ചോദ്യകര്‍ത്താവിന് പീഡനം: മമതയ്ക്കെതിരെ പ്രതിഷേധം ശക്തം
കൊല്‍ക്കത്ത: പൊതുയോഗത്തിനിടെ മമത ബാനര്‍ജിയോട് ചോദ്യം ഉന്നയിച്ചതിന് കര്‍ഷകനെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റുചെയ്ത നടപടിക്കെതിരെ ബംഗാളിലെ സാമൂഹ്യ, സാംസ്കാരികപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്. പ്രശസ്ത സാഹിത്യകാരി മഹേശ്വതാദേവി, വിഖ്യാത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാനുമായ സുനില്‍ ഗംഗോപാധ്യായ, പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്ര എന്നിവരാണ് പ്രതിഷേധിച്ചവരില്‍ പ്രമുഖര്‍. മമതയുടെ ഏകാധിപത്യപ്രവണതയും അസഹിഷ്ണുതയുമാണ് അറസ്റ്റിലൂടെ പ്രകടമായതെന്ന് മഹാശ്വേതാദേവി പറഞ്ഞു. പൊതുയോഗത്തിനിടെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചെന്നതിന്റെ പേരില്‍ ഒരാളെ അറസ്റ്റുചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് സുനില്‍ ഗംഗോപാധ്യായ പറഞ്ഞു. സാധാരണ ജനങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു എന്നതിനു തെളിവാണ് അറസ്റ്റെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത്മിശ്ര പറഞ്ഞു. "വളത്തിന്റെ വിലയും മറ്റു കാര്‍ഷിക ചെലവുകളും വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍ കൃഷിക്കാര്‍ ബുദ്ധിമുട്ട്് അനുഭവിക്കുകയാണ്, ഇതിനെതിരെ മുഖ്യമന്ത്രി എന്തു നടപടിയാണ് എടുക്കുന്നത്"- എന്ന ചോദ്യം ഉന്നയിച്ച കര്‍ഷകന്‍ സിലാദിത്യ ചൗധരിയെയാണ് അറസ്റ്റുചെയ്തത്. സിലാദിത്യയെ പൊലീസ് ചോദ്യം ചെയ്ത് കുഴപ്പക്കാരനല്ലെന്നു കണ്ട് ആദ്യം വിട്ടയച്ചു. കൊല്‍ക്കത്തയിലെത്തിയ മുഖ്യമന്ത്രി പ്രത്യേക നിര്‍ദേശം നല്‍കിയതനുസരിച്ച് ഇയാളെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു. തന്നെ ചോദ്യം ചെയ്യുന്നവരെ മാവോയിസ്റ്റുകളെന്നും തീവ്രവാദികളെന്നും മുദ്രകുത്തി അപമാനിക്കുന്നത് മമത പതിവാക്കുകയാണ്.
ആരോഗ്യമേഖല സ്വകാര്യവല്‍ക്കരണം: പ്രതിഷേധം ശക്തമാകുന്നു
ന്യൂഡല്‍ഹി: ആരോഗ്യമേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രണ കമീഷന്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യസേവനത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറി അവ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ സംഘടനകളും വ്യക്തികളും രംഗത്തെത്തി. എത്ര രോഗികള്‍ക്ക് കോര്‍പറേറ്റ് ശൃംഖല സേവനം നല്‍കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അവര്‍ക്ക് സര്‍ക്കാര്‍ പണം ലഭിക്കുക. അതിനാല്‍ രോഗികള്‍ക്കായുള്ള കഴുത്തറുപ്പന്‍ മത്സരത്തിന് ഇന്ത്യയിലും തുടക്കമാകുമെന്ന് ജനകീയ ആരോഗ്യപ്രസ്ഥാനം പ്രതികരിച്ചു. അമേരിക്കയിലും മെക്സിക്കോയിലും വിജയിക്കാത്ത സ്വകാര്യ ആരോഗ്യശൃംഖല ഇന്ത്യയില്‍ നടപ്പാക്കണമെന്നാണ് ആസൂത്രണ കമീഷന്‍ വാദിക്കുന്നത്. അടിസ്ഥാന ആരോഗ്യസംവിധാനം നല്‍കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നത് ഇന്ത്യയില്‍ ഗുരുതരപ്രത്യാഘാതം ഉണ്ടാക്കുമെന്ന് അമിത്സെന്‍ ഗുപ്ത പറഞ്ഞു. കുത്തിവയ്പ്, രോഗപ്രതിരോധ സംവിധാനം തുടങ്ങിയ മേഖലകളില്‍മാത്രം സര്‍ക്കാര്‍സേവനം ഒതുക്കിനിര്‍ത്തുന്നത് രാഷ്ട്രത്തിന്റെ ആരോഗ്യത്തെത്തന്നെ ഗുരുതരമായി ബാധിക്കുമെന്ന് ഡല്‍ഹി സയന്‍സ് ഫോറം പ്രതികരിച്ചു. നിലവില്‍ മൊത്തം ആരോഗ്യസംവിധാനത്തിന്റെ 29.2 ശതമാനംമാത്രമാണ് സര്‍ക്കാര്‍മേഖലയിലുള്ളത്. 62.8 ശതമാനവും സ്വകാര്യമേഖലയിലാണ്. ഈ അനുപാതം സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അനുകൂലമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
അക്രമികള്‍ക്ക് റാസ അക്കാദമിയുമായി ബന്ധമില്ല
