Wednesday, August 1, 2012

പുതിയ കെട്ടുകാഴ്ചയുമായി എമര്‍ജിങ് കേരള


കോടികള്‍ ചെലവാക്കി യുഡിഎഫ് സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന എമര്‍ജിങ് കേരള നിക്ഷേപകസംഗമം മുന്‍ ആന്റണി സര്‍ക്കാര്‍ നടത്തിയ ആഗോള നിക്ഷേപക സംഗമം (ജിം) പോലെ പരാജയപ്പെടുമെന്ന് ആശങ്ക. വൈദ്യുതിയും ഇതര അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ സംഗമം നടത്തിയതുകൊണ്ടുമാത്രം കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനാവില്ലെന്ന് വ്യവസായിസമൂഹം വ്യക്തമാക്കുന്നു. പ്രചാരണങ്ങളല്ലാതെ മറ്റൊരു ഒരുക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2003 ജനുവരി 18നും 19നും കൊച്ചിയില്‍ നടത്തിയ നിക്ഷേപകസംഗമത്തെത്തുടര്‍ന്ന് വന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒമ്പതുവര്‍ഷം പിന്നിട്ടിട്ടും ഇവയില്‍ വിരലിലെണ്ണാവുന്ന പദ്ധതികള്‍പോലും യാഥാര്‍ഥ്യമായില്ല. ഇതാണ് നിക്ഷേപകരെ നിരാശരാക്കുന്നത്. സ്വകാര്യമേഖലയില്‍നിന്നുമാത്രം 11,000 കോടി രൂപയുടെ 95 പദ്ധതികളുടെ ധാരണാപത്രമാണ് ജിമ്മില്‍ ഒപ്പുവച്ചത്. റിലയന്‍സ് കമ്പനിയില്‍നിന്നുള്‍പ്പെടെ 3000 കോടി രൂപയുടെ ഉറച്ച നിക്ഷേപവാഗ്ദാനവുമുണ്ടായി. ജിം ഉദ്ഘാടനവേളയില്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി വാഗ്ദാനംചെയ്ത 10,000 കോടി രൂപയുടെ കേന്ദ്രനിക്ഷേപം ഇതിനു പുറമേയാണ്. 26,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാകുന്നുവെന്നാണ് നിക്ഷേപകസംഗമത്തിനൊടുവില്‍ ആന്റണി പ്രഖ്യാപിച്ചത്. ഐടി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷാ മേഖലകളില്‍ 10 വര്‍ഷത്തിനകം കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാല്‍ ഇതൊന്നും യാഥാര്‍ഥ്യമായില്ല.

കണ്ണൂരില്‍ സ്വകാര്യ എയര്‍പോര്‍ട്ട്, തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാര്‍ക്കും റോപ്വേയും ദുബായ്, മസ്കറ്റ് എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലേക്ക് പാസഞ്ചര്‍ കപ്പല്‍ സര്‍വീസ്, എക്സ്പ്രസ് ഹൈവേ, സ്കൈബസ്, മൈക്രോസോഫ്റ്റ്, ഇന്‍ഫോസിസ് എന്നിവ നയിക്കുന്ന ഐടി പദ്ധതികള്‍, നെസ്റ്റ് ഗ്രൂപ്പിന്റെ വിര്‍ച്വല്‍ സര്‍വകലാശാല എന്നിങ്ങനെ അന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ പലതാണ്. ജിം പദ്ധതിയായിരുന്നെങ്കിലും എറണാകുളം മറൈന്‍ഡ്രൈവിലെ ട്രേഡ് സെന്റര്‍ നിര്‍മാണത്തിന് സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് കേരള ചേംബര്‍ മുന്‍ പ്രസിഡന്റ് ഇ എസ് ജോസ് പറഞ്ഞു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടയില്‍ കേരളത്തിലേക്ക് എങ്ങനെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ജോസ് ചോദിച്ചു.

അടിസ്ഥാന സൗകര്യവികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക് വിഭാവനംചെയ്ത 40,000 കോടി രൂപയുടെ പദ്ധതിയും ഈ സര്‍ക്കാര്‍ തുരങ്കംവച്ചു. ഈ സാഹചര്യത്തില്‍ ഇവിടേക്ക് ഏത് നിക്ഷേപകരെ ആകര്‍ഷിക്കാനാണ് കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഫലപ്രദമായ ആസൂത്രണമില്ലാതെയുള്ള നിക്ഷേപകസംഗമം വേണ്ടത്ര വിജയിക്കില്ലെന്ന് ചേംബര്‍ പ്രസിഡന്റ് കെ എന്‍ മര്‍സൂഖ് പറഞ്ഞു. എല്‍ഡിഎഫ്കാലത്ത് വ്യവസായങ്ങള്‍ക്കുള്ള ഏകജാലകസംവിധാനം ഏര്‍പ്പെടുത്താന്‍ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ ശ്രമിച്ചു. എന്നാല്‍ ഈ സര്‍ക്കാരില്‍നിന്ന് അതിന്റെ തുടര്‍ച്ച ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പല നിയമങ്ങളിലും മാറ്റങ്ങള്‍വരുത്താതെ എമര്‍ജിങ് കേരളകൊണ്ട് വേണ്ടത്ര നേട്ടം ഉണ്ടാകില്ലെന്ന് ചേംബര്‍ മുന്‍ പ്രസിഡന്റ് കെ എം അബ്ദുള്ളയും പറഞ്ഞു.
(ഷഫീഖ് അമരാവതി)

deshabhimani 010812

1 comment:

  1. കോടികള്‍ ചെലവാക്കി യുഡിഎഫ് സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന എമര്‍ജിങ് കേരള നിക്ഷേപകസംഗമം മുന്‍ ആന്റണി സര്‍ക്കാര്‍ നടത്തിയ ആഗോള നിക്ഷേപക സംഗമം (ജിം) പോലെ പരാജയപ്പെടുമെന്ന് ആശങ്ക. വൈദ്യുതിയും ഇതര അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ സംഗമം നടത്തിയതുകൊണ്ടുമാത്രം കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനാവില്ലെന്ന് വ്യവസായിസമൂഹം വ്യക്തമാക്കുന്നു. പ്രചാരണങ്ങളല്ലാതെ മറ്റൊരു ഒരുക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

    ReplyDelete