Tuesday, August 21, 2012

പൊറുക്കാനാകാത്ത ജനവിരുദ്ധ നയങ്ങള്‍


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ പൊറുക്കാനാകാത്തവിധം തുടര്‍ന്നുവരികയാണ്. ദൈവംപോലും മനുഷ്യന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് അപ്പത്തിന്റെ രൂപത്തിലാണെന്നാണ് ഗാന്ധിജി പറഞ്ഞത്. ഭക്ഷണത്തിന്റെ പ്രാധാന്യമാണ് ഗാന്ധിജി ഊന്നിപ്പറഞ്ഞത്. ""ഉത്തമാംഗം വയറെന്ന് ശഠിപ്പവര്‍"" എന്ന് പറഞ്ഞ് സഞ്ജയന്‍ ഒരിക്കല്‍ കമ്യൂണിസ്റ്റുകാരെ കളിയാക്കിയിരുന്നു. ഉത്തമാംഗമായ തല പ്രവര്‍ത്തിക്കണമെങ്കില്‍ വയറില്‍ ഭക്ഷണം വേണം. അതുകൊണ്ടുതന്നെ ഉത്തമാംഗം വയറെന്ന് ശഠിച്ചാല്‍ തെറ്റൊന്നുമില്ല എന്ന് പ്രതികരിച്ചു. മനുഷ്യന് മാത്രമല്ല, സകല ജീവജാലങ്ങള്‍ക്കും ഭക്ഷണം പ്രധാനംതന്നെയാണ്. അതില്‍ അധിക്ഷേപാര്‍ഹമായി ഒന്നുമില്ല.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിവ മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളാണ്. ഈ ആവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കുകയെന്നത് ജനാധിപത്യ ഭരണക്രമത്തില്‍ സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ഈ കര്‍ത്തവ്യനിര്‍വഹണത്തില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. ജനിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ഓരോ പൗരന്റെയും അവകാശമാണ് ഭക്ഷണം. അത് ആരുടെയും ഔദാര്യമല്ല. ഇന്ത്യയില്‍ ഭക്ഷ്യ വിലക്കയറ്റം ഒരു സ്ഥിരം പ്രതിഭാസമായിരിക്കുന്നു. ഫുഡ് ഇന്‍ഫ്ളേഷന്‍ (ഭക്ഷ്യ വിലക്കയറ്റം) എന്ന ഒരു വാക്കുതന്നെ നമ്മുടെ നിത്യജീവിതത്തില്‍ പ്രയോഗത്തില്‍ വന്നുകഴിഞ്ഞിരിക്കുന്നു. വിലക്കയറ്റംമൂലം ജനജീവിതം ദുരിതപൂര്‍ണമായി മാറിയിരിക്കുന്നു. സഹിക്കാന്‍ കഴിയാത്തത്ര രൂക്ഷമാണ് വിലക്കയറ്റം. ഈ സാഹചര്യത്തിലാണ് ""ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക"" എന്ന മുദ്രാവാക്യം ഉയര്‍ത്തി ആഗസ്ത് 22ന് കേരളത്തിലെ മുഴുവന്‍ ജില്ലാ കലക്ടറേറ്റുകളും കേരള ഭരണത്തിന്റെ മുഖ്യ സിരാകേന്ദ്രമായ സംസ്ഥാന സെക്രട്ടറിയറ്റും പതിനായിരക്കണക്കില്‍ ബഹുജനങ്ങള്‍ പങ്കെടുത്ത് വളയാന്‍ തീരുമാനിച്ചത്.

