Tuesday, August 14, 2012

അജികുമാര്‍ ജയില്‍സെല്ലില്‍ ബോധംകെട്ട് കിടന്നത് 4 ദിവസം


പൊലീസ് കസ്റ്റഡിയില്‍ ഭീകര മര്‍ദനത്തിരയായി കൊല്ലപ്പെട്ട റിമാന്‍ഡ് പ്രതി അജികുമാര്‍ മെഡിക്കല്‍ കോളേജിലെ ജയില്‍സെല്ലില്‍ ചികിത്സ ലഭിക്കാതെ അബോധാവസ്ഥയില്‍ കഴിഞ്ഞത് നാലു ദിവസം. കഴിഞ്ഞ രണ്ടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജികുമാറിന്റെ നില ഗുരതരമാണെന്ന് നാലിന്, അയല്‍വാസിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് വിവരം ലഭിച്ചിരുന്നു. ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായ ഐവര്‍കാലയിലെ എസ് രതീഷിന് പഴയ സഹപ്രവര്‍ത്തകരില്‍നിന്നാണ് ഈ വിവരം ലഭിച്ചത്. പിറ്റേന്നുതന്നെ രതീഷ് മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അജികുമാറിനെ കാണാനായില്ല. ആശുപത്രി നിയമങ്ങളനുസരിച്ച് ജയില്‍സെല്ലില്‍ മറ്റുള്ളവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ മറ്റു തടവുകാരില്‍നിന്ന് അജിയുടെ ഗുരുതരാവസ്ഥ മനസിലാക്കുകയായിരുന്നു. ദൂരെ കട്ടിലില്‍ കൈകാലുകള്‍ ബന്ധിച്ച് കിടത്തിയ അജികുമാറിനെ കണ്ടു. ജയില്‍സെല്ലിന്റെ വാതിക്കല്‍ വന്ന മറ്റു തടവുകാരായ രോഗികളാണ് അജികുമാറിന് മൂന്നാം തിയതി മുതല്‍ ബോധമില്ലെന്നും ചികിത്സയൊന്നും നല്‍കുന്നില്ലെന്നും അറിയിച്ചത്. തുടര്‍ന്ന്, രതീഷ് പരിചയക്കാരായ പൊലീസുകാരുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി വിവരം വീട്ടിലറിയിക്കാന്‍ ഏര്‍പ്പാടാക്കി.

പൊലീസ് മര്‍ദനത്തെതുടര്‍ന്നുള്ള പരിക്കും പനിബാധയും രോഗിയെ ബോധരഹിതനാക്കിയിട്ടും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാതെ സെല്ലില്‍തന്നെ കിടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗം പരിശോധിക്കാതെ മദ്യപാനിയാണെന്നും അതിന്റെ വിറയലാണെന്നുമുള്ള പൊലീസിന്റെ കള്ളസാക്ഷ്യവും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിന് തടസ്സമായി. ജൂലൈ രണ്ടിനാണ് കീച്ചപ്പള്ളി ദേവീവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ റബര്‍തോട്ടത്തിലെ റബര്‍പുര കത്തി നശിക്കുന്നത്. പിറ്റേന്നുതന്നെ തോട്ടമുടമകളായ എന്‍എസ്എസ് നേതൃത്വം പരാതിയും നല്‍കിയിരുന്നു. റബര്‍പുരയുടെ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ പിറ്റേന്നുമുതല്‍ നിരവധി തവണ ശാസ്താംകോട്ട പൊലീസ് അജിയെ ചോദ്യംചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഈ കേസ് മോഷണമല്ലെന്നും ചില ക്രമക്കേടുകള്‍മാത്രമാണ് നടന്നതെന്നും ശാസ്താംകോട്ട പൊലീസ് കണ്ടെത്തുകയുംചെയ്തു. പൊലീസ് മോഷണക്കുറ്റം ചുമത്തിയില്ല. തുടര്‍ന്ന് സ്ഥലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരാതി നല്‍കി. തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം കേസ് സിഐക്ക് കൈമാറി. തെളിവുകളില്ലാതിരുന്നിട്ടും കഴിഞ്ഞ 30ന് സ്റ്റേഷനിലേക്ക് വരുത്തി അനധികൃതമായി മൂന്നു ദിവസം കസ്റ്റഡിയില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചശേഷം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ജയിലിലടയ്ക്കുകയായിരുന്നു.

deshabhimani 140812

1 comment:

  1. പൊലീസ് കസ്റ്റഡിയില്‍ ഭീകര മര്‍ദനത്തിരയായി കൊല്ലപ്പെട്ട റിമാന്‍ഡ് പ്രതി അജികുമാര്‍ മെഡിക്കല്‍ കോളേജിലെ ജയില്‍സെല്ലില്‍ ചികിത്സ ലഭിക്കാതെ അബോധാവസ്ഥയില്‍ കഴിഞ്ഞത് നാലു ദിവസം. കഴിഞ്ഞ രണ്ടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജികുമാറിന്റെ നില ഗുരതരമാണെന്ന് നാലിന്, അയല്‍വാസിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് വിവരം ലഭിച്ചിരുന്നു. ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായ ഐവര്‍കാലയിലെ എസ് രതീഷിന് പഴയ സഹപ്രവര്‍ത്തകരില്‍നിന്നാണ് ഈ വിവരം ലഭിച്ചത്. പിറ്റേന്നുതന്നെ രതീഷ് മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അജികുമാറിനെ കാണാനായില്ല. ആശുപത്രി നിയമങ്ങളനുസരിച്ച് ജയില്‍സെല്ലില്‍ മറ്റുള്ളവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ മറ്റു തടവുകാരില്‍നിന്ന് അജിയുടെ ഗുരുതരാവസ്ഥ മനസിലാക്കുകയായിരുന്നു.

    ReplyDelete