Saturday, June 16, 2012

യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ കസേരയേറ്


അമ്പലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ നടപടിയെടുത്ത സംഭവത്തെച്ചൊല്ലി നിയോജകമണ്ഡലം ജനറല്‍ബോഡിയില്‍ കസേരയേറും കൈയ്യാങ്കളിയും. യൂത്ത് കോണ്‍ഗ്രസ് പുറക്കാട് മണ്ഡലം പ്രസിഡന്റ് ബി ജലീലിനെയാണ് ഡിസിസി കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. നീര്‍ക്കുന്നം എന്‍എസ്എസ് ഹാളില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ് എ, ഐ വിഭാഗങ്ങള്‍ ഗ്രൂപ്പുതിരിഞ്ഞും ഐ ഗ്രൂപ്പിലെ ഒരുസംഘം എ ഗ്രൂപ്പുകാര്‍ക്കൊപ്പം ചേര്‍ന്നുമാണ് കൈയ്യാങ്കളി നടത്തിയത്.

പുറക്കാട് പഞ്ചായത്തിലെ കന്നിട്ടക്കടവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജലീലിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. എന്നാല്‍ ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സമരം നടത്തിയതെന്നും സമരത്തില്‍നിന്ന് പിന്തിരിയണമെന്നും നേതൃത്വം ജലീലിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ക്കുകൂടി എതിരായി നടത്തിയ ജനകീയസമരത്തില്‍ കൂടുതലാളുകള്‍ പങ്കെടുത്തത് നേതൃത്വത്തെ വെട്ടിലാക്കി. തുടര്‍ന്നാണ് ഡിസിസി നേതൃത്വം ജലീലിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. യോഗം ഉദ്ഘാടനംചെയ്ത യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി പ്രസിഡന്റ് എസ് ദീപു സംഘട്ടനം ഒഴിവാക്കാന്‍ ഏറെപണിപ്പെട്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരുവിഭാഗം എ ഗ്രൂപ്പിന്റെ നിലപാടിനോട് യോജിച്ച് മുന്നോട്ടുവന്നതോടെ ഈ വാദത്തെ പ്രതിരോധിക്കാന്‍ ചിലര്‍ കസേരയെടുത്ത് നിലത്തടിച്ചു. തുടര്‍ന്ന് രംഗം സംഘര്‍ഷഭരിതമായി.

പുറക്കാട് ജങ്ഷന് സമീപം വെള്ളിയാഴ്ച യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൊതുസമ്മേളനം എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ജലീലാണ് അധ്യക്ഷന്‍. ജില്ലയിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍കൂടി പങ്കെടുക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ ജലീല്‍ അധ്യക്ഷനായിരിക്കാന്‍ അനുവദിക്കില്ലെന്നും ചിലര്‍ വാദിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയോ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റോ മണ്ഡലം പ്രസിഡന്റോ അറിയാതെ പക്ഷപാതപരമായി നടപടി സ്വീകരിച്ച ഡിസിസി നേതൃത്വത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും ഇതിനെതിരെ പരാതി നല്‍കുമെന്നും എ ഗ്രൂപ്പിലെയും ഐ ഗ്രൂപ്പിലെ ജലീല്‍ അനുകൂലികളും പറഞ്ഞു. ഈ നടപടിയില്‍ ഡിസിസി നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കണമെന്നും ബഹുഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു.

ലീഗ് കായംകുളം മണ്ഡലം കമ്മിറ്റി വിമതവിഭാഗം പിടിച്ചു

കായംകുളം: മുസ്ലിംലീഗ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി വിമതവിഭാഗം പിടിച്ചെടുത്തു. ജില്ലയിലെ ലീഗ് ഔദ്യോഗിക വിഭാഗത്തിനെതിരെ മുന്‍ ജില്ലാപ്രസിഡന്റായ കെ എ കലാം നേതൃത്വം നല്‍കുന്ന വിഭാഗം മത്സരത്തിലുടെയാണ് മണ്ഡലം കമ്മിറ്റി കൈയടക്കിയത്. കെ എ കലാമിനെ അനുകൂലിക്കുന്ന മുഹമ്മദ് കുഞ്ഞിനെ പ്രസിഡന്റായും സുധീറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ കൊച്ചുകുഞ്ഞാണ് ഔദ്യോഗികവിഭാഗത്തിന് നേതൃത്വം നല്‍കിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് ഹരിപ്പാട്ട് വച്ചാണ് നടത്തിയത്. കായംകുളം ടൗണ്‍ കമ്മിറ്റിയില്‍ നിന്ന് ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നതാണ് ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടിയായത്. ടൗണ്‍ കമ്മിറ്റിയില്‍ നിന്നും 59 പ്രതിനിധികളുടെ പിന്തുണ വിമതവിഭാഗത്തിന് നേടാന്‍ കഴിഞ്ഞു. എന്നാല്‍ 55 പ്രതിനിധികളുടെ പിന്തുണ മാത്രമേ ഔദ്യോഗികവിഭാഗത്തിന് നേടാന്‍ കഴിഞ്ഞുള്ളൂ. ഇതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി തന്നെ പി കെ കൊച്ചുകുഞ്ഞ് അടക്കമുള്ള ഔദ്യോഗികവിഭാഗം നേതാക്കള്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ നിന്നും പോകുകയായിരുന്നു.

