Tuesday, August 14, 2012

അക്രമം ആസൂത്രിതം; ആറുപേര്‍ അറസ്റ്റില്‍


സിപിഐ എം താനൂര്‍ ഏരിയാകമ്മിറ്റിയംഗം ചുള്ളിയത്ത് ബാലകൃഷ്ണനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഒഴൂര്‍ സ്വദേശികളായ പാറമ്മല്‍ പറമ്പില്‍ ചന്ദ്രന്‍, കാഞ്ഞിരത്തില്‍ സോമസുന്ദരന്‍, കാഞ്ഞിരത്തില്‍ വിപിന്‍, പൈക്കാട്ടില്‍ ദിലീപ്, കോടിയേരി സുകുമാരന്‍, തൊട്ടിയില്‍ സജീവന്‍ എന്നിവരെയാണ് താനൂര്‍ സിഐ സന്തോഷ് അറസ്റ്റ് ചെയ്തത്. സജീവന്‍ ഒഴികെയുള്ളവരെ ഞായറാഴ്ച രാത്രിയും സജീവനെ തിങ്കളാഴ്ച രാവിലെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ട് പ്രതികള്‍ പിടിയിലാവാനുണ്ട്. ആക്രമണത്തിനുപയോഗിച്ച ഇരുമ്പുവടി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

തീര്‍ത്തും ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബാലകൃഷ്ണന്‍ വട്ടത്താണിയില്‍നിന്ന് പത്രക്കെട്ട് എടുത്ത് മടങ്ങുന്നതിനെക്കുറിച്ചുവരെ കുറ്റവാളികള്‍ക്ക് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ട്. ഉന്നത കേന്ദ്രത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. ജനസമ്മതനായ നേതാവ് എന്ന നിലയില്‍ ബാലകൃഷ്ണന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കണ്ണിലെ കരടാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒഴൂരിലെ പ്രതിപക്ഷ കക്ഷിയായിരുന്ന ബിജെപിയെ ഒറ്റ സീറ്റിലേക്ക് ഒതുക്കുകയും സിപിഐ എമ്മിന് മികച്ച മുന്നേറ്റം സാധ്യമാക്കുകയും ചെയ്തതിന് പിന്നില്‍ ബാലകൃഷ്ണന്റെ നിര്‍ണായക സ്വാധീനമുണ്ട്. ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒഴൂര്‍ ഒന്നാംവാര്‍ഡില്‍ മികച്ച ഭൂരിപക്ഷം നേടിയാണ് ബാലകൃഷ്ണന്‍ വിജയിച്ചത്. ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം: സിപിഐ എം

മലപ്പുറം: സിപിഐ എം താനൂര്‍ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായ ചുള്ളിയത്ത് ബാലകൃഷ്ണനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മുഴുവന്‍ ബിജെപി-ആര്‍എസ്എസ് ക്രിമിനലുകളെയും ഗൂഢാലോചനയ്ക്ക് നേതൃത്വംനല്‍കിയവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

"ദേശാഭിമാനി" ഏജന്റ് കൂടിയായ ബാലകൃഷ്ണന്‍ ഞായറാഴ്ച പുലര്‍ച്ചെ പത്രവിതരണത്തിന് പോകുമ്പോഴാണ് ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കൈക്കും തലയ്ക്കും കാലിനും വെട്ടേറ്റ ബാലകൃഷ്ണന്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യഥാസമയം ആശുപത്രിയില്‍ എത്തിക്കാനായതുകൊണ്ട്മാത്രമാണ് ബാലകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായത്. ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് വധശ്രമം. ആര്‍എസ്എസ് ക്രിമിനലുകളായ പാറമ്മല്‍ പറമ്പില്‍ ചന്ദ്രന്‍, കാഞ്ഞിരത്തില്‍ സോമന്‍, പൈക്കാട്ടില്‍ ദിലീപ്, തൊട്ടിയില്‍ നജീബ്, കാഞ്ഞിരത്തില്‍ വിപിന്‍ എന്നിവരടങ്ങിയ എട്ടംഗസംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ക്കെതിരെയും ഇവരെ ദൗത്യമേല്‍പ്പിച്ചവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം.

സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ച് ജനജീവിതം ദുസ്സഹമാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. ജില്ലയില്‍ മുസ്ലിംലീഗ് തീവ്രവാദികള്‍ക്കുപിന്നാലെ ഹിന്ദു വര്‍ഗീയ വാദികളും സിപിഐ എമ്മിനെതിരെ അക്രമവുമായി രംഗത്തിറങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് ബാലകൃഷ്ണനെതിരെ നടന്ന വധശ്രമം. പാര്‍ടിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പാര്‍ടി പ്രവര്‍ത്തകരും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ജനശ്രദ്ധ തിരിച്ചുവിടാന്‍ കള്ളപ്രചാരണം

താനൂര്‍: ഒഴൂരില്‍ സിപിഐ എം നേതാവിനെ ആക്രമിച്ച സംഭവത്തില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപി-ആര്‍എസ്എസ് ശ്രമം. ഒഴൂരിലെ വേദവ്യാസ വിദ്യാഭവന്‍ സ്കൂള്‍ സിപിഐ എം പ്രവര്‍ത്തകര്‍ അക്രമിച്ചു എന്ന കള്ളപ്രചാരണം നടത്തിയാണിത്. ഞായറാഴ്ച വൈകിട്ട് ഒഴൂരില്‍ സിപിഐ എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സ്കൂളിനുനേരെ ആക്രമണമുണ്ടായി എന്നാണ് പ്രചാരണം. ഇതിന്റെ മറവില്‍ പ്രദേശത്തെ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കളെ കേസില്‍ കുടുക്കാനും ശ്രമമുണ്ട്. അക്രമം നടന്നുവെന്ന് ബിജെപി നേതാക്കള്‍ പരാതിപ്പെട്ട ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ആരോപിക്കുംവിധം അക്രമമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടതാണ്. സമീപവാസികളില്‍നിന്നും പൊലീസ് വിവരം ആരാഞ്ഞിരുന്നു. അക്രമം നടന്നത് സംബന്ധിച്ച പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് ഇവര്‍ അറിയിച്ചത്. ഞായറാഴ്ച രാത്രി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ് സ്കൂളില്‍ നാശനഷ്ടമുണ്ടാക്കിയത്. അതിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെമേല്‍ കെട്ടിവയ്ക്കാനാണ് ശ്രമം. ബിജെപി-ആര്‍എസ്എസിന്റെ കള്ളപ്രചാരണം പൊതുജനശ്രദ്ധ തിരിച്ചുവിടാനാണെന്നും പാര്‍ടിക്ക് സംഭവത്തില്‍ പങ്കില്ലെന്നും സിപിഐ എം ഒഴൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു.

deshabhimani 140812

No comments:

Post a Comment