ഈ സമരം കേരളത്തിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമായി മാറാന്‍ പോകുകയാണ്. കേരളത്തില്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കിയത് ജനങ്ങളുടെ സംഘടിതവും രൂക്ഷവുമായ സമരങ്ങളുടെ ഫലമായാണ്. ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ഭരിക്കുന്ന കാലത്താണ് റേഷന്‍ഷാപ്പുകള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായി സ്ഥാപിച്ചതും പൊതുവിതരണ ശൃംഖല വിപുലപ്പെടുത്തിയതും. മാവേലി സ്റ്റോറുകള്‍ക്കെതിരെ വാമന സ്റ്റോറുകള്‍ തുറന്ന് പൊതുവിതരണ സമ്പ്രദായത്തെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ക്രമേണ മാവേലിസ്റ്റോറുകള്‍ക്കു പുറമെ നീതിസ്റ്റോറുകളും ത്രിവേണി സ്റ്റോറുകളും കണ്‍സ്യൂമര്‍ ഫെഡറേഷന്റെ വില്പനശാലകളും നീതി മെഡിക്കല്‍ സ്റ്റോറുകളും നിലവില്‍വന്നു. ഉത്സവകാലങ്ങളില്‍ ഓണച്ചന്ത, പെരുന്നാള്‍, ക്രിസ്മസ് ചന്തകളും സ്ഥാപിക്കപ്പെട്ടു. പച്ചക്കറി സാധനങ്ങളുടെ വില നിയന്ത്രിക്കാനും ഇത്തരം സംരംഭങ്ങള്‍ സഹായകമായി. വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നതിന് കേരളത്തിലെ പൊതുവിതരണ ശൃംഖല പ്രയോജനപ്പെട്ടു എന്ന് മാത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് കേരളത്തിലെ പൊതുവിതരണ സമ്പ്രദായം മാതൃകയായി. ഇതാണ് യുഡിഎഫ് ഭരണകാലത്ത് അട്ടിമറിക്കപ്പെട്ടത്. റേഷന്‍ഷാപ്പ് എന്ന പേരും ബോര്‍ഡും മാറ്റി. യുഡിഎഫ് ഭരണകാലത്ത് മാവേലിസ്റ്റോറുകള്‍ കാലിയായി. എല്ലാ കാര്‍ഡുടമകള്‍ക്കും അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവ ചുരുങ്ങിയ വിലയ്ക്ക് നല്‍കിയത് പാടെ തകര്‍ത്തുകൊണ്ട് ജനങ്ങളെ എപിഎല്‍ (ദാരിദ്ര്യരേഖക്ക് മുകളിലുള്ളവര്‍) ബിപിഎല്‍ (ദാരിദ്ര്യരേഖക്ക് കീഴെയുള്ളവര്‍) എന്നിങ്ങനെ വിഭജിച്ചു. ദാരിദ്ര്യ രേഖക്കു കീഴെയുള്ളവര്‍ക്ക് മാത്രം റേഷന്‍ നല്‍കിയാല്‍ മതി എന്ന നിലപാട് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. പണക്കാര്‍ക്ക് റേഷന്‍ വേണ്ട എന്ന ന്യായത്തിന്റെ മറവിലാണ് തികച്ചും വഞ്ചനാപരമായി കേരളത്തിലെ പൊതുവിതരണ സമ്പ്രദായം യുഡിഎഫ് അട്ടിമറിച്ചത്. ദാരിദ്ര്യരേഖ ആസൂത്രണ കമീഷന്‍ ഇഷ്ടംപോലെ മാറ്റിവരച്ച് റേഷന്‍ ലഭിക്കുന്നവരുടെ എണ്ണം പടിപടിയായി കുറച്ചു കൊണ്ടുവന്നു. ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 26 രൂപയും നഗരങ്ങളില്‍ 32 രൂപയും വരുമാനമുള്ളവരെ ദരിദ്രരായി കണക്കാക്കാന്‍ പാടില്ലെന്ന ശുപാര്‍ശ വന്നിരിക്കുന്നു. വില വാണംപോലെ ദിനംപ്രതി കയറിക്കൊണ്ടിരിക്കുകയും രൂപയുടെ മൂല്യം കുറഞ്ഞുവരികയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. റേഷന്‍ സമ്പ്രദായം അട്ടിമറിച്ച് കൂപ്പണ്‍ സമ്പ്രദായം നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഫലത്തില്‍ പട്ടിണിയും വറുതിയും കൂട്ട ആത്മഹത്യയും കേരള ജനതയെ തുറിച്ചുനോക്കുകയാണ്. ഇന്ത്യയിലെ ഗോഡൗണുകളില്‍ എട്ടേകാല്‍ കോടി ടണ്‍ ഭക്ഷ്യധാന്യം കുന്നുകൂടിക്കിടക്കുമ്പോഴാണ് ഭക്ഷ്യധാന്യം കിട്ടാതെ ജനങ്ങള്‍ പട്ടിണി കിടക്കേണ്ടിവരുന്നത്. ഗോഡൗണുകളിലെ ഭക്ഷ്യധാന്യം എലിതിന്നും മഴപെയ്ത് നഞ്ഞ് കുതിര്‍ന്നും നശിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യധാന്യം എലിതിന്ന് നശിക്കാന്‍ വിടുന്നതിന് പകരം അത് പട്ടിണിക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീംകോടതിക്കുപോലും പറയേണ്ടിവന്നു. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരനക്കവുമില്ല. ഭക്ഷ്യ സബ്സിഡിക്ക് പണമുണ്ട് വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യധാന്യം ജനങ്ങള്‍ക്കെല്ലാം ലഭ്യമാക്കുന്നതിനും സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കണമെന്നാണ് സിപിഐ എം വളരെക്കാലമായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുന്നത്.

കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും 35 കിലോ അരിയോ ഗോതമ്പോ ലഭ്യമാക്കണം. അതിന് പണമില്ലെന്ന വാദം തെറ്റാണ്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനകം 28 ലക്ഷം കോടി രൂപയാണ് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവനുവദിച്ചത്. ഇതിന്റെ ചെറിയൊരംശം മാത്രമുപയോഗിച്ചാല്‍ സാര്‍വത്രികമായ പൊതുവിതരണ സംവിധാനം പ്രായോഗികമാക്കാന്‍ കഴിയും. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലല്ല സുരക്ഷ ഇല്ലാതാക്കുന്നതിലാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്ന് വ്യക്തമായിക്കഴിഞ്ഞു. മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെയുള്ള ശതകോടീശ്വരന്മാര്‍ക്ക് 28 ലക്ഷം കോടി രൂപയുടെ നികുതി ഇളവനുവദിക്കുമ്പോള്‍ 99 ശതമാനത്തില്‍പരം ജനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപപോലും മാറ്റിവച്ച് സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പാക്കാനുള്ള മനസ്സ് കോണ്‍ഗ്രസിനില്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഒരു ശതമാനത്തിന്റെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. 99 ശതമാനം ജനങ്ങളെ അവഗണിക്കുകയാണ്. സാമ്പത്തിക മേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ ഒരു നടപടിയും യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഇന്ത്യയിലെ സമ്പന്നന്മാര്‍ വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം 25 ലക്ഷം കോടിക്കും 60 ലക്ഷം കോടിക്കും മധ്യത്തിലാണെന്നാണ് പറയുന്നത്. വിദേശബാങ്കില്‍ പണം നിക്ഷേപിക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍ നിക്ഷേപകരുടെ പേര് വെളിപ്പെടുത്താന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയാറില്ല. വ്യവസായ മേഖലയുടെ വളര്‍ച്ച 1.8 ശതമാനമായി കുത്തനെ താഴ്ന്നിരിക്കുന്നു. കാര്‍ഷികമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. 1995നുശേഷം മൂന്നുലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായി. 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. ആഭ്യന്തര ഉല്പാദനം 6.5 ശതമാനമായി താഴ്ന്നിരിക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ അഴിമതി നടത്തുന്നതില്‍ ലോകത്തില്‍ത്തന്നെ ഒന്നാംസ്ഥാനം കൈക്കലാക്കിയിരിക്കുന്നു. ഒളിമ്പിക്സില്‍ 55-ാം സ്ഥാനത്താണെങ്കില്‍ അഴിമതിയിലും ദാരിദ്ര്യത്തിലും ആത്മഹത്യയിലും ഒന്നാം സ്ഥാനത്താണെന്നഭിമാനിക്കാം. പിന്നെങ്ങനെ ആത്മാഭിമാനമുണ്ടാകും! കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാല്‍പ്പാടുകളാണ് പിഴയ്ക്കാതെ പിന്തുടരുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കില്‍ മുഴുകിയിരിക്കുകയാണ്. ഒന്നും രണ്ടും മൂന്നും നാലും ഗ്രൂപ്പുകള്‍ സ്ഥാനലബ്ധിക്കായി പരസ്പരം മത്സരിക്കുകയാണ്. ഘടകകക്ഷികള്‍ തമ്മിലും കടുത്ത മത്സരം തുടരുന്നു.