ലീഗിന്റെ വാര്‍ഡുതല തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടംമുതല്‍ കായംകുളത്ത് ഔദ്യോഗിക-വിമത വിഭാഗങ്ങള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തിരുന്നു. പല തെരഞ്ഞെടുപ്പുകളും കൈയ്യാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വരണാധികാരിയായ ലീഗ് നേതാവിനെ മര്‍ദിച്ച് അവശനാക്കിയ സംഭവവും അരങ്ങേറിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസിന്റെ സംരക്ഷണയിലും വാര്‍ഡുതല തെരഞ്ഞെടുപ്പുകള്‍ നടന്നു. നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പ്രതിനിധികളെ പാട്ടിലാക്കാന്‍ ഇരു വിഭാഗങ്ങളും രംഗത്തെത്തിയിരുന്നു. ലീഗിലെ ചേരിതിരിവ് നഗരസഭാ ഭരണത്തിലും പ്രകടമായത്.

പൊലീസുകാരനെ കൈയേറ്റംചെയ്ത പ്രതിയെ കോണ്‍ഗ്രസുകാര്‍ ബലമായി മോചിപ്പിച്ചു

കൊല്ലം: പൊലീസുകാരനെ കൈയേറ്റംചെയ്ത പ്രതിയെ കോണ്‍ഗ്രസുകാര്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിച്ചു. കോണ്‍ഗ്രസുകാര്‍ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനുമുന്നില്‍ ബഹളമുണ്ടാക്കി. പരവൂരില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് അക്രമമുണ്ടായത്. വഹനത്തിരക്ക് ഏറിയ സമയത്ത് പരവൂര്‍ ജങ്ഷനിലെ ട്രാഫിക് ഐലന്റില്‍ പടക്കം കെട്ടി പൊട്ടിക്കാനുള്ള കോണ്‍ഗ്രസുകാരുടെ ശ്രമം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞു. ഇതില്‍ പ്രകോപിതനായ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവ് ഷര്‍മത് ഖാന്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനെ കൈയേറ്റംചെയ്തു. തുടര്‍ന്ന് ഇയാളെ പൊലീസുകാര്‍ പിടികൂടി ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വിവരം അറിഞ്ഞ് കെപിസിസി അംഗവും പരവൂര്‍ മുനിസിപ്പല്‍ പ്രതിപക്ഷ നേതാവുമായ നെടുങ്ങോലം രഘു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൗണ്‍സിലറുമായ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം കോണ്‍ഗ്രസുകാര്‍ സ്ഥലത്തെത്തി. പൊലീസ് ജീപ്പ് പിന്‍തുടര്‍ന്ന സംഘം ബൈക്ക് കുറുകെ നിര്‍ത്തി ജീപ്പില്‍നിന്ന് ഷര്‍മത്ഖാനെ മോചിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനെ തല്ലാനും ശ്രമിച്ചു. തുടര്‍ന്ന് സ്റ്റേഷനുമുന്നില്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ സംഘടിച്ചു. സന്ധ്യയോടെ എസിപി സന്തോഷ്കുമാര്‍ സ്ഥലത്തെത്തി. സ്റ്റേഷനുമുന്നില്‍നിന്ന് പിരിഞ്ഞുപോകണമെന്ന അഭ്യര്‍ഥന കോണ്‍ഗ്രസുകാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുമായി എസിപി അനുരഞ്ജന ചര്‍ച്ച നടത്തി. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് എസിപി ഉറപ്പ് നല്‍കിയശേഷമാണ് കോണഗ്രസുകാര്‍ പിരിഞ്ഞത്.

deshabhimani 160612

1 comment:

  1. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ നടപടിയെടുത്ത സംഭവത്തെച്ചൊല്ലി നിയോജകമണ്ഡലം ജനറല്‍ബോഡിയില്‍ കസേരയേറും കൈയ്യാങ്കളിയും. യൂത്ത് കോണ്‍ഗ്രസ് പുറക്കാട് മണ്ഡലം പ്രസിഡന്റ് ബി ജലീലിനെയാണ് ഡിസിസി കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. നീര്‍ക്കുന്നം എന്‍എസ്എസ് ഹാളില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ് എ, ഐ വിഭാഗങ്ങള്‍ ഗ്രൂപ്പുതിരിഞ്ഞും ഐ ഗ്രൂപ്പിലെ ഒരുസംഘം എ ഗ്രൂപ്പുകാര്‍ക്കൊപ്പം ചേര്‍ന്നുമാണ് കൈയ്യാങ്കളി നടത്തിയത്.

    ReplyDelete