Tuesday, August 14, 2012

മന്ത്രിയുടെ വീട്ടിലേക്കുള്ള റോഡിന് 23 ലക്ഷം അനുവദിച്ചു


ആദിവാസികള്‍ക്ക് തലചായ്ക്കാനായി കൂരപോലുമില്ലാത്ത നാട്ടില്‍ മന്ത്രിയുടെ വീട്ടിലേക്ക് റോഡുനിര്‍മിക്കാന്‍ കോര്‍പസ് ഫണ്ടില്‍നിന്ന് അനുവദിച്ചത് 23.31 ലക്ഷം രൂപ. പട്ടികവര്‍ഗ വിഭാഗത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി മാത്രം ഫണ്ട് വിനിയോഗിക്കേണ്ടിടത്താണ് മന്ത്രിയുടെ തറവാട്ടിലേക്കു മാത്രമായുള്ള റോഡിന് ഇത്രയും തുക അനുവദിച്ചത്. ദേശീയപാതയുടെ നിലവാരത്തില്‍ റോഡ് ടാര്‍ചെയ്യാന്‍ ടെന്‍ഡറുമായി. കോര്‍പസ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ആക്ഷേപം നിലവിലുണ്ട്. ജയലക്ഷ്മി മന്ത്രിയായശേഷം തവിഞ്ഞാല്‍ പഞ്ചായത്തില്‍ മാത്രം കോര്‍പസ് ഫണ്ടില്‍നിന്ന് 22 പ്രവൃത്തികള്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ക്ഷേമപ്രവൃത്തികള്‍ക്ക് ഉപയോഗിക്കേണ്ട തുക വകമാറ്റുന്നതിനെതിരെ പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്ബയ്യ നിലപാടെടുത്തു. ഇത് മറികടക്കാവന്‍ ഇദ്ദേഹത്തെ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സെക്രട്ടറിയായി ദൊഡാവത്തിനെ നിയമിച്ചു. കോര്‍പസ് ഫണ്ടിന്റെ 70 ശതമാനവും ഒരു പഞ്ചായത്തിലേക്ക് മാത്രമായി വിനിയോഗിക്കുന്നതിനെ സുബ്ബയ്യ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇതില്‍ ഒമ്പത് പ്രവൃത്തികള്‍ക്ക് അംഗീകാരമായി. എന്നാല്‍ പ്രവൃത്തി തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും പൊതുമരാമത്തു വകുപ്പിനുമായി. നേരത്തെ ടിഡിഒമാരുടെ മേല്‍നോട്ടത്തില്‍ കമ്മിറ്റികളായിരുന്നു പ്രവൃത്തി നടത്തിയിരുന്നത്.

മന്ത്രിയുടെ വീട്ടിലേക്കുള്ള മാമ്പ പാലോട്ട് റോഡിന് 23.31 ലക്ഷം രൂപയാണ് അനുവദിച്ചത്. 750 മീറ്ററുള്ള റോഡ് മന്ത്രിയുടെ തറവാട്ടിനുമുന്നിലാണ് അവസാനിക്കുന്നത്. കോളനിയിലേക്കുള്ള റോഡാണെങ്കില്‍ കോളനിക്കകത്തേക്ക് പോകണം. സംസ്ഥാനത്തെ നാലായിരത്തിലേറെ കോളനികളിലേക്ക് റോഡില്ല എന്നാണ് കണക്ക്. മന്ത്രിയുടെ വീടിന്റെ വിളിപ്പാടകലെയുള്ള കോളനികളില്‍ ചോര്‍ന്നൊലിക്കുന്ന വീടുകളും നടക്കാന്‍ പോലും സാധ്യമല്ലാത്ത വഴികളുമാണുള്ളത്. അതേസമയം സ്വന്തം വീട്ടിലേക്കുള്ള റോഡിനും ബന്ധുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളിലും മന്ത്രി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നാണ് ആക്ഷേപം.

തവിഞ്ഞാല്‍ പഞ്ചായത്തില്‍ പി കെ ജയലക്ഷ്മി മെമ്പറായിരുന്ന കാലത്ത് അവരുടെ വാര്‍ഡായിരുന്ന വെണ്‍മണിയിലെ പാറ്റയ്ക്കും കുടുംബത്തിനും താമസിക്കാന്‍ കുടില്‍ പൊളിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീടുനിര്‍മാണം ചുമരിലൊതുങ്ങി.പണിയവിഭാഗത്തിലുള്ള പാറ്റയെയും കുടുംബത്തെയും ഓര്‍ക്കാന്‍ ജയലക്ഷ്മി തയ്യാറായില്ല. നാലരക്കോടി രൂപ കോര്‍പ്പസ് ഫണ്ടില്‍നിന്ന് അനുവദിച്ചപ്പോള്‍ പണിയവിഭാഗക്കാര്‍ താമസിക്കുന്ന രണ്ട് കോളനികളിലേക്ക് റോഡുനിര്‍മിക്കാന്‍ 15 ലക്ഷം രൂപയാണ് അനുവദിച്ചത്. ശേഷിക്കുന്ന തുക ഉപയോഗിച്ചത് ഒരുസമുദായത്തിനുമാത്രമാണ്. വെണ്‍മണിയിലെ പാറ്റയുടേതിനു സമാനമായ അവസ്ഥയാണ് പല ആദിവാസി കോളനികളുടേതും. തലചായ്ക്കാന്‍ ഇടമില്ലാത്തത്രയും ദൈന്യതയാര്‍ന്നതാണ് ഇവിടുത്തെ സ്ഥിതി. കുറ്റിമല കോളനിയിലെ പലവീടുകളും ചോര്‍ന്നൊലിക്കുകയാണ്. എടത്തന ഗവ. ഹൈസ്കൂളിലേക്കുള്ള റോഡ് കാല്‍നടയാത്രക്ക് പോലും കഴിയാത്ത അവസ്ഥയിലാണ്. നാട്ടുകാര്‍ ശ്രമദാനമായി മണ്ണിട്ട് കുഴികള്‍ അടച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ യാത്രചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ ഈ സ്കൂളിന്റെ പരിസരത്തുനിന്ന് ആരംഭിച്ച് ആലമൊട്ടംകുന്ന് കോളനിയിലവസാനിക്കുന്ന റോഡിന് 43.85 ലക്ഷംരൂപയാണ് അനുവദിച്ചത്.
(പി ടി സുരേഷ്)

deshabhimani 140812

1 comment:

  1. ആദിവാസികള്‍ക്ക് തലചായ്ക്കാനായി കൂരപോലുമില്ലാത്ത നാട്ടില്‍ മന്ത്രിയുടെ വീട്ടിലേക്ക് റോഡുനിര്‍മിക്കാന്‍ കോര്‍പസ് ഫണ്ടില്‍നിന്ന് അനുവദിച്ചത് 23.31 ലക്ഷം രൂപ. പട്ടികവര്‍ഗ വിഭാഗത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി മാത്രം ഫണ്ട് വിനിയോഗിക്കേണ്ടിടത്താണ് മന്ത്രിയുടെ തറവാട്ടിലേക്കു മാത്രമായുള്ള റോഡിന് ഇത്രയും തുക അനുവദിച്ചത്.

    ReplyDelete