മന്ത്രിസഭാംഗങ്ങള്‍ തമ്മില്‍ നിയമസഭക്കകത്ത്പോലും തമ്മില്‍ വഴക്കിടുന്നു. നയം പറയേണ്ടത് നീയല്ല, ഞാനാണ് എന്ന് ഒരു മന്ത്രിക്ക് നിയമസഭ നടന്നുകൊണ്ടിരിക്കെ ചീഫ് വിപ്പിനോട് പറയേണ്ടിവന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ചീഫ് വിപ്പും മന്ത്രിയും തമ്മില്‍ "വാടാ പോടാ" വിളി നടന്നു. മന്ത്രി യോഗത്തില്‍നിന്നിറങ്ങിപ്പോന്നു. കോണ്‍ഗ്രസ് എംഎല്‍എ ധീവരരുടെ കാര്യം മാത്രം നോക്കിയാല്‍മതി എന്ന് ചീഫ് വിപ്പ് പരസ്യമായി പറയുന്നു. ജാതി പറഞ്ഞാക്ഷേപിക്കപ്പെടുന്ന ദയനീയാവസ്ഥയാണ് കോണ്‍ഗ്രസ് എംഎല്‍എയ്ക്കുണ്ടായത്. നിയമസഭയില്‍ ഞാനാണ് മുഖ്യമന്ത്രി എന്ന് മുഖ്യമന്ത്രിക്ക് ഇടപെട്ട് പറയേണ്ടതായ ഗതികേടുണ്ടായി. മുഖ്യമന്ത്രിയെപ്പോലും ബഹുമാനിക്കാന്‍ ഭരണമുന്നണിയില്‍പ്പെട്ടവര്‍ക്ക് ബാധ്യതയില്ല എന്ന നില അപഹാസ്യമെന്നല്ലാതെ എന്ത് പറയാന്‍ കഴിയും.

