Tuesday, August 21, 2012
ഒത്താശയില്‍ തഴയ്ക്കുന്ന "ക്രൈം"
കവിയൂരിലെ അനഘയും കുടുംബവും ആത്മഹത്യചെയ്ത കേസില്‍ പ്രമുഖ സിപിഐ എം നേതാക്കളെയും മക്കളെയും ഉള്‍പ്പെടുത്തുന്നതിന് മൊഴിനല്‍കിയാല്‍ ഒരുകോടി രൂപ തരാമെന്നാണ് ക്രൈം നന്ദകുമാര്‍ കിളിരൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലതാനായര്‍ക്ക് നല്‍കിയ വാഗ്ദാനം. സിബിഐ പുറത്തുവിട്ട ഈ വിവരം കേരളത്തെ ഞെട്ടിച്ചു. കോഴിക്കോട്ടെ വെറുമൊരു അശ്ലീലവാരിക നടത്തിപ്പുകാരന് എവിടെ നിന്നാണ് ഇത്ര ഭീമമായ തുക എന്ന ചോദ്യം സംസ്ഥാനം ഭരിക്കുന്നവര്‍ക്കു മുന്നില്‍ ഉയര്‍ന്നെങ്കിലും അനക്കമുണ്ടായില്ല. പകരം ഇയാള്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍.
സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആയുധങ്ങളില്‍ ഒന്നായി നന്ദകുമാറിനെ അവര്‍ കൊണ്ടുനടക്കുന്നു. കവിയൂര്‍ കേസില്‍ വിസ്താരം നീട്ടാനും അന്വേഷണം വഴിതിരിക്കാനും ഏതോ നിഗൂഢശക്തികള്‍ ഇറക്കിവിട്ടിരിക്കുകയാണ് നന്ദകുമാറിനെ. കിളിരൂര്‍ കേസില്‍ വിഐപി വിവാദം ഇളക്കിവിട്ട് സിപിഐ എം നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ മുന്‍നിരക്കാരനായിരുന്നു ഇയാള്‍. അശ്ലീലവാരികയുടെ മറവില്‍ ബ്ലാക്ക്മെയിലിങ്ങും ബിനാമി കോടതി വ്യവഹാരവും തൊഴിലാക്കിയ നന്ദകുമാര്‍ ചെലവഴിക്കുന്നത് അതിഭീമമായ പണമാണ്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ബാധ്യത സിബിഐക്കുണ്ട്; സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമുണ്ട്. പൊതുതാല്‍പ്പര്യഹര്‍ജിയുടെ മറവില്‍ കള്ളക്കേസ് നല്‍കുകയും കള്ളസാക്ഷികളെ സൃഷ്ടിക്കുകയുമാണ് ഇയാളുടെ ഏര്‍പ്പാടുകളിലൊന്ന്.
ലാവ്ലിന്‍ കേസില്‍ ദീപക്കുമാര്‍ എന്ന കള്ളസാക്ഷിയെ കെട്ടിയിറക്കി. പരസ്പരവിരുദ്ധമായി സംസാരിച്ചുകൊണ്ടിരുന്ന ദീപക്കിനെ ബംഗളൂരുവിലെ വ്യവസായി എന്ന പേരില്‍ ലാവ്ലിന്‍ കേസില്‍ "സാക്ഷി"യാക്കാന്‍ എത്ര തുക നന്ദകുമാര്‍ ചെലവഴിച്ചുകാണും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ ഹോട്ടലുണ്ടെന്നും കോടികളുടെ സമ്പാദ്യമുണ്ടെന്നും ആരോപിച്ച് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണത്തിന് ഒരടിസ്ഥാനവുമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗവും ആദായനികുതിവകുപ്പും ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. സിപിഐ എമ്മിനും നേതാക്കള്‍ക്കുമെതിരെ ചില ഗൂഢകേന്ദ്രങ്ങളുടെ പിന്തുണയോടെ വന്‍തുക ചെലവഴിച്ച് ഇയാള്‍ നടത്തുന്ന "വ്യവഹാര"ങ്ങളുടെ രീതിയാണ് ഇത്.
