Tuesday, August 21, 2012

കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി, 1 മാസത്തേക്ക് സ്റ്റേ


വര്‍ക്കലയില്‍ നിന്നുള്ള എംഎല്‍എ കഹാറിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ഒരുമാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തു. ബിഎസ്പി സ്ഥാനാര്‍ത്ഥി പ്രഹ്ളാദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കഹാറിന്റെ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ അസാധുവാക്കിയത്. വിധിക്കെതിരെ കഹാറിന്റെ ഹര്‍ജി ഉച്ചകഴിഞ്ഞ് പരിഗണിച്ച കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. നിയമസഭയിലിരിക്കാന്‍ അനുമതി നല്‍കി. വോട്ടെടുപ്പുകളിലോ ചര്‍ച്ചകളിലോ പങ്കെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. പ്രഹ്ളാദന്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ നോട്ടറിയുടെ ഒപ്പ് ഇല്ല എന്നു കാട്ടി പ്രഹ്ളാദന്റെ പത്രിക തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രഹ്ളാദന്‍ ഹര്‍ജി നല്‍കിയിരുന്നത്.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ നിന്നുമാണ് യുഡിഎഫ് പ്രതിനിധിയായി കഹാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഹര്‍ജി പ്രാരംഭഭഘട്ടത്തില്‍ തന്നെ തള്ളണമെന്ന് ആവശ്യപ്പെട്ട് കഹാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയായിരുന്നു അത്. എന്നാല്‍ ഹര്‍ജിയില്‍ നടപടി തുടരാമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി.ഹൈക്കോടതി നടപടിക്ക് സ്റ്റേ വേണമെന്നാവശ്യപ്പെട്ട് കഹാര്‍ സുപ്രീം കോടതിയെ സമീപിക്കും. ജ. എസ് എസ് സതീശചന്ദ്രനാണ് വിധി പറഞ്ഞത്. കോണ്‍ഗ്രസ് ഐ പ്രതിനിധിയായ കഹാറിനെതിരെ മല്‍സരിച്ചത് എല്‍ഡിഎഫിലെ എ എ റഹീമായിരുന്നു.

deshabhimani news

No comments:

Post a Comment