Friday, August 3, 2012

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം


സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിച്ച് ചെലവുചുരുക്കുന്നതിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആസൂത്രണ ബോര്‍ഡ്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതിഗുരുതരമായ പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. സാമ്പത്തികമാന്ദ്യംമൂലം, കേന്ദ്രവിഹിതത്തിലും സംസ്ഥാന നികുതിവരുമാനത്തിലുമുണ്ടായ കുറവും ചെലവുകള്‍ വര്‍ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായി ആസൂത്രണ ബോര്‍ഡ് വിലയിരുത്തുന്നത്.

ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് പാരമ്പര്യേതര ഊര്‍ജമേഖലയില്‍ക്കൂടി കടക്കണം. 1600 മെഗാവാട്ട് വൈദ്യുതിയാണ് നിലവില്‍ ഉല്‍പ്പാദനം. 5000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടികൂടി കെഎസ്ഇബി ആസൂത്രണംചെയ്യണം. ഇതിന്റെ സാധ്യതകളെക്കുറിച്ച് പരിശോധിക്കാനായി ആസൂത്രണ സെക്രട്ടറി സുബ്രതോ ബിശ്വാസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയി, പവര്‍ സെക്രട്ടറിയും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായ ഇലിയാസ് ജോര്‍ജ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. സമിതി എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കണം. ഒഡിഷയില്‍നിന്ന് ലഭിക്കുന്ന കല്‍ക്കരി, സംസ്ഥാനത്ത് പ്രകൃതിവാതകം ഉപയോഗിച്ച് വിഭാവനംചെയ്യുന്ന വൈദ്യുതിനിലയം, സൗരോര്‍ജം, കാറ്റ് എന്നിവ ഉപയോഗിച്ച്് 5000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ആസൂത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്നത്. ഒഡിഷയില്‍നിന്ന് ലഭിക്കുന്ന കല്‍ക്കരി അവിടെത്തന്നെ വൈദ്യുതിയാക്കി കേരളത്തിലേക്ക് കൊണ്ടുവരണം. ഇതിനായി ഒഡിഷയില്‍ വൈദ്യുതിനിലയം സ്ഥാപിക്കണം. അനെര്‍ട്ടിനൊപ്പം വൈദ്യുതി ബോര്‍ഡും പാരമ്പര്യേതര ഊര്‍ജരംഗത്തേക്ക് തിരിയണം. വീടുകളുടെ പുരപ്പുറത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി, ബോര്‍ഡ് വിലകൊടുത്ത് വാങ്ങണമെന്നും ആസൂത്രണ ബോര്‍ഡ് യോഗം ശുപാര്‍ശചെയ്തു.

deshabhimani 030812

1 comment:

  1. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിച്ച് ചെലവുചുരുക്കുന്നതിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആസൂത്രണ ബോര്‍ഡ്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതിഗുരുതരമായ പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. സാമ്പത്തികമാന്ദ്യംമൂലം, കേന്ദ്രവിഹിതത്തിലും സംസ്ഥാന നികുതിവരുമാനത്തിലുമുണ്ടായ കുറവും ചെലവുകള്‍ വര്‍ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായി ആസൂത്രണ ബോര്‍ഡ് വിലയിരുത്തുന്നത്.

    ReplyDelete