ലയിലെ മാത്രമല്ല, പരിസര ജില്ലകളിലെയും ഏതൊരു വിദ്യാര്‍ത്ഥി(നി)യുടെയും ഒരു കാലത്തെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അത്. കേരളത്തിലെ ഏറ്റവും പ്രഗത്ഭമതികളായ ഒരു നിര അദ്ധ്യാപകരുടെ സാന്നിദ്ധ്യം. പാഠ്യ വിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യ പ്രാധാന്യം. സാഹിത്യവും സംഗീതവും ചിത്രകലയും നൃത്തവും രാഷ്ട്രീയവുമെല്ലാം പൂത്തുലഞ്ഞുനില്‍ക്കുന്ന കലാലയാന്തരീക്ഷം. തലശ്ശേരി സെയ്ദാര്‍പള്ളിക്കടുത്തെ ഒരു നിര്‍ദ്ധന മുസ്ലീം കുടുംബത്തിലെ അംഗമായ അഷ്റഫ് എന്ന വിദ്യാര്‍ത്ഥി ഏറെ സ്വപ്നങ്ങളുമായാണ് ബ്രണ്ണന്‍കോളേജില്‍ എത്തിയത്. എളിമയാര്‍ന്ന പെരുമാറ്റം. പഠിത്തത്തില്‍ മോശമല്ലാത്ത നിലവാരം. യൂണിവേഴ്സിറ്റി തലത്തില്‍ അറിയപ്പെടുന്ന ബാസ്ക്കറ്റ്ബോള്‍താരം. അധ്യാപകരും സഹപാഠികളും ഒരുപോലെ ഈ വിദ്യാര്‍ത്ഥിയെ സ്നേഹിച്ചു. ഒരു നല്ല ഭാവി ആശംസിച്ചു. എല്ലാം തകിടംമറിഞ്ഞത് പൊടുന്നനെയായിരുന്നു. ബിഎ (ഇക്കണോമിക്സ്) വിദ്യാര്‍ത്ഥിയായിരുന്ന അഷ്റഫ് വയറ്കീറി നാലുപാടും രക്തം ചീറ്റി തളര്‍ന്നുവീഴുന്നതും ആരെല്ലാമോ അദ്ദേഹത്തെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുന്നതും കണ്ട് സഹപാഠികളും അധ്യാപകരും സ്തംഭിച്ചുനിന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരും അന്ധാളിച്ചുനിന്നു. നിമിഷങ്ങള്‍ കഴിയേണ്ടിവന്നു, ഒരു പ്രൊഫഷനല്‍ ക്രിമിനലിന്റെ ചാരുതയോടെ മറ്റൊരു വിദ്യാര്‍ത്ഥി നടത്തിയ കഠാരപ്രയോഗംമൂലമാണ് അഷ്റഫ് തളര്‍ന്നുവീണതെന്ന് മനസ്സിലാക്കാന്‍.
1973 ഡിസംബര്‍ 3നായിരുന്നു സംഭവം. കെഎസ്യുവിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗുണ്ടാസംഘം കൊലവിളിയുമായി കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഭീതിയോടെ കുട്ടികള്‍ ഇടനാഴിയിലേക്കും ക്ലാസ് മുറികളിലേക്കും ഓടി രക്ഷപ്പെടാന്‍ തുടങ്ങി. ഇതിനിടയിലാണ് ഗുണ്ടാസംഘത്തിലെ ഒരാള്‍ കഠാര ഉയര്‍ത്തി ആരെയോ ലക്ഷ്യംവെച്ച് പാഞ്ഞടുക്കുന്നത് വിദ്യാര്‍ത്ഥികള്‍ കാണുന്നത്. അക്രമിയുടെ ലക്ഷ്യം മറ്റാരുമായിരുന്നില്ല. എസ്എഫ്ഐ നേതാവായ എ കെ ബാലനെ വകവരുത്തുക. ഈ സന്ദര്‍ഭത്തിലാണ് "അയ്യോ ചെയ്യരുത്" എന്ന് അപേക്ഷിച്ചുകൊണ്ട് അഷ്റഫ് ഇടപെടുന്നത്. പാവനമായ കോളേജ് അങ്കണത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്തം വീണുകൂട എന്ന് ആഗ്രഹിച്ച ഒരു വിദ്യാര്‍ത്ഥിയുടെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന. പക്ഷേ കൊലയാളികള്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു. അവര്‍ അഷ്റഫിനുനേരെ കഠാരവീശി. വയറ്റിലും നെഞ്ചിലുമായി ശ്വാസകോശത്തോളം എത്തിയ ആഴത്തിലുള്ള മുറിവ്. അഷ്റഫ് വീണു. അഷ്റഫിന്റെ സഹപാഠികളായിരുന്ന വി കെ സുരേഷ്ബാബുവും അഡ്വ. സലീമും ഇന്നും നടുക്കത്തോടെയാണ് ആ സംഭവത്തെ ഓര്‍ക്കുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നല്‍കിയ അടിയന്തിര ചികിത്സയെ തുടര്‍ന്ന് ജീവന്‍ തിരിച്ചുകിട്ടിയെന്ന് കരുതിയെങ്കിലും അഷ്റഫ് 1974 മാര്‍ച്ച് 5ന് ഈ ലോകത്തോട് വിടപറഞ്ഞു. കാമ്പസ് രാഷ്ട്രീയത്തിന്റെ ആദ്യത്തെ രക്തസാക്ഷി. ചെറിയതോതിലുള്ള കയ്യാങ്കളിയിലപ്പുറം ആയുധമുപയോഗിച്ചുള്ള ആക്രമണങ്ങള്‍ അതുവരെ ബ്രണ്ണന്‍ കോളേജിലെന്നല്ല കേരളത്തിലെ ഒരു കോളേജിലും ഉണ്ടായിരുന്നില്ല. ഇതാദ്യമായി കഠാരപോലുള്ള ആയുധപ്രയോഗത്തിലൂടെ കാമ്പസില്‍ പുതിയൊരു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് കെഎസ്യു നാന്ദികുറിച്ചു. ബ്രണ്ണന്‍കോളേജില്‍ കെഎസ്യുവിനുണ്ടായിരുന്ന ആധിപത്യത്തെ തകര്‍ത്ത് എസ്എഫ്ഐ മുന്നേറിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് കേരളത്തെയാകെ നടുക്കിയ ഈ സംഭവം.
