തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിപ്പണം കൈമാറാത്തതിനെ തുടര്‍ന്ന് അങ്കണവാടികളിലൂടെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും നല്‍കുന്ന പൂരക-അനൂപൂരക ഭക്ഷണ വിതരണം സ്തംഭിച്ചു. സാമ്പത്തിക വര്‍ഷം തുടങ്ങി നാലരമാസമായിട്ടും ത്രിതല പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ ഒരു രൂപ പോലും കൈമാറിയിട്ടില്ല. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കാനും അനുവാദമില്ല. അങ്കണവാടികളിലെ ഭക്ഷണത്തിനുള്ള ഗോതമ്പ് നല്‍കുന്ന സപ്ലൈകോയ്ക്ക് കോടികളാണ് നല്‍കാനുള്ളത്. സമീകൃതാഹാരമായ ടിഎച്ച് ആര്‍എസ് അമൃതം മിശ്രിതം വിവിധ പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്ന കുടുംബശ്രീ സംഘങ്ങള്‍ക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാരും ഐസിഡിഎസ് അധികൃതരും സിവില്‍സപ്ലൈസ് മാനേജര്‍മാരുടെയും കടയുടമകളുടെയും കുടുംബശ്രീ ഭാരവാഹികളുടെയും കയ്യുംകാലും പിടിച്ചാണ് ഭക്ഷണ പരിപാടി നിലനിര്‍ത്തുന്നത്. സര്‍ക്കാര്‍ പണം ഇനിയും അനുവദിച്ചില്ലെങ്കില്‍ അങ്കണ വാടികളിലൂടെയുള്ള ഭക്ഷണവിതരണം അവതാളത്തിലാകും.
ആറുമാസം മുതല്‍ ആറു വയസുവരെയുള്ള ഏഴുലക്ഷം കുട്ടികള്‍ക്കും ഒന്നര ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമാണ് അങ്കണവാടികളിലൂടെ ഭക്ഷണം നല്‍കുന്നത്. 2012-13 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ പാതി വഴി പോലുമെത്തിയിട്ടില്ല. പദ്ധതികളുടെ കരട് ഇവ പൂര്‍ണമാക്കി സാങ്കേതികാനുമതിയും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും നേടി വരുമ്പോഴേയ്ക്കും ഒക്ടോബര്‍ കഴിയും. അതിനു ശേഷം മാത്രമേ പുതിയ പദ്ധതിക്ക് പണം അനുവദിക്കൂ. അതുവരെ കടം തുടരുമെന്നര്‍ഥം. പഞ്ചായത്തുകള്‍ ബുദ്ധി മാന്ദ്യമുള്ള കുട്ടികള്‍ക്കായി ഏറ്റെടുത്ത സ്പെഷ്യല്‍ ബഡ് സ്കൂളുകളുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഇവയ്ക്ക് കേന്ദ്ര സഹായമില്ലാത്തതിനാല്‍ മുഴുവന്‍ പണവും പഞ്ചായത്ത് തന്നെ മുടക്കണം. ഇവരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ചെലവും അധ്യാപകര്‍ക്കുള്ള ഓണറേറിയവും നല്‍കാനാകുന്നില്ല. പദ്ധതി പണം അനുവദിക്കാത്തതിനാല്‍ വികസന ക്ഷേമ പദ്ധതികളാകെ അവതാളത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സി സ്നേഹജന്‍ പറഞ്ഞു.
(ഡി ദിലീപ്)
deshabhimani 140812
No comments:
Post a Comment