Sunday, June 17, 2012

രാസവളം വില കുത്തനെ കൂട്ടി


 തകരുന്ന കാര്‍ഷികമേഖലയ്ക്ക് വീണ്ടും ആഘാതമായി കമ്പനികള്‍ രാസവളംവില വന്‍തോതില്‍ ഉയര്‍ത്തി. യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില 30 മുതല്‍ 60 ശതമാനംവരെയാണ് ഒറ്റയടിക്ക് കൂട്ടിയത്. കഴിഞ്ഞ ഒന്നിന് വര്‍ധന നിലവില്‍ വന്നു. യൂറിയയുടെ വില കേന്ദ്രസര്‍ക്കാരാണ് നേരിട്ട് നിശ്ചയിക്കുന്നത് എന്നതിനാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷമാകും വര്‍ധന. വിവിധ രാഷ്ട്രീയകക്ഷികളുടെ എതിര്‍പ്പ് രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ചേക്കാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. യൂറിയക്ക് പത്തു ശതമാനം വില വര്‍ധിപ്പിക്കാനാണ് രാസവളം മന്ത്രാലയത്തിന്റെ നിര്‍ദേശം. നെല്‍ക്കൃഷിയടക്കം ഖാരിഫ് വിള സീസണ്‍ ലക്ഷ്യമിട്ടാണ് കമ്പനികള്‍ വില കുത്തനെ ഉയര്‍ത്തിയത്.

കേരളത്തില്‍ ഒന്നാംവിള നെല്‍ക്കൃഷിക്കും തെങ്ങ്, കവുങ്ങ്, റബര്‍ എന്നിവയ്ക്കും വളപ്രയോഗം നടത്തേണ്ട സമയമാണിത്. യൂറിയ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ(ഡിഎപി) വില ടണ്ണിന് 18,200ല്‍ നിന്ന് 24,000 രൂപയാക്കി. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിന്റെ(എംഒപി) വില ടണ്ണിന് 12,000 രൂപയായിരുന്നത് 17,000 രൂപയായും സിംഗിള്‍ സൂപ്പര്‍ സള്‍ഫേറ്റിന്റെ(എസ്എസ്പി) വില 4800ല്‍ നിന്ന് 78,000 ആയും വര്‍ധിപ്പിച്ചു. കോംപ്ലക്സ് വളങ്ങളുടെ വിലയും ഉടന്‍തന്നെ വന്‍തോതില്‍ വര്‍ധിക്കും. വ്യാപകമായി ഉപയോഗിക്കുന്ന 10:26:26ന്റെ വില 16,000ല്‍ നിന്ന് 22,000 രൂപയായി. രണ്ട് വര്‍ഷത്തിനിടെ ഇത് പതിനൊന്നാംതവണയാണ് രാസവളത്തിന് വില കൂടുന്നത്. വില വര്‍ധിപ്പിക്കാന്‍ നീക്കമുണ്ടെന്നറിഞ്ഞതോടെ വളം കമ്പനികള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചിരുന്നു. യൂറിയ വില വര്‍ധിപ്പിക്കണമെന്നാണ് ആസൂത്രണ കമീഷന്റെയും ആവശ്യം. യൂറിയ വില വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം കൂടുതല്‍ വ്യക്തത വരുത്താനെന്ന പേരില്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി രാസവളം മന്ത്രാലയത്തിന് തിരിച്ചയച്ചിരിക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സമയം നീട്ടിക്കൊണ്ടുപോകാനാണിത്.

യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില നിശ്ചയിക്കുന്നത് സ്വകാര്യകമ്പനികളാണ്. വളം ഇറക്കുമതിയിലൂടെ ബഹുരാഷ്ട്ര കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്. ഫോസ്ഫേറ്റ്, പൊട്ടാഷ് തുടങ്ങിയ പോഷകങ്ങളടങ്ങിയ 22 ഇനം വളങ്ങളുടെ വിലനിയന്ത്രണാധികാരം 2010ലാണ് കേന്ദ്രം കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. വിലനിയന്ത്രണാധികാരം കമ്പനികള്‍ക്ക് ലഭിക്കുന്നതിനുമുമ്പ് ഡിഎപിക്ക് ടണ്ണിന് 9350 രൂപയായിരുന്നു. എംഒപിക്ക് 4455ഉം. ഇതാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധിച്ചത്. രൂപയുടെ മൂല്യശോഷണമാണ്് വിലവര്‍ധനയ്ക്ക് കമ്പനികളുടെ ന്യായീകരണം. അമിതോപയോഗം തടയാന്‍ എന്ന പേരിലാണ് യൂറിയക്ക് വില വര്‍ധിപ്പിക്കാനുള്ള നീക്കം. മറ്റ് വളങ്ങളുടെ വിലനിയന്ത്രണം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ന്യായങ്ങളിലൊന്നും വളം ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നതായിരുന്നു. അമിതോപയോഗം നിയന്ത്രിക്കാനുള്ള മാര്‍ഗം വില ഉയര്‍ത്തലാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ബഹുരാഷ്ട്ര കമ്പനികള്‍ക്കും സര്‍ക്കാരിനും കര്‍ഷകരെ മത്സരിച്ചു ചൂഷണംചെയ്യാന്‍ വഴിയൊരുക്കുന്ന വാദമാണിത്.
(പി വി അഭിജിത്)

deshabhimani 170612

1 comment:

  1. തകരുന്ന കാര്‍ഷികമേഖലയ്ക്ക് വീണ്ടും ആഘാതമായി കമ്പനികള്‍ രാസവളംവില വന്‍തോതില്‍ ഉയര്‍ത്തി. യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില 30 മുതല്‍ 60 ശതമാനംവരെയാണ് ഒറ്റയടിക്ക് കൂട്ടിയത്. കഴിഞ്ഞ ഒന്നിന് വര്‍ധന നിലവില്‍ വന്നു. യൂറിയയുടെ വില കേന്ദ്രസര്‍ക്കാരാണ് നേരിട്ട് നിശ്ചയിക്കുന്നത് എന്നതിനാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷമാകും വര്‍ധന. വിവിധ രാഷ്ട്രീയകക്ഷികളുടെ എതിര്‍പ്പ് രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ചേക്കാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. യൂറിയക്ക് പത്തു ശതമാനം വില വര്‍ധിപ്പിക്കാനാണ് രാസവളം മന്ത്രാലയത്തിന്റെ നിര്‍ദേശം. നെല്‍ക്കൃഷിയടക്കം ഖാരിഫ് വിള സീസണ്‍ ലക്ഷ്യമിട്ടാണ് കമ്പനികള്‍ വില കുത്തനെ ഉയര്‍ത്തിയത്.

    ReplyDelete