Wednesday, August 22, 2012
നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സിംഗ് സമരം ഒത്തുതീര്‍ന്നതിനെതുടര്‍ന്ന് പ്രതികാരനടപടികളുമായി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചത് ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന നഴ്‌സുമാരുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യം അട്ടിമറിക്കാനെന്ന് സൂചന.
ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുസംബന്ധിച്ച് ആരോഗ്യ-തൊഴില്‍വകുപ്പുകള്‍ക്ക് താല്‍പര്യമില്ലെന്നത് പരസ്യമായ രഹസ്യമാണ്. കോതമംഗലം സമരം ഒത്തുതീര്‍ക്കുന്നതിനായി എത്തിയ ലേബര്‍ കമ്മീഷണര്‍ സമരം മാധ്യമസൃഷ്ടിയാണെന്നായിരുന്നു ആരോപിച്ചത്.
ആലുവയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായുള്ള ചര്‍ച്ചയില്‍ ആരോഗ്യ-തൊഴില്‍മന്ത്രിമാര്‍ പങ്കെടുത്തെങ്കിലും ബലരാമന്‍ കമ്മിറ്റി ശുപാര്‍ശ സംബന്ധിച്ച പരാമര്‍ശംപോലും നടത്തിയില്ല.
കോതമംഗലത്തെ 116 ദിവസത്തെ സമരം വിജയിച്ചുവെന്ന തോന്നല്‍ നഴ്‌സിംഗ്‌സമൂഹത്തില്‍ വേരോടിയാല്‍ സമാനമായ സമരം ബലരാമന്‍ കമ്മിറ്റി ശുപാര്‍ശകളുടെ പേരിലും ഉയര്‍ന്നുവരുമെന്നാണ് സര്‍ക്കാരിന്റെ ഭീതി. തൊഴിലാളിവര്‍ഗത്തിന്റെ ആളായിചമയുന്ന തൊഴില്‍മന്ത്രിയുടെ വകുപ്പിന്റെ പരിധിയിലുള്ള 16 നിര്‍ദേശങ്ങള്‍ യഥാസമയം തീരുമാനമെടുക്കാത്തതാണ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
116 ദിവസം സമരംനടന്നിട്ടും കോതമംഗലം ആശുപത്രിയില്‍ മിനിമം വേതനം നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്നതില്‍ തൊഴില്‍വകുപ്പ് പരാജയപ്പെടുകയായിരുന്നു. മിനിമം വേതനം സംബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി രൂപീകരിച്ചെങ്കിലും സ്വകാര്യ മാനേജ്‌മെന്റുകളുമായി തുടര്‍ചര്‍ച്ച നടത്തുന്നതിന് തൊഴില്‍വകുപ്പ് യാതൊരു താല്‍പര്യവും കാട്ടിയില്ല.
സംസ്ഥാനത്തെ സ്വകാര്യ, സഹകരണമേഖലയില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ മുഴുവനും തൊഴില്‍വകുപ്പിന്റെ കീഴിലാണ്. മിനിമം വേതനം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മാസങ്ങളായി നടപടിയില്ലെങ്കിലും ആലുവയിലെ ചര്‍ച്ച കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെ സമരസഹായസമിതിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. സമരത്തിന് നേതൃത്വം നല്‍കിയ മൂന്ന് നഴ്‌സുമാര്‍ക്കെതിരെ ആത്മഹത്യാകുറ്റത്തിന് കേസെടുക്കുകയും ചെയ്തു.
കോതമംഗലം സമരത്തില്‍ പ്രധാന തര്‍ക്കവിഷയങ്ങളായി മാറിയ നഴ്‌സ്-രോഗി അനുപാതം, അന്യസംസ്ഥാനങ്ങളില്‍നിന്ന് നഴ്‌സിംഗ്പഠനം കഴിഞ്ഞുവരുന്നവര്‍ കേരളത്തിലെ സര്‍ക്കാര്‍ പരീക്ഷ പാസാവണം, ലീവ്, ഡ്യൂട്ടി എന്നിവ സംബന്ധിച്ച കൃത്യമായ നിര്‍വചനങ്ങള്‍, അടിസ്ഥാനശമ്പളം, 12,900 മുതല്‍ 21360 വരെ ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങളിലാണ് തൊഴില്‍വകുപ്പ് അടയിരിക്കുന്നത്.
ബലരാമന്‍ കമ്മിറ്റി രോഗിയും നഴ്‌സും തമ്മിലുള്ള അനുപാതം 4:1 എന്നാണ് പറയുന്നതെങ്കിലും 7:1 എന്ന അനുപാതമെങ്കിലും നടപ്പിലാക്കണമെന്ന നഴ്‌സുമാരുടെ ആവശ്യത്തിനുനേരെയും തൊഴില്‍വകുപ്പ് മുഖംതിരിക്കുകയാണ്.
കോതമംഗലം സമരം: അറസ്റ്റ് തുടരുന്നു
കോതമംഗലം: ബസേലിയോസ് നഴ്‌സുമാരുടെ സമരത്തെ അനുകൂലിച്ചവര്‍ക്കെതിരെയുള്ള പൊലീസ് നടപടി തുടരുന്നു. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടുകൂടി വെണ്ടുവഴിയില്‍ നിന്നും അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് 77 പേരെ അറസ്റ്റ് ചെയ്തിരുന്നു. വെണ്ടുവഴിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നുകണ്ട് പൊലീസ് വിട്ടയച്ചു.
116 ദിവസം പിന്നിട്ട സമരത്തിന്റെ അവസാന ദിനങ്ങളില്‍ കോതമംഗലത്ത് അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ പേരില്‍ വിവിധ കേസുകളിലായി 600 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അര്‍ദ്ധരാത്രിയില്‍ വീടുകള്‍ വളഞ്ഞ് ആളുകളെ അറസ്റ്റ് ചെയ്യുന്നത്.
ഷാഹുല്‍ ഉതനാട്ട്, ഷമീര്‍ ഉതനാട്ട്, ഷാഹിന്‍ മുഹമ്മദ്, കബീര്‍ പരുതയില്‍ എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ഇവരെ കോതമംഗലം കോടതിയില്‍ ഹാജരാക്കി. പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ ദിവസം റിമാന്‍ഡിലായ നായ്ക്കമാവ് ടി സലാമിന് ജാമ്യം ലഭിച്ചു. എന്നാല്‍ വെട്ടിക്കല്‍ രാജേഷിന് കോടതി ജാമ്യം നിഷേധിച്ചു.
സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടുള്ള അറസ്റ്റുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് എന്നും മനുഷ്യാവകാശ ലംഘനമാണ് പൊലീസ് നടത്തുന്നതെന്നും പരാതി ഉയരുന്നുണ്ട്. സമരം നടത്തിയ നഴ്‌സുമാര്‍ക്കെതിരെയുള്ള എല്ലാ കേസുകളും അവസാനിപ്പിക്കുമെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ പറയുന്നുണ്ടെങ്കിലും ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ കയറിയ മൂന്നു നഴ്‌സുമാര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
janayugom 220812
Subscribe to:
Post Comments (Atom)
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സിംഗ് സമരം ഒത്തുതീര്‍ന്നതിനെതുടര്‍ന്ന് പ്രതികാരനടപടികളുമായി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചത് ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന നഴ്‌സുമാരുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യം അട്ടിമറിക്കാനെന്ന് സൂചന.
ReplyDelete