Monday, August 20, 2012

പൊലീസിലെ മര്‍ദകവീരന്മാര്‍ക്ക് "മാധ്യമ ന്യായാധിപ"ന്റെ കുഴലൂത്ത്


മര്‍ദകവീരന്മരായ പൊലീസുകാര്‍ക്ക് കുഴലൂത്തുമായി ചില മാധ്യമങ്ങള്‍ രംഗത്ത്. ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന സമാധാനയോഗത്തിനുശേഷവും സിപിഐ എം വേട്ട തുടരുന്ന പൊലീസിനെ തുറന്നുകാട്ടുന്നതിനെയാണ് ഹിറ്റ്ലിസ്റ്റെന്ന് വിശേഷിപ്പിച്ച് "മാതൃഭൂമി" രംഗത്തുവന്നത്. സംസ്ഥാനത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചതാണ്. സര്‍ക്കാര്‍നയത്തെ വെല്ലുവിളിക്കുന്ന പൊലീസുകാരെയാണ് സിപിഐ എം എതിര്‍ത്തത്. അടിയന്തരാവസ്ഥയില്‍പോലും പുലിക്കോടന്‍ നാരായണന്‍ ഉള്‍പ്പെടെയുള്ള മര്‍ദകവീരന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ സിപിഐ എം വിമര്‍ശിച്ചിരുന്നു. പൊലീസിനെ തുറന്നുകാട്ടുമ്പോള്‍ അന്നൊന്നുമില്ലാത്ത ആശങ്കയാണ് മാതൃഭൂമിപോലുള്ള പത്രങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. പൊലീസ്മര്‍ദനത്തിനെതിരായ ജനകീയ ചെറുത്തുനില്‍പ്പ് തടയുകയെന്ന ലക്ഷ്യമാണ് "മാധ്യമ ന്യായാധിപ"ന്റെ മനസ്സിലുള്ളത്.

ജില്ലയിലെ പൊലീസ്ഭീകരതയെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് സിപിഐ എം നേരത്തെ വ്യക്തമാക്കിയതാണ്. ഏഴിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന സമാധാനയോഗത്തില്‍, മൂന്നാംമുറ പ്രയോഗിക്കുന്ന 12 പൊലീസുകാരുടെ പേര് സിപിഐ എം പ്രതിനിധികള്‍ പറഞ്ഞിരുന്നു. ആക്ടിങ് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും ഇവരുടെ പേര്ആവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാനൂര്‍ സിഐ ജയന്‍ ഡൊമിനിക്കിന്റെയും തലശേരി പൊലീസ് സീനിയര്‍ ഓഫീസര്‍ ഷാജിയുടെയും പേരുമാത്രമാണ് കൂടുതലായി പറഞ്ഞത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ പരാതിയേതുടര്‍ന്ന് ചിലര്‍ മര്‍ദനം നിര്‍ത്തിയിട്ടുണ്ടെന്നത് നേരാണ്. ഷുക്കൂര്‍ വധക്കേസില്‍ പിടിയിലായവരെ ഭീകരമായി മര്‍ദിക്കുകയും മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റുകയുംചെയ്ത കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനെതിരെ സിപിഐ എം പരസ്യമായി പ്രതികരിച്ചതാണ്. കസ്റ്റഡിയിലെടുക്കുന്നവര്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിക്കുന്ന ഡിവൈഎസ്പിമാരെയും സിഐമാരെയും എസ്ഐമാരെയും പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. ഇതൊന്നും ഹിറ്റ്ലിസ്റ്റ് തയ്യാറാക്കി ആക്രമിക്കാനല്ല. നിയമം കാത്തുരക്ഷിക്കേണ്ട പൊലീസ് നിരപരാധികളെ വേട്ടയാടുമ്പോള്‍മാത്രമാണ് പ്രതികരിച്ചത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയെന്നനിലയില്‍ സിപിഐ എമ്മിന് ഇതിനെ ചോദ്യംചെയ്യാനുള്ള അവകാശമുണ്ട്. ഇത് പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്നൂവെന്ന വിലയിരുത്തല്‍ ബാലിശമാണ്. പൊലീസ് വിളമ്പുന്ന സിപിഐ എംവിരുദ്ധ വാര്‍ത്തകള്‍ അപ്പടി വിഴുങ്ങുന്നവര്‍ക്കുമാത്രമേ ഇത്തരമൊരു നിഗമനത്തിലെത്താന്‍ കഴിയൂ.

പൊലീസ്മര്‍ദനത്തിനെതിരെ കണ്ണൂര്‍ ജില്ലയിലെ വിവിധ കോടതികളിലായി പതിമൂന്ന് സ്വകാര്യ അന്യായം ഫയല്‍ചെയ്തിട്ടുണ്ട്. പൊലീസ് അതിക്രമത്തിനെതിരെ കോടതികളുടെ പരാമര്‍ശവുമുണ്ടായിരുന്നു. വിവിധ സംഭവങ്ങളില്‍ കസ്റ്റഡിയിലെടുക്കുന്നവരെ സിറ്റിങ് സമയം കഴിഞ്ഞ് മജിസ്ട്രേട്ടുമാരുടെ വസതികളില്‍ ഹാജരാക്കി റിമാന്‍ഡുചെയ്യിക്കുന്നതിനെതിരെയും കോടതികള്‍ വിമര്‍ശിച്ചിട്ടുണ്ട്. പയ്യന്നൂര്‍ കോളേജ് ക്യാമ്പസില്‍വച്ച് അറസ്റ്റ്ചെയ്ത് ക്രൂരമായ മര്‍ദനത്തിനിരയാക്കിയ എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് അംഗം പി കെ നിഷാദിനെ ഹാജരാക്കിയപ്പോഴാണ് കോടതി പൊലീസ് അതിക്രമത്തേക്കുറിച്ച് ആശങ്ക പ്രകടപ്പിച്ചത്. ഇതിനുശേഷം പയ്യന്നൂരില്‍ സിറ്റിങ് സമയത്ത് മാത്രമേ പ്രതികളെ ഹാജരാക്കിയുള്ളൂ. പ്രതികളെ വസതിയില്‍ ഹാജരാക്കുന്നതിനെ തലശേരി മജിസ്ട്രേട്ട് കോടതിയും വിമര്‍ശിച്ചിരുന്നു. പരിക്കേറ്റവരെ നേരെ ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടതെന്ന അഭിപ്രായവും കോടതിയില്‍നിന്നുണ്ടായി. തലശേരി വടക്കുമ്പാട്ടെ എന്‍ കെ ശ്രീലേഷിനെ അറസ്റ്റ്ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിക്കില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം മര്‍ദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇത്തരത്തിലുള്ള പൊലീസിനെയാണ് ചില "മാധ്യമന്യായാധിപന്മാര്‍" വെള്ളപൂശുന്നത്

deshabhimani 200812

1 comment:

  1. മര്‍ദകവീരന്മരായ പൊലീസുകാര്‍ക്ക് കുഴലൂത്തുമായി ചില മാധ്യമങ്ങള്‍ രംഗത്ത്. ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന സമാധാനയോഗത്തിനുശേഷവും സിപിഐ എം വേട്ട തുടരുന്ന പൊലീസിനെ തുറന്നുകാട്ടുന്നതിനെയാണ് ഹിറ്റ്ലിസ്റ്റെന്ന് വിശേഷിപ്പിച്ച് "മാതൃഭൂമി" രംഗത്തുവന്നത്. സംസ്ഥാനത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചതാണ്. സര്‍ക്കാര്‍നയത്തെ വെല്ലുവിളിക്കുന്ന പൊലീസുകാരെയാണ് സിപിഐ എം എതിര്‍ത്തത്. അടിയന്തരാവസ്ഥയില്‍പോലും പുലിക്കോടന്‍ നാരായണന്‍ ഉള്‍പ്പെടെയുള്ള മര്‍ദകവീരന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ സിപിഐ എം വിമര്‍ശിച്ചിരുന്നു. പൊലീസിനെ തുറന്നുകാട്ടുമ്പോള്‍ അന്നൊന്നുമില്ലാത്ത ആശങ്കയാണ് മാതൃഭൂമിപോലുള്ള പത്രങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. പൊലീസ്മര്‍ദനത്തിനെതിരായ ജനകീയ ചെറുത്തുനില്‍പ്പ് തടയുകയെന്ന ലക്ഷ്യമാണ് "മാധ്യമ ന്യായാധിപ"ന്റെ മനസ്സിലുള്ളത്.

    ReplyDelete