Friday, August 3, 2012

സര്‍ക്കാര്‍ഭൂമി കൈമാറ്റം കൂടുതല്‍ ഉദാരമാക്കി


പശ്ചാത്തലസൗകര്യ വികസനപദ്ധതികള്‍ക്ക് സര്‍ക്കാരില്‍നിന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി. സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നയത്തില്‍ മാറ്റം വരുത്താന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അംഗീകാരം നല്‍കി. പശ്ചാത്തല സൗകര്യ വികസനമേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ തയ്യാറായിനില്‍ക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ സമ്മര്‍ദമാണ് നടപടിക്ക് കാരണം. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പശ്ചാത്തലവികസന പദ്ധതികള്‍ക്ക് ഭൂമി കൈമാറ്റംചെയ്യുന്നതില്‍ നിലവിലുള്ള കാലതാമസം ഒഴിവാക്കാനാണ് നടപടി. ചില മേഖലകളിലുള്ള പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ ഭൂമി കൈമാറ്റംചെയ്യുന്നതിന് നിരോധനമുണ്ടായിരുന്നു. ഒരു വകുപ്പില്‍നിന്ന് മറ്റൊരു വകുപ്പിന് ഭൂമി കൈമാറുന്നതിനൊഴികെയുള്ളവയ്ക്കായിരുന്നു തടസ്സം. ഇത് നീങ്ങുന്നതോടെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സ്വകാര്യപദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ ഭൂമി ലഭിക്കും. ഇത്തരം പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കില്ല. ദേശീയപാത വികസനംപോലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ ജനങ്ങളില്‍നിന്ന് വന്‍തോതില്‍ ടോള്‍ പിരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഭൂമി കൈമാറ്റം ഉദാരമാകുന്നതോടൊപ്പം വിലകുറച്ചായിരിക്കും ഈ ഭൂമി സ്വകാര്യ സംരംഭകരുടെ കൈകളിലെത്തുന്നത്. പൊതുജനങ്ങള്‍ക്ക് ആകെ ഉപകാരപ്രദമാകേണ്ട സമ്പത്ത് സ്വകാര്യമേഖലയ്ക്ക് ലാഭം കൊയ്യാനായി വിട്ടുകൊടുക്കുകയാണ്.

സര്‍ക്കാരിന്റെ പക്കലുള്ള ഭൂമി കൈമാറ്റംചെയ്യുന്നതു സംബന്ധിച്ച് സമഗ്രമായ നയം രൂപീകരിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചിട്ടുണ്ട്. പദ്ധതികള്‍ക്കുവേണ്ടി ഭൂമി കൈമാറുന്നതിന് വിവിധ വകുപ്പുകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണ്ടിയിരുന്നു. ഇത് വലിയ കാലതാമസത്തിന് ഇടയാക്കുന്നുവെന്ന കാരണം പറഞ്ഞാണ് ഇളവ് വരുത്തുന്നത്. സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ ക്രമേണ പിന്‍വലിച്ചതോടെ നിരവധി പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടേതടക്കമുള്ള ഭൂമി വെറുതെ കിടക്കുന്നുണ്ട്. വന്‍ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമുള്ള ഇത്തരം ഭൂമി പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കായി സ്വകാര്യമേഖലയ്ക്ക് കൈമാറുകയെന്നതാകും ഫലം. റോഡ്, റെയില്‍വേ, വിമാനത്താവളം, തുറമുഖം, മെട്രോ റെയില്‍വേ തുടങ്ങിയ പദ്ധതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി ഇനി എളുപ്പം കൈമാറും. റെയില്‍വേ ഒഴികെയുള്ള പദ്ധതികളിലെല്ലാം വന്‍തോതില്‍ സ്വകാര്യപങ്കാളിത്തമുണ്ട്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍തന്നെയായിരിക്കും ഈ ഭൂമി നിലകൊള്ളുകയെന്ന് വ്യവസ്ഥചെയ്യുമെങ്കിലും ദീര്‍ഘകാല പാട്ടത്തിനായിരിക്കും സ്വകാര്യകമ്പനികള്‍ക്ക് ഇവ ലഭിക്കുക.
(വി ജയിന്‍)

deshabhimani 030812

1 comment:

  1. പശ്ചാത്തലസൗകര്യ വികസനപദ്ധതികള്‍ക്ക് സര്‍ക്കാരില്‍നിന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി. സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നയത്തില്‍ മാറ്റം വരുത്താന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അംഗീകാരം നല്‍കി.

    ReplyDelete