Friday, August 3, 2012

ചെങ്കൊടിയില്‍ രക്ഷതേടി പഞ്ചാബിന്റെ മക്കള്‍


"ചെങ്കൊടിക്ക് രക്ഷാബന്ധന്‍ കെട്ടാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. കഷ്ടപ്പെടുന്നവരെ രക്ഷിക്കാന്‍ ഈ കൊടിക്ക്മാത്രമേ കഴിയൂ"- ജന്തര്‍മന്ദറില്‍ ഇടതുപക്ഷധര്‍ണയില്‍ പങ്കെടുക്കാന്‍ ജലന്ധറില്‍നിന്നെത്തിയ കര്‍ഷകത്തൊഴിലാളി കൃഷ്ണകുമാരിയുടെ വാക്കുകളാണിത്. ഉത്തരേന്ത്യ "രക്ഷാബന്ധന്‍" ആഘോഷത്തില്‍ അമര്‍ന്ന വ്യാഴാഴ്ച പഞ്ചാബില്‍നിന്ന് ആയിരങ്ങളാണ് ജന്തര്‍മന്ദറിലേക്കെത്തിയത്. പ്രതിസന്ധിയിലേക്കുനീങ്ങുന്ന ജീവിതങ്ങള്‍ക്കുമുന്നില്‍ സമരമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന തിരിച്ചറിവ് അവരെ ചെങ്കൊടിക്കീഴില്‍ ഒരുമിപ്പിക്കുകയാണ്.

"ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമാണ് പണിയുണ്ടാവുക. 100 അല്ലെങ്കില്‍ 150 രൂപ കൂലി കിട്ടും. ഇതുകൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. പലപ്പോഴും റേഷന്‍ ലഭിക്കാറില്ല"- ഫരീദ്കോട്ടില്‍നിന്നുള്ള തേജാസിങ് പറഞ്ഞു. ബിപിഎല്‍ കാര്‍ഡ് ഉണ്ടെങ്കിലും കുറഞ്ഞ തുകയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ കിട്ടുന്നില്ലെന്ന് സംഗ്രൂര്‍ മലേര്‍കോട്ലയില്‍നിന്നുള്ള കര്‍ഷകത്തൊഴിലാളി ബല്‍ദേവ്സിങ് പറഞ്ഞു. പഞ്ചാബിലെ കൃഷിക്കാര്‍ ആശങ്കയിലാണെന്ന് മൂന്നേക്കര്‍ കൃഷിഭൂമിയുള്ള ബല്‍ബീര്‍സിങ് പറയുന്നു. കൈയിലുള്ള പഞ്ചാബി പത്രത്തില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയും ബല്‍ബീര്‍സിങ് ഉയര്‍ത്തിക്കാട്ടി.

പഞ്ചാബിലെ ജനജീവിതം ദിനംപ്രതി ദുസ്സഹമാകുന്നതിന്റെ ഭീതിയാണ് ജലന്തറില്‍നിന്നുള്ള അങ്കണവാടി ജീവനക്കാരി നിര്‍ലേപ് കൗറിന്റെ വാക്കുകളില്‍ നിറഞ്ഞത്. റേഷന്‍കടവഴി മണ്ണെണ്ണ കിട്ടാറില്ല, പഞ്ചസാരയ്ക്ക് രണ്ടാഴ്ചയ്ക്കിടെ എട്ടുരൂപ കൂടി, പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി തുടങ്ങിയ സാമ്പത്തികസഹായപദ്ധതി സംസ്ഥാനസര്‍ക്കാര്‍ അവസാനിപ്പിച്ചു- ദുരിതങ്ങള്‍ കൗര്‍ വിവരിച്ചു. ഹോഷിയാര്‍പുര്‍ ജില്ലയില്‍നിന്നുള്ള രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി കരണ്‍കുമാറിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ സമരമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന അഭിപ്രായം തന്നെ. ദുരിതജീവിതത്തിന് പരിഹാരം കാണുന്നതിനുവേണ്ടിയാണ് വര്‍ണത്തലപ്പാവണിഞ്ഞ കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും ധര്‍ണയുടെ നാലാംദിവസം സമരവേദിയിലെത്തിയത്. ഗാനങ്ങള്‍ ആലപിച്ചും&ാറമവെ;താളംപിടിച്ചും അവര്‍ ജന്തര്‍മന്ദറിനെ സജീവമാക്കി. ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകത്തൊഴിലാളികളും അങ്കണവാടി ജീവനക്കാരും വ്യാഴാഴ്ച സമരത്തിനെത്തി.

