Sunday, June 3, 2012

സിഐടിയു ജനറല്‍ കൗണ്‍സിലിന് കോയമ്പത്തൂരില്‍ ഉജ്വല തുടക്കം


സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിന് കോയമ്പത്തൂരില്‍ ഉജ്വലതുടക്കം. ബ്രിട്ടീഷുകാര്‍ വെടിവച്ചുകൊന്ന ചിന്നിയംപാളയം രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണ നിറഞ്ഞ കൗണ്‍സില്‍ നഗരിയില്‍ (കൃഷ്ണ ഗൗണ്ടര്‍ കല്യാണമണ്ഡപം) ശനിയാഴ്ച രാവിലെ അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പതാക ഉയര്‍ത്തിയതോടെയാണ് കൗണ്‍സിലിന് തുടക്കമായത്. നാഗസ്വരവും വെടിക്കെട്ടും അകമ്പടിയേകിയ അന്തരീക്ഷത്തില്‍ തമിഴ്മണ്ണില്‍ തൊഴിലാളിവര്‍ഗം കരുത്താര്‍ജിക്കുന്നതിന്റെ ദൃഷ്ടാന്തമായി ജനറല്‍ കൗണ്‍സിലിന്റെ തുടക്കം. ചൊവ്വാഴ്ച പ്രകടനത്തോടെ കൗണ്‍സില്‍ സമാപിക്കും.

സിഐടിയു രൂപീകൃതമായശേഷം രണ്ടാംതവണയാണ് കോയമ്പത്തൂരില്‍ അഖിലേന്ത്യാ ജനറല്‍കൗണ്‍സില്‍ ചേരുന്നത്. തുണിമില്‍ തൊഴിലാളികളുടെ പോരാട്ട മുഹൂര്‍ത്തങ്ങള്‍ അലയടിച്ച അന്തരീക്ഷത്തില്‍ രാജ്യത്തെ തൊഴിലാളിവര്‍ഗം തുടങ്ങുന്ന ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് ആരംഭം കുറിക്കാനുള്ള ചരിത്രദൗത്യവും ഈ ജനറല്‍ കൗണ്‍സിലിനുണ്ട്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇതര തൊഴിലാളി സംഘടനകളുമായി ചേര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് നാലുദിവസത്തെ ജനറല്‍ കൗണ്‍സില്‍ തീരുമാനിക്കും. എ കെ പത്മനാഭന്റെ അധ്യക്ഷപ്രസംഗത്തിനുശേഷം ജനറല്‍സെക്രട്ടറി തപന്‍സെന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി ആര്‍ നടരാജന്‍ എംപി സ്വാഗതം പറഞ്ഞു.
(വേണു കെ ആലത്തൂര്‍)

തൊഴിലാളിവര്‍ഗം കടുത്ത ചൂഷണത്തില്‍: എ കെ പത്മനാഭന്‍

കോയമ്പത്തൂര്‍: ഇന്ത്യയില്‍ തൊഴിലാളിവര്‍ഗം കടുത്ത ചൂഷണത്തിന് വിധേയരാകുന്നുവെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മറ്റ് രാജ്യങ്ങളിലില്ലാത്തവിധം വന്‍തോതില്‍ കരാര്‍വല്‍ക്കരണവും തൊഴില്‍നിയമ ലംഘനങ്ങളും ഇന്ത്യയില്‍ നടക്കുന്നു. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വവും ഇല്ലാതാകുന്നു. കേന്ദ്രസര്‍ക്കാര്‍ കരാര്‍വല്‍ക്കരണത്തെയാണ് കൂടുതലും പ്രോത്സാഹിപ്പിക്കുന്നത്. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരെല്ലാം നിരാശയിലാണ്. പൊതുമേഖലാസ്ഥാപനങ്ങളെ മുഴുവനും തകര്‍ക്കുന്നു. രാജ്യത്ത് മിക്കയിടത്തും തൊഴിലാളികള്‍ക്ക് മിനിമംകൂലിയില്ല. അവര്‍ ചൂഷണത്തിനും വിധേയരാകുന്നു. നാമമാത്രപെന്‍ഷന്‍ പ്രഖ്യാപിച്ച് നാണം കെടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായ 40 ലക്ഷം തൊഴിലാളികളെ സര്‍ക്കാര്‍ കൊഞ്ഞനംകുത്തുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് രാജ്യത്താകമാനം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 28ന് ഇന്ത്യയില്‍ നടന്ന പൊതുപണിമുടക്കില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ പത്തുകോടി ജനങ്ങളാണ് അണിനിരന്നത്. ഇത്രയും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ജനവിരുദ്ധനയങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നില്ല. എല്ലാ വിഭാഗം തൊഴിലാളിയൂണിയനുകളെയും അണിനിരത്തി കൂടുതല്‍ കരുത്തുറ്റപ്രക്ഷോഭത്തിന് സിഐടിയു നേതൃത്വം നല്‍കും. അതിനുള്ള തീരുമാനം ജനറല്‍ കൗണ്‍സിലില്‍ ഉണ്ടാകുമെന്നും എ കെ പത്മനാഭന്‍ പറഞ്ഞു.

deshabhimani 030612

1 comment:

  1. സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിന് കോയമ്പത്തൂരില്‍ ഉജ്വലതുടക്കം. ബ്രിട്ടീഷുകാര്‍ വെടിവച്ചുകൊന്ന ചിന്നിയംപാളയം രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണ നിറഞ്ഞ കൗണ്‍സില്‍ നഗരിയില്‍ (കൃഷ്ണ ഗൗണ്ടര്‍ കല്യാണമണ്ഡപം) ശനിയാഴ്ച രാവിലെ അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പതാക ഉയര്‍ത്തിയതോടെയാണ് കൗണ്‍സിലിന് തുടക്കമായത്. നാഗസ്വരവും വെടിക്കെട്ടും അകമ്പടിയേകിയ അന്തരീക്ഷത്തില്‍ തമിഴ്മണ്ണില്‍ തൊഴിലാളിവര്‍ഗം കരുത്താര്‍ജിക്കുന്നതിന്റെ ദൃഷ്ടാന്തമായി ജനറല്‍ കൗണ്‍സിലിന്റെ തുടക്കം. ചൊവ്വാഴ്ച പ്രകടനത്തോടെ കൗണ്‍സില്‍ സമാപിക്കും

    ReplyDelete