നന്ദകുമാറിനെ സംരക്ഷിക്കുന്നതില്‍ സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഇവര്‍ തമ്മില്‍ നല്ല കൂട്ടുകെട്ടിലാണ്. സമൂഹത്തെ മലിനമാക്കുന്ന അശ്ലീലവാരികക്കാരനെ ഈ മാധ്യമങ്ങള്‍ വിശുദ്ധവേഷമണിയിച്ചു. അഭിനവ ഇടതുപക്ഷക്കാരായ ചില ബുദ്ധിജീവി നാട്യക്കാരും ഈ വിഷച്ചെടിക്ക് വളവും വെള്ളവും നല്‍കുന്നു. അമ്പരപ്പിക്കുന്ന പ്രാധാന്യമാണ് ഇയാളുടെ ജല്‍പ്പനങ്ങള്‍ക്ക് ചില പത്ര-ദൃശ്യമാധ്യമങ്ങള്‍ നല്‍കുന്നത്. മാതൃഭൂമി യാകട്ടെ നന്ദകുമാറിന് വീരേന്ദ്രകുമാറിനൊപ്പം സ്ഥാനം കല്‍പ്പിക്കുന്നു. കേസ് വഴിതിരിച്ചുവിടാന്‍ ഇയാള്‍ കോടികളുമായി കറങ്ങുന്നുവെന്ന സിബിഐ റിപ്പോര്‍ട്ടിനേക്കാള്‍ പ്രാധാന്യം ഇത് നിഷേധിക്കുന്നതിനാണ് മാതൃഭൂമി നല്‍കിയത്. സാംസ്കാരിക നായകര്‍ക്കെതിരെ അടക്കം ക്രൈം വാരിക നല്ലനിലയില്‍ തന്നെ മാതൃഭൂമി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കേരളസമൂഹത്തിലെ പുഴുക്കുത്ത്
കോഴിക്കോട്ട് നഗരത്തില്‍ അശ്ലീലചിത്രങ്ങളും കഥകളുമടങ്ങിയ വാരിക വിറ്റുനടക്കുകയും അതിലൂടെ "മാധ്യമപ്രവര്‍ത്തക"നും അധികം വൈകാതെ "പത്രാധിപരും" ആയി രൂപാന്തരപ്പെടുകയും ചെയ്ത നന്ദകുമാര്‍ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികാന്തരീക്ഷം മലിനമാക്കുന്നു. സമൂഹത്തിന്റെ വിവിധ തുറയില്‍പ്പെട്ടവരെ ബ്ലാക്മെയില്‍ ചെയ്യാനുള്ള ആയുധമാണ് ഇയാളുടെ വാരിക. ഈ വാരികയിലൂടെ പലരെയും മാനംകെടുത്തിയതിന്റെ പേരില്‍ കോടതികള്‍ പലപ്പോഴായി ഇയാളെ ശിക്ഷിച്ചു. ബ്ലാക്മെയിലിങ്ങിനു പിന്നാലെയാണ് ചില അജ്ഞാതകേന്ദ്രങ്ങളുടെ ബിനാമിയായി വ്യവഹാര രംഗത്തെത്തുന്നത്. ക്രൈമില്‍ പടവും വാര്‍ത്തയും കൊടുക്കുമെന്ന ഭീഷണിയാണ് മുഖ്യആയുധം. അടുത്ത ലക്കത്തില്‍ വായിക്കുക എന്ന ഭീഷണിയോടെ ചില യുഡിഎഫ് ഉന്നതരുടെ ഉള്‍പ്പെടെ പടം സഹിതം മുന്‍കൂര്‍ അറിയിപ്പ് വന്നെങ്കിലും ഒന്നും വെളിച്ചം കണ്ടില്ല. യുഡിഎഫുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇയാളെ തെരഞ്ഞെടുപ്പുവേളകളിലും അവര്‍ നല്ലവണ്ണം ഉപയോഗപ്പെടുത്തുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ തേജോവധം ചെയ്യുന്ന പ്രത്യേക പതിപ്പുകള്‍ തയ്യാറാക്കി അവ യുഡിഎഫുകാര്‍ വീടുതോറും വിതരണം ചെയ്യാറാണ് പതിവ്. കോഴിക്കാട് നഗരത്തിനടുത്ത് പുതിയറയിലാണ് ക്രൈംഓഫീസ്. അശ്ലീലവാരികയ്ക്ക് പുറമെ സായാഹ്നപത്രവും അശ്ലീലനോവലുകളും ഇവിടെ നിന്ന് പുറത്തുവരുന്നു.