മുംബൈ: അസം കലാപത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ന്യൂനപക്ഷസംഘടനകള്‍ നടത്തിയ മാര്‍ച്ചിലുണ്ടായ അക്രമങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് പൊലീസ്. പ്രതിഷേധപരിപാടി സംഘടിപ്പിച്ച "റാസ അക്കാദമി"യുമായി ബന്ധമില്ലാത്ത സംഘടിതരായ ഒരു സംഘമാണ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാക്കിയത്. ഈ സാമൂഹ്യവിരുദ്ധര്‍ക്ക് അസമിലെ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അക്രമാസക്തരായവര്‍ ഒന്നിച്ച് വാടകയ്ക്കെടുത്ത വാഹനത്തിലാണ് ആസാദ് മൈതാനത്ത് എത്തിയത്. വാഹനത്തില്‍ വാളും ലാത്തിയും മറ്റു മാരകായുധങ്ങളും ശേഖരിച്ചിരുന്നുവെന്നും അന്വേഷക ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പൊലീസ് 23 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
നേഴ്സുമാര്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരകള്‍: എയിംസ് പഠനം
ന്യൂഡല്‍ഹി: വിവാഹിതരായ നേഴ്സുമാര്‍ക്ക് വ്യാപകമായി ഗാര്‍ഹിക പീഡനത്തിനിരയാകേണ്ടി വരുന്നുവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) പഠനം. ഗര്‍ഭിണികളായ നേഴ്സുമാര്‍ക്കുപോലും ജീവിതപങ്കാളിയില്‍നിന്ന് മാനസിക-ശാരീരിക പീഡനമേല്‍ക്കേണ്ടി വരുന്നുവെന്ന് എയിംസിലെ വിവാഹിതരായ നേഴ്സുമാരില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവ് ദാമ്പത്യജീവിതത്തില്‍ മേധാവിത്വസ്വഭാവം പുലര്‍ത്തുന്നുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത 60 ശതമാനം നേഴ്സുമാരും വെളിപ്പെടുത്തി. 65 ശതമാനം വൈകാരിക പീഡനത്തിനും 43.3 ശതമാനം ശാരീരികപീഡനത്തിനും 30 ശതമാനംപേര്‍ ലൈംഗികാതിക്രമത്തിനും ഇരയാകുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍പോലും മര്‍ദനമേറ്റവരാണ് ഇവരില്‍ 45.8 ശതമാനവും. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് കമ്യൂണിറ്റി മെഡിസിന്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
കോടതി നവീകരണം: സാമ്പത്തിക ചെലവെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കീഴ്കോടതികളുടെ നവീകരണത്തിന് ഹൈക്കോടതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഭീമമായ സാമ്പത്തിക ചെലവുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നവീകരണം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും 20നുചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന സെക്രട്ടറിതല യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി തങ്ങളുടെ ഉത്തരവുണ്ടെങ്കിലേ കോടതി നവീകരണം സാധ്യമാകൂ എന്ന സ്ഥിതി സൃഷ്ടിക്കരുതെന്ന് സര്‍ക്കാരിനോട് പറഞ്ഞു. കീഴ്കോടതി നവീകരണത്തിന് ഹൈക്കോടതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതുതായി 3745 തസ്തിക സൃഷ്ടിക്കണമെന്നും വിവിധതലത്തിലായി നൂറോളം കോടതി സ്ഥാപിക്കണമെന്നും 38 അതിവേഗ കോടതി സ്ഥിരം കോടതികളാക്കി മാറ്റണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാക്കാന്‍ പ്രതിവര്‍ഷം 54.12 കോടി രൂപവീതം സര്‍ക്കാരിന് ചെലവുവരുമെന്നും സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ലിസ് മാത്യൂസ് അറിയിച്ചു. റിപ്പോര്‍ട്ടില്‍ അല്‍പ്പം മാറ്റം വരുത്താനാകില്ലേയെന്ന് ജസ്റ്റിസുമാരായ ഡി കെ ജയിന്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹൈക്കോടതിയോട് ചോദിച്ചു. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണോ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കോടതി ആരാഞ്ഞു. കേസില്‍ ഹൈക്കോടതിക്ക് വേണ്ടി വി ഗിരിയും ഹര്‍ജിക്കാരായ സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷനുവേണ്ടി ജെ എം ജെയിംസും ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷനുവേണ്ടി സി എസ് രാജനും ഹാജരായി.
deshabhimani 140812
No comments:
Post a Comment