വഴക്കും വക്കാണവും നടക്കുമ്പോള്‍ ജനങ്ങളുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആര്‍ക്കും സമയമില്ല. ദ്രോഹിക്കാന്‍ വേണ്ടത്ര സമയമുണ്ട്. അതാണ് പങ്കാളിത്ത പെന്‍ഷന്‍. നിയമന നിരോധനം അടിച്ചേല്പിച്ചു കഴിഞ്ഞു. തൊഴില്‍ രഹിതരായ യുവാക്കള്‍ പുതുതായി ഒരു ജോലിയും പ്രതീക്ഷിക്കേണ്ടതില്ല. പെന്‍ഷന്‍പ്രായം 60 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത മട്ടിലാണ് സംസാരം. കര്‍ഷക ആത്മഹത്യ സംസ്ഥാനത്ത് തിരിച്ചുവന്നു. പൊതുമേഖലാ വ്യവസായങ്ങള്‍ നഷ്ടത്തിലാണ്. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൊട്ടിഘോഷിച്ച കൊച്ചി മെട്രോ തുടക്കംകുറിക്കുന്നതില്‍പോലും തര്‍ക്കമാണ്. കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കേരള ജനത ഒന്നടങ്കം രംഗത്തിറങ്ങേണ്ടതായ സമയം അതിക്രമിച്ചിരിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിലാണ് ആഗസ്ത് 22ന് കേരളത്തിലെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റും ജില്ലാ കലക്ടറേറ്റുകളും വളയാനും സ്തംഭിപ്പിക്കാനും സിപിഐ എം ബഹുജനങ്ങളോടാഹ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. ജില്ലാതലത്തില്‍ പ്രചാരണ ജാഥകള്‍ സമാപിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് ബഹുജനങ്ങളാണ് 22ന് സമരകേന്ദ്രങ്ങളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സിപിഐ എം നേതാക്കളെ ആസൂത്രിതമായി ഗൂഢാലോചന നടത്തി മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും സംസ്ഥാന ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡന്റും ഒത്തുചേര്‍ന്ന് സ്വന്തക്കാരായ ചില പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി കള്ളക്കേസ് കെട്ടിച്ചമച്ച് ജയിലിലടച്ചാല്‍ തകരുന്നതല്ല ഈ പ്രസ്ഥാനം എന്ന് ഒരിക്കല്‍ക്കൂടി തെളിയാന്‍ പോവുകയാണ്.

അനീഷ്രാജന്‍ എന്ന 24 വയസ്സായ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിനെ അതിക്രൂരമായി വെട്ടിക്കൊന്ന വാര്‍ത്ത തികച്ചും തമസ്കരിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വളരെ വൈകിയാണെങ്കിലും ആ ചെറുപ്പക്കാരന്റെ അമ്മ കരയുന്ന ചിത്രം 11-ാം പേജിലെങ്കിലും കൊടുക്കേണ്ടതായിവന്നു. രണ്ട് യുവാക്കളെ അരീക്കോട് വെട്ടിനുറുക്കി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് 20 ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതികളായി ജയിലില്‍ കിടന്നാലും മുസ്ലിംലീഗുകാര്‍ കൊലപാതകികളാകുന്നില്ല. ഇതും യുഡിഎഫ് ഭരണത്തില്‍മാത്രം നടക്കുന്നതാണ്.

ലോക്കപ്പില്‍വെച്ച് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നു. മൂന്നാംമുറ നിത്യസംഭവമായി മാറിയിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 370 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീപീഡനം, കവര്‍ച്ച, ഭവനഭേദനം എന്നിവ വര്‍ധിച്ചു. തീവണ്ടിയില്‍ സ്ത്രീകള്‍ക്ക് ഭയാശങ്കകളോടെയല്ലാതെ സഞ്ചരിക്കാന്‍ കഴിയാതായിരിക്കുന്നു. പ്രതികരണശേഷി പ്രകടിപ്പിക്കാതെ ജീവിക്കാന്‍ കഴിയാത്ത നിലവന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് താഴെ കൊടുത്ത 17 ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 22ന് കേരളത്തിലെ ഭരണം സ്തംഭിപ്പിക്കുന്ന തരത്തില്‍ പ്രക്ഷോഭം നടത്താന്‍ തീരുമാനമെടുത്തത്.

