Tuesday, August 21, 2012

കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകരെ കൂട്ടത്തോടെ ജയിലിലടച്ചു


സിപിഐ എം നേതാക്കളെയും ജനപ്രതിനിധികളെയും കള്ളക്കേസില്‍കുടുക്കി കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. തലശേരി ഏരിയ സെക്രട്ടറി എം സി പവിത്രന്‍, എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ വി സുമേഷ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം എം വി രാജീവന്‍ തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിഐ ഓഫീസുകളിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്തതിനാണ് അറസ്റ്റ്. തിങ്കളാഴ്ച പകല്‍ നാലോടെ തലശേരി സബ്ജയില്‍ പരിസരത്ത് എസ്ഐ ബിജുജോണ്‍ലൂക്കോസും സംഘവുമാണ് എം സി പവിത്രനെ അറസ്റ്റ്ചെയ്തത്. സബ്ജയില്‍ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ കാത്തു നില്‍ക്കുമ്പോഴാണ് പിടികൂടിയത്. അറസ്റ്റ്ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടി പൂര്‍ണമായി ലംഘിച്ചു. എംഎല്‍എയെ കാണാന്‍ നില്‍ക്കുകയാണെന്ന് പറഞ്ഞിട്ടും പൊലീസ് പിന്മാറിയില്ല. എന്തിനാണ് അറസ്റ്റെന്ന് അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടിയുണ്ടായില്ല. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പവിത്രനെ റിമാന്‍ഡ്ചെയ്തു.

എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ വി സുമേഷ്, ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി പി ഷിനോജ്, സിപിഐ എം ശ്രീകണ്ഠപുരം ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്കെടിയു നിടിയേങ്ങ വില്ലേജ് സെക്രട്ടറിയുമായ ടി ആര്‍ നാരായണന്‍ എന്നിവരെ സിഐ ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി സെപ്തംബര്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ഇതേ കേസില്‍ 14 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് കേസിലാണ് ജില്ലാപഞ്ചായത്തംഗവും ഡിവൈഎഫ്ഐ ജില്ലാ വൈസ്പ്രസിഡന്റുമായ എം വി രാജീവന്‍, കേരള പ്രവാസിസംഘം ജില്ലാപ്രസിഡന്റ് എം വി രവി, ഡിവൈഎഫ്ഐ ചെറുതാഴം നോര്‍ത്ത് വില്ലേജ് പ്രസിഡന്റ് എം പ്രജിത്ത്, ജോ. സെക്രട്ടറി എ ശ്രീകാന്ത്, ചെറുതാഴം വെസ്റ്റ് വില്ലേജ് സെക്രട്ടറി പി പി മിഥുന്‍, കെ സന്തോഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ജില്ലാപഞ്ചായത്തിന്റെ കൃഷി അനുബന്ധ മേഖലയുടെ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍കൂടിയാണ് രാജീവന്‍. 24ന് പദ്ധതി സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ടതാണ്. ഇതിനിടയിലാണ് അറസ്റ്റ്. ഡിവൈഎഫ്ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റിയംഗവും സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗവുമായ പൊറക്കുന്നിലെ പി പ്രകാശന്‍ (34), ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) മാതമംഗലം ഡിവിഷന്‍ കമ്മിറ്റിയംഗവും സിപിഐ എം രാമപുരം ബ്രാഞ്ചംഗവുമായ കെ വി പ്രഭീഷ് (33), ഡിവൈഎഫ്ഐ അരവഞ്ചാല്‍ യൂണിറ്റ് സെക്രട്ടറി കെ വി ചന്ദ്രന്‍ എന്നിവരെയാണ് പെരിങ്ങോം എസ്ഐ എം ഇ രാജഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്.

deshabhimani 210812

1 comment:

  1. സിപിഐ എം നേതാക്കളെയും ജനപ്രതിനിധികളെയും കള്ളക്കേസില്‍കുടുക്കി കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. തലശേരി ഏരിയ സെക്രട്ടറി എം സി പവിത്രന്‍, എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ വി സുമേഷ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം എം വി രാജീവന്‍ തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിഐ ഓഫീസുകളിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്തതിനാണ് അറസ്റ്റ്.

    ReplyDelete