Thursday, August 2, 2012

നീല്‍സെന്‍ ഏജന്‍സിക്കെതിരെ എന്‍ഡിടിവി കോടതിയില്‍


ന്യൂയോര്‍ക്ക്: പ്രേക്ഷകരുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ആഗോള ടെലിവിഷന്‍ റേറ്റിങ് കമ്പനിയായ നീല്‍സെന്‍ ഏജന്‍സിക്കെതിരെ എന്‍ഡിടിവി നിയമനടപടി തുടങ്ങി. ഭീമമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മറ്റ് ചാനലുകളില്‍നിന്ന് കോടിക്കണക്കിന് അമേരിക്കന്‍ ഡോളര്‍ കൈക്കൂലി കൈപ്പറ്റി നീല്‍സെന്‍ പ്രേക്ഷകരുടെ കണക്കെടുപ്പില്‍ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. എട്ടുവര്‍ഷമായി എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി നീല്‍സെന്‍ അധികൃതര്‍ കൃത്രിമം നടത്തിയെന്നാണ് എന്‍ഡിടിവി ഹര്‍ജിയില്‍ പറയുന്നത്. വ്യാജകണക്കുകള്‍ ചമച്ചതിന് 81 കോടി ഡോളറും (4,500 കോടി രൂപ) കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന് 58 കോടി ഡോളറും (3,200 കോടി രൂപ) എന്‍ഡി ടിവി നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റനേകം വീഴ്ചകള്‍ക്ക് കോടിക്കണക്കിന് രൂപ വേറെയും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് എന്‍ഡിടിവിയുടെയും നീല്‍സെന്‍ ഏജന്‍സിയുടെയും പ്രതിനിധികള്‍ പ്രതികരിച്ചു. നഷ്ടപപരിഹാരത്തിന് പുറമെ നീല്‍സെന്‍ ഏജന്‍സിക്ക് വിലക്കേര്‍പ്പെടുത്തണമെന്നും എന്‍ഡിടിവി ആവശ്യപ്പെട്ടിട്