1974ല്‍ ആദ്യമായി എസ്എഫ്ഐ ഇവിടെ വന്‍ വിജയം കരസ്ഥമാക്കി. എ കെ ബാലന്‍ കോളേജ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ത്ഥി വി കെ ദിവാകരന്‍ എന്ന കെഎസ്യു നേതാവ്. (ഇദ്ദേഹമാണ് 1976ല്‍ കൊളങ്ങരേത്ത് രാഘവന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍കിടന്ന മമ്പറം ദിവാകരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്) എ കെ ബാലനെയാണ് അക്രമികള്‍ ലക്ഷ്യംവെച്ചതെങ്കിലും അഷ്റഫും കെഎസ്യുക്കാരുടെ ഒരു ടാര്‍ജറ്റായിരുന്നു എന്ന് ആരും കരുതിയില്ല. 1973ല്‍ ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എസ്എഫ്ഐയെ പ്രതിനിധീകരിച്ച് മത്സരിച്ചത് അഷ്റഫായിരുന്നു. കമ്യൂണിസ്റ്റുകാരോട് ആഭിമുഖ്യമില്ലാതിരുന്ന കുടുംബത്തിലെ ഒരംഗം എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയാവുന്നത് എതിരാളികള്‍ പകയോടെയാണ് കണ്ടത്. അവര്‍ അവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അഷ്റഫിനെ കൊലക്കത്തിക്കിരയാക്കിയ കെഎസ്യു നേതാവ് ടി സി വാങ്ങി മറ്റൊരു കോളേജില്‍ ചേര്‍ന്നതും. അവിടെയും ഗുണ്ടാ രാഷ്ട്രീയത്തിന് തുടക്കംകുറിച്ചതും പിന്നീടുള്ള കഥ. ഇപ്പോള്‍ മമ്പറം ദിവാകരന്റെ ബിസിനസ് പങ്കാളി; സമ്പത്തിന്റെ ഔന്നത്യത്തില്‍. സിപിഐ (എം) സംസ്ഥാനകമ്മിറ്റി നല്‍കുന്ന സാമ്പത്തിക സഹായം സ്വീകരിച്ച്, അഷ്റഫിന്റെ ഓര്‍മ്മകളുമായി ഒരു കുടുംബം ഇവിടെ തലശ്ശേരിയില്‍.
വി എം പവിത്രന്‍ chintha 220612
Labels:
വിദ്യാര്‍ഥി സംഘടന
Subscribe to:
Post Comments (Atom)
1973 ഡിസംബര്‍ 3നായിരുന്നു സംഭവം. കെഎസ്യുവിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗുണ്ടാസംഘം കൊലവിളിയുമായി കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഭീതിയോടെ കുട്ടികള്‍ ഇടനാഴിയിലേക്കും ക്ലാസ് മുറികളിലേക്കും ഓടി രക്ഷപ്പെടാന്‍ തുടങ്ങി. ഇതിനിടയിലാണ് ഗുണ്ടാസംഘത്തിലെ ഒരാള്‍ കഠാര ഉയര്‍ത്തി ആരെയോ ലക്ഷ്യംവെച്ച് പാഞ്ഞടുക്കുന്നത് വിദ്യാര്‍ത്ഥികള്‍ കാണുന്നത്. അക്രമിയുടെ ലക്ഷ്യം മറ്റാരുമായിരുന്നില്ല. എസ്എഫ്ഐ നേതാവായ എ കെ ബാലനെ വകവരുത്തുക. ഈ സന്ദര്‍ഭത്തിലാണ് "അയ്യോ ചെയ്യരുത്" എന്ന് അപേക്ഷിച്ചുകൊണ്ട് അഷ്റഫ് ഇടപെടുന്നത്. പാവനമായ കോളേജ് അങ്കണത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്തം വീണുകൂട എന്ന് ആഗ്രഹിച്ച ഒരു വിദ്യാര്‍ത്ഥിയുടെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന. പക്ഷേ കൊലയാളികള്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു. അവര്‍ അഷ്റഫിനുനേരെ കഠാരവീശി. വയറ്റിലും നെഞ്ചിലുമായി ശ്വാസകോശത്തോളം എത്തിയ ആഴത്തിലുള്ള മുറിവ്. അഷ്റഫ് വീണു. അഷ്റഫിന്റെ സഹപാഠികളായിരുന്ന വി കെ സുരേഷ്ബാബുവും അഡ്വ. സലീമും ഇന്നും നടുക്കത്തോടെയാണ് ആ സംഭവത്തെ ഓര്‍ക്കുന്നത്.
ReplyDelete