1. ബിപിഎല്‍, എപിഎല്‍ വേര്‍തിരിവില്ലാതെ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുക.
2. കിലോഗ്രാമിന് 2 രൂപയില്‍ കൂടാത്ത നിരക്കില്‍ പ്രതിമാനം 35 കിലോ ഭക്ഷ്യധാന്യം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കുക.
3. ക്ഷേമ പദ്ധതികള്‍ക്കായുള്ള അടിസ്ഥാനമെന്ന നിലയില്‍ ആസൂത്രണ കമീഷന്‍ കൊണ്ടുവന്ന തട്ടിപ്പ്കണക്കുകള്‍ തള്ളുക.
4. വിലക്കയറ്റം തടയാനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും യുഡിഎഫ് സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കുക.
5. പെട്രോള്‍, ഡീസല്‍, പാചകവാതക, മണ്ണെണ്ണ വിലവര്‍ധന ഉപേക്ഷിക്കുക.
6. കര്‍ഷകര്‍ക്ക് ന്യായവിലയും ആദായവും ഉറപ്പാക്കാന്‍ സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക.
7. രാസവളം വിലവര്‍ധന തടയുക.
8. സ്വകാര്യവല്‍ക്കരണ നടപടി നിര്‍ത്തുക. തൊഴിലാളി താല്പര്യം സംരക്ഷിക്കുക.
9. വര്‍ഗീയവല്‍ക്കരണം തടയുക, മതനിരപേക്ഷത സംരക്ഷിക്കുക.
10. വൈദ്യുതി നിരക്ക് വര്‍ധന തടയുക.
11. മരുന്ന് വിലവര്‍ധന തടയുക.
12. ജനകീയാസൂത്രണം അട്ടിമറിക്കരുത്.
13. പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക.
14. പെന്‍ഷന്‍ അട്ടിമറിക്കാനും പെന്‍ഷന്‍പ്രായം ഉയര്‍ത്താനുമുള്ള നീക്കം ഉപേക്ഷിക്കുക.
15. വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവും ഉപേക്ഷിക്കുക.
16. 2005 വരെയുള്ള വയല്‍നികത്തലിന് നിയമപ്രാബല്യം നല്‍കാനുള്ള നടപടി ഉപേക്ഷിക്കുക. നെല്‍വയല്‍ സംരക്ഷിക്കുക.
17. നെല്ലിയാമ്പതിയില്‍ പാട്ട വ്യവസ്ഥ ലംഘിക്കുകയും പാട്ടക്കാലാവധി അവസാനിക്കുകയും ചെയ്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 22ന് നടത്തുന്ന സമരത്തില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കേണ്ടത് കേരളത്തിെന്‍റ നിലനില്‍പ്പിനായുള്ള ഉപാധി തന്നെയാണ്. ജനകീയ പ്രക്ഷോഭത്തിലൂടെയേ കേരളത്തെ രക്ഷിക്കാനാവൂ.

വി വി ദക്ഷിണാമൂര്‍ത്തി chintha weekly

1 comment:

  1. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ പൊറുക്കാനാകാത്തവിധം തുടര്‍ന്നുവരികയാണ്. ദൈവംപോലും മനുഷ്യന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് അപ്പത്തിന്റെ രൂപത്തിലാണെന്നാണ് ഗാന്ധിജി പറഞ്ഞത്. ഭക്ഷണത്തിന്റെ പ്രാധാന്യമാണ് ഗാന്ധിജി ഊന്നിപ്പറഞ്ഞത്. ""ഉത്തമാംഗം വയറെന്ന് ശഠിപ്പവര്‍"" എന്ന് പറഞ്ഞ് സഞ്ജയന്‍ ഒരിക്കല്‍ കമ്യൂണിസ്റ്റുകാരെ കളിയാക്കിയിരുന്നു. ഉത്തമാംഗമായ തല പ്രവര്‍ത്തിക്കണമെങ്കില്‍ വയറില്‍ ഭക്ഷണം വേണം. അതുകൊണ്ടുതന്നെ ഉത്തമാംഗം വയറെന്ന് ശഠിച്ചാല്‍ തെറ്റൊന്നുമില്ല എന്ന് പ്രതികരിച്ചു. മനുഷ്യന് മാത്രമല്ല, സകല ജീവജാലങ്ങള്‍ക്കും ഭക്ഷണം പ്രധാനംതന്നെയാണ്. അതില്‍ അധിക്ഷേപാര്‍ഹമായി ഒന്നുമില്ല.

    ReplyDelete