Thursday, August 2, 2012
ശ്രീരാമലുവിനെതിരെയും അന്വേഷണം
ആന്ധ്രയിലെ ഖന അഴിമതിക്കേസില്‍ ഖനി മാഫിയ തലവനും കര്‍ണാടക മുന്‍മന്ത്രിയുമായ ജി ജനാര്‍ദനറെഡ്ഡിക്ക് ജാമ്യം ലഭിക്കാന്‍ സിബിഐ ജഡ്ജിക്ക് 10 കോടി കോഴ നല്‍കിയ കേസില്‍ റെഡ്ഡിയുടെ അടുത്ത കൂട്ടാളിയും ബിഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ബി ശ്രീരാമലുവിനെതിരെയും അന്വേഷണം തുടങ്ങി. അതേസമയം, ജാമ്യത്തിന് കോഴക്കേസില്‍ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ ആറിലേറെ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കി. കേസില്‍ ബല്ലാരി ജില്ലയിലെ കാംപ്ലി എംഎല്‍എയും ജനാര്‍ദന റെഡ്ഡിയുടെ അടുത്ത അനുയായിയുമായ സുരേഷ്ബാബുവിനെ ആന്ധ്ര ആന്റി കറപ്ഷന്‍ ബ്യൂറോ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ജനാര്‍ദനറെഡ്ഡിയുടെ സഹോദരനും കര്‍ണാടകത്തിലെ ബിജെപി എംഎല്‍എയും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാനുമായ സോമശേഖര്‍റെഡ്ഡിയും അറസ്റ്റുഭീഷണിയിലാണ്. ബല്ലാരിയില്‍നിന്നുള്ള ഏഴ് ബിജെപി എംഎല്‍എമാരും നിരീക്ഷണത്തിലാണ്.
ഖന അഴിമതിക്കേസില്‍ ജനാര്‍ദനറെഡ്ഡിക്ക് ജാമ്യം ലഭിക്കാന്‍ സിബിഐ ജഡ്ജിക്ക് 10 കോടി കൈക്കൂലി നല്‍കിയതായി സിബിഐ കണ്ടെത്തിയിരുന്നു. ജനാര്‍ദനറെഡ്ഡിക്ക് ജാമ്യം ലഭ്യമാക്കാന്‍ 40 കോടിയോളം ചെലവഴിക്കാന്‍ സന്നദ്ധരാണെന്ന് റെഡ്ഡി പക്ഷത്തെ അനുകൂലിക്കുന്ന ബിജെപി എംഎല്‍എമാര്‍ വെളിപ്പെടുത്തിയിരുന്നു. മെയ് 11നാണ് ആന്ധ്രയിലെ ഖന അഴിമതിക്കേസില്‍ ജനാര്‍ദനറെഡ്ഡിക്ക് സിബിഐ കോടതി ജഡ്ജി പട്ടാഭിരാമറാവു ജാമ്യം അനുവദിച്ചത്. റിട്ട. ജഡ്ജി ചലപതിറാവു, കുപ്രസിദ്ധ അധോലോകനായകന്‍ യാഗ്ദിരിറാവു, അഭിഭാഷകന്‍ ദശരഥരാമിറെഡ്ഡി എന്നിവര്‍ ഇടനിലക്കാരായാണ് ജഡ്ജിക്ക് കൈക്കൂലി നല്‍കിയത്. സംഭവം വിവാദമായതോടെ ജനാര്‍ദനറെഡ്ഡിയുടെ ജാമ്യം ആന്ധ്ര ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കി. കോഴ നല്‍കിയ സംഭവത്തില്‍ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍പ്രകാരം പിന്നീട് കേസെടുക്കുകയായിരുന്നു.
ഏപ്രില്‍ 21ന് സുരേഷ്ബാബുവിനെ ടെലിഫോണില്‍ ബന്ധപ്പെട്ട ശ്രീരാമലുവാണ് ഹൈദരാബാദിലെ സൂര്യപ്രകാശ് എന്നയാളെപ്പറ്റി പറഞ്ഞുകൊടുത്തത്. ജഡ്ജിമാരുമായി അടുത്ത ബന്ധമുള്ള സൂര്യപ്രകാശിനെ ബന്ധപ്പെടുകയാണെങ്കില്‍ ജാമ്യം കിട്ടുമെന്ന് ശ്രീരാമലു സൂചിപ്പിച്ചതായും ഇതനുസരിച്ചാണ് ജാമ്യം ലഭിക്കാന്‍ റെഡ്ഡി സഹോദരങ്ങള്‍ 10 കോടി രൂപ കോഴ നല്‍കിയെന്നും ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേഷ്ബാബു, യാദ്ഗിരിറാവു എന്നിവരുടെ മൊഴിയനുസരിച്ചാണ് ശ്രീരാമലുവിനെതിരെയും അന്വേഷണം ആരംഭിച്ചത്.
(പി വി മനോജ്കുമാര്‍)
deshabhimani 020812
Subscribe to:
Post Comments (Atom)
No comments:
Post a Comment