Tuesday, August 21, 2012

കൂടംകുളം: കേന്ദ്രമന്ത്രിമാര്‍ ഇടപെടണം- എ കെ ബാലന്‍


കൂടംകുളം ആണവനിലയത്തില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി നേടിയെടുക്കാന്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുന്‍വൈദ്യുതിമന്ത്രിയും സിപിഐ എം പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയുമായ എ കെ ബാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ആയിരം മെഗാവാട്ടിന്റെ റിയാക്ടര്‍ ഉടനെ വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കാനിരിക്കെ കേരളത്തിന് അര്‍ഹതപ്പെട്ട 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പില്ല. മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിന് ലഭിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ്. കേരളത്തിന്റെ വൈദ്യുതി ആസൂത്രണത്തില്‍ കൂടംകുളം വൈദ്യുതിനിലയത്തില്‍നിന്നുള്ള വൈദ്യുതിക്ക് ഏറെ പ്രാധാന്യമുണ്ട്. കേരളത്തില്‍നിന്ന് അരഡസന്‍ മന്ത്രിമാര്‍ കേന്ദ്രത്തില്‍ ഉള്ളപ്പോഴാണ് ഈ അവഗണന. കൂടംകുളം നിലയത്തിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ നേരിടുന്നതിനുള്ള മുന്‍ ഉപാധിയെന്ന നിലയിലാണ് നിലയത്തില്‍നിന്നുള്ള മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിന് നല്‍കണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചത്. ഇത് ഏറെക്കുറെ അംഗീകരിക്കുന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കൂടംകുളം വൈദ്യുതി കേരളത്തില്‍ എത്തിക്കുന്നതിനുള്ള തിരുനെല്‍വേലി ഈസ്റ്റ് കൊച്ചിന്‍ 400 കെവി ലൈന്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്നതും തമിഴ്നാട് അവരുടെ അവകാശവാദത്തിന് പിന്‍ബലമായി ഉപയോഗിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ എടമണ്‍ മുതല്‍ കൊച്ചിവരെയുള്ള ഭാഗത്തെ കര്‍ഷകരുടെ എതിര്‍പ്പാണ് ലൈന്‍ നിര്‍മാണം മുടങ്ങുന്നതിന് കാരണം. കര്‍ഷകരുടെ ആശങ്ക അകറ്റി മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കി ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ലൈന്‍ നിര്‍മാണം ഗൗരവമായെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യം ഉപയോഗപ്പെടുത്താനാണ് തമിഴ്നാട് ശ്രമിക്കുന്നത്. എന്നാല്‍, ഉദുമല്‍പേട്ട-മാടക്കത്തറ 400 കെവി ലൈന്‍ ടാപ്പ് ചെയ്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് പണിയാരംഭിച്ച പാലക്കാട് 400 കെവി സബ്സ്റ്റേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. പാലക്കാട് സബ്സ്റ്റേഷന്‍ ഉപയോഗപ്പെടുത്തി ഈ ലൈനിലൂടെ മൂവായിരത്തോളം മെഗാവാട്ട് വൈദ്യുതി കൂടുതലായി കൊണ്ടുവരാന്‍ കഴിയുമെന്നും ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 210812

No comments:

Post a Comment