25 വര്‍ഷം മുമ്പാണ് അശ്ലീലസംരംഭവുമായി രംഗത്തുവന്നത്. സമൂഹത്തിലെ ധനികരും പ്രമാണിമാരുമായവരുടെ കുടുംബകാര്യങ്ങളടക്കം വൃത്തികെട്ട വിധത്തില്‍ എഴുതിവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തലാണ് പ്രധാന പരിപാടി. ഡോക്ടര്‍മാരടക്കം പലരും ഇതിന് ഇരയായിട്ടുണ്ട്. പലരും പരാതി നല്‍കാത്തതിനാല്‍ കേസുണ്ടായില്ല. മലപ്പുറത്ത് സിപിഐ എം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായി പാര്‍ടി നേതാക്കള്‍ക്കെതിരെ വൃത്തികെട്ട കഥകളുമായി ക്രൈം പുറത്തിറക്കി. ലക്ഷക്കണക്കിനു കോപ്പിയാണ് അച്ചടിച്ചത്. നീചമായ ഭാഷയില്‍ പുറത്തിറക്കിയ പ്രസിദ്ധീകരണത്തിനെതിരെ ജനരോഷമുയര്‍ന്നു. നന്ദകുമാറടക്കമുളളവര്‍ നാട്ടുകാരുടെ പ്രതിഷേധത്തിനിരയായി. ഇതിന്റെ പേരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്തു. ഇപ്പോഴത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസടക്കം അഞ്ചുപ്രവര്‍ത്തകര്‍ 42 ദിവസം ജയിലില്‍ അടയ്ക്കപ്പെട്ടു.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരെ നല്‍കിയ അശ്ലീലവാര്‍ത്തയും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോളേജ് വേശ്യാലയമാണെന്നായിരുന്നു വാര്‍ത്ത. പെണ്‍കുട്ടികളെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്ന വാരിക പുറത്തിറങ്ങിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ക്ഷുഭിതരായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഘടിതരായി എത്തി കൈകാര്യംചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള വൃക്കവാണിഭവുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു ചതി. ആശുപത്രികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചു. ഒരു ആശുപത്രി വഴങ്ങിയില്ല. അവര്‍ക്കെതിരായ വാര്‍ത്തയില്‍ നന്ദകുമാറിനെ കോടതി ശിക്ഷിച്ചിട്ടുമുണ്ട്.
deshabhimani 210812
Labels:
നുണപ്രചരണം,
മാധ്യമം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
നന്ദകുമാറിനെ സംരക്ഷിക്കുന്നതില്‍ സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഇവര്‍ തമ്മില്‍ നല്ല കൂട്ടുകെട്ടിലാണ്. സമൂഹത്തെ മലിനമാക്കുന്ന അശ്ലീലവാരികക്കാരനെ ഈ മാധ്യമങ്ങള്‍ വിശുദ്ധവേഷമണിയിച്ചു. അഭിനവ ഇടതുപക്ഷക്കാരായ ചില ബുദ്ധിജീവി നാട്യക്കാരും ഈ വിഷച്ചെടിക്ക് വളവും വെള്ളവും നല്‍കുന്നു. അമ്പരപ്പിക്കുന്ന പ്രാധാന്യമാണ് ഇയാളുടെ ജല്‍പ്പനങ്ങള്‍ക്ക് ചില പത്ര-ദൃശ്യമാധ്യമങ്ങള്‍ നല്‍കുന്നത്. മാതൃഭൂമി യാകട്ടെ നന്ദകുമാറിന് വീരേന്ദ്രകുമാറിനൊപ്പം സ്ഥാനം കല്‍പ്പിക്കുന്നു. കേസ് വഴിതിരിച്ചുവിടാന്‍ ഇയാള്‍ കോടികളുമായി കറങ്ങുന്നുവെന്ന സിബിഐ റിപ്പോര്‍ട്ടിനേക്കാള്‍ പ്രാധാന്യം ഇത് നിഷേധിക്കുന്നതിനാണ് മാതൃഭൂമി നല്‍കിയത്. സാംസ്കാരിക നായകര്‍ക്കെതിരെ അടക്കം ക്രൈം വാരിക നല്ലനിലയില്‍ തന്നെ മാതൃഭൂമി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ReplyDelete