Tuesday, August 21, 2012

എണ്ണവില വീണ്ടും ഉയര്‍ത്തും


പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും തമ്മില്‍ ധാരണയായി. സെപ്തംബര്‍ ആദ്യ ആഴ്ചയില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയായശേഷമാണ് വില കൂട്ടുക. ഡീസല്‍ വില ലിറ്ററിന് അഞ്ചുരൂപ വരെയും പെട്രോളിന് മൂന്നുരൂപയും കൂട്ടും. പാചകവാതക സിലിണ്ടറിന് 100 രൂപ വരെ വര്‍ധിപ്പിക്കാനാണ് ധാരണ.

ഡീസല്‍ വില വര്‍ധിപ്പിക്കണമെന്നും സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറിന്റെ എണ്ണം വര്‍ഷത്തില്‍ നാലായി ചുരുക്കണമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. ഡീസല്‍ വില ഒറ്റയടിക്കോ പടിപടിയായോ ഉയര്‍ത്തണമെന്നാണ് സി രംഗരാജന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. ധനകമ്മി കുറയ്ക്കാന്‍ ഇന്ധനവില അടിയന്തരമായി വര്‍ധിപ്പിക്കണമെന്നാണ് സമിതിയുടെ ആവശ്യം. നിലവില്‍ ഡീസല്‍ വില്‍പ്പനയില്‍ ലിറ്ററിന് 12.13 രൂപയുടെ സബ്സിഡി നഷ്ടം നേരിടുന്നുണ്ടെന്നും സബ്സിഡി വെട്ടിക്കുറയ്ക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

പാചകവാതക സബ്സിഡി മൂലം ഈ സാമ്പത്തികവര്‍ഷം 1,65,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന് നേരത്തെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. സിപിഐ എം പ്രതിനിധി മാത്രമാണ് ഇതിനോട് വിയോജിച്ചത്. പാചകവാതക വിലവര്‍ധന അനിവാര്യമാണെന്നും ഇത് എപ്പോള്‍ വേണമെന്ന കാര്യം രാഷ്ട്രീയമായി തീരുമാനിക്കേണ്ടതാണെന്നും എണ്ണക്കമ്പനികള്‍ വ്യക്തമാക്കി. കാലവര്‍ഷം കുറഞ്ഞതും വൈദ്യുതി വിതരണത്തിലെ ദൗര്‍ബല്യവും ഡീസല്‍ ഉപയോഗത്തില്‍ വര്‍ധന വരുത്തിയെന്ന ന്യായവും കമ്പനികള്‍ ഉയര്‍ത്തി. അന്താരാഷ്ട്രവിപണിയിലെ ഇന്ധന വിലവര്‍ധന ചൂണ്ടിക്കാട്ടി പെട്രോള്‍ കമ്പനികള്‍ ക്രമമായ ഇടവേളകളില്‍ വില കൂട്ടിവരികയാണ്. പെട്രോള്‍വിലയില്‍ ഇപ്പോള്‍ സര്‍ക്കാരിന് നിയന്ത്രണാധികാരമില്ല.

അന്താരാഷ്ട്രവിപണിയിലെ നേരിയ വിലവര്‍ധന പോലും ആഭ്യന്തര വിലവര്‍ധനയ്ക്ക് ആയുധമാക്കുന്ന കമ്പനികള്‍ വില കുറയുന്നതനുസരിച്ച് ആഭ്യന്തരവിപണിയില്‍ വില കുറയ്ക്കാന്‍ തയ്യാറല്ല. അടിയന്തരമായി വിലവര്‍ധന വേണമെന്ന് കഴിഞ്ഞയാഴ്ച പെട്രോള്‍ കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിലവര്‍ധനയ്ക്ക് അനുവദിക്കില്ലെങ്കില്‍ പെട്രോള്‍ വിലനിര്‍ണയാധികാരം കേന്ദ്രസര്‍ക്കാരിന് തിരിച്ചെടുക്കാമെന്നു ഭീഷണിയും മുഴക്കി. 2010ലാണ് പെട്രോള്‍ വിലനിര്‍ണയാധികാരം കേന്ദ്രം കൈയൊഴിഞ്ഞത്. ഇതിനുശേഷം 20 തവണ വില കൂട്ടി. അഴിമതിക്കയത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന സര്‍ക്കാരിന് വിലവര്‍ധനയുമായി പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ഭയമുണ്ട്. ഇതിനാലാണ് പാര്‍ലമെന്റ് സമ്മേളനം കഴിയാന്‍ കാത്തുനില്‍ക്കുന്നത്.

അതിനിടെ, ഡീസലിന്റെ ഉപയോഗം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന വാദവുമായി പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. ആകെ ഇന്ധന സബ്സിഡിയുടെ 60 ശതമാനം ഡീസല്‍ സബ്സിഡിക്കാണ് ഉപയോഗിക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ഡീസലിനെ കൂടുതലായി ആശ്രയിക്കുന്നതിനെക്കുറിച്ച് പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ (പിപിഎസി) കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ചു. ഡീസല്‍ ഉപയോഗം പെട്രോള്‍, ഫര്‍ണസ് എണ്ണ, കംപ്രസ്ഡ് പ്രകൃതി വാതകം എന്നിവയെ കവച്ചുവയ്ക്കുന്നു എന്നാണ് വാദം. ഡീസല്‍ വിലവര്‍ധനയ്ക്ക് ന്യായീകരണമെന്ന നിലയിലാണ് ഇത്തരം വാദങ്ങള്‍.

deshabhimani 210812

1 comment:

  1. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും തമ്മില്‍ ധാരണയായി. സെപ്തംബര്‍ ആദ്യ ആഴ്ചയില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയായശേഷമാണ് വില കൂട്ടുക. ഡീസല്‍ വില ലിറ്ററിന് അഞ്ചുരൂപ വരെയും പെട്രോളിന് മൂന്നുരൂപയും കൂട്ടും. പാചകവാതക സിലിണ്ടറിന് 100 രൂപ വരെ വര്‍ധിപ്പിക്കാനാണ് ധാരണ.

    ReplyDelete