ബംഗാളില്‍ ഇടതുപക്ഷ ധര്‍ണയ്ക്ക് വന്‍ ജനാവലി

കൊല്‍ക്കത്ത: മമത സര്‍ക്കാരിന്റെ ജനദ്രോഹ-ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കും രൂക്ഷമായ വിലക്കയറ്റത്തിനുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന 72 മണിക്കൂര്‍ റിലേ ധര്‍ണ രണ്ടുദിവസം പിന്നിട്ടു. ധര്‍ണയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വ്യാഴാഴ്ച വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. രാവിലെമുതല്‍ ധര്‍ണപ്പന്തലിലേക്ക് ആരംഭിച്ച ജനപ്രവാഹം രാത്രി വൈകിയും തുടര്‍ന്നു. ചെറുതും വലുതുമായ പ്രകടനമായാണ് ജനങ്ങള്‍ എത്തിയത്. കൊല്‍ക്കത്തയുടെ പ്രധാനകേന്ദ്രമായ എസ്പ്ലനേഡ് റാണി റാഷ്മണി റോഡിലാണ് ധര്‍ണ. ഇടതുമുന്നണിയിലെ കക്ഷിനേതാക്കളും വിവിധ ബഹുജന സംഘടനാ പ്രതിനിധികളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ കേന്ദ്രീകൃത ധര്‍ണയ്ക്കും റാലിക്കും പുറമെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉപജില്ലാ, ബ്ലോക്ക്കേന്ദ്രങ്ങളിലും സമാപനദിവസമായ വെള്ളിയാഴ്ച ധര്‍ണയും റാലിയും നടത്തുന്നുണ്ട്.

നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുക, ക്രമസമാധാനില മെച്ചപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഒന്നരമാസമായി ഇടതുമുന്നണി സംസ്ഥാനവ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് ധര്‍ണയും റാലിയും. ബുധനാഴ്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയാണ് ധര്‍ണ ഉദ്ഘാടനംചെയ്തത്. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു അധ്യക്ഷനായി. ധര്‍ണയുടെ സമാപനംകുറിച്ച് വെള്ളിയാഴ്ച ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുയോഗം നടക്കും.
(ഗോപി)

deshabhimani 030812

1 comment:

  1. "ചെങ്കൊടിക്ക് രക്ഷാബന്ധന്‍ കെട്ടാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. കഷ്ടപ്പെടുന്നവരെ രക്ഷിക്കാന്‍ ഈ കൊടിക്ക്മാത്രമേ കഴിയൂ"- ജന്തര്‍മന്ദറില്‍ ഇടതുപക്ഷധര്‍ണയില്‍ പങ്കെടുക്കാന്‍ ജലന്ധറില്‍നിന്നെത്തിയ കര്‍ഷകത്തൊഴിലാളി കൃഷ്ണകുമാരിയുടെ വാക്കുകളാണിത്. ഉത്തരേന്ത്യ "രക്ഷാബന്ധന്‍" ആഘോഷത്തില്‍ അമര്‍ന്ന വ്യാഴാഴ്ച പഞ്ചാബില്‍നിന്ന് ആയിരങ്ങളാണ് ജന്തര്‍മന്ദറിലേക്കെത്തിയത്. പ്രതിസന്ധിയിലേക്കുനീങ്ങുന്ന ജീവിതങ്ങള്‍ക്കുമുന്നില്‍ സമരമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന തിരിച്ചറിവ് അവരെ ചെങ്കൊടിക്കീഴില്‍ ഒരുമിപ്പിക്കുകയാണ്

    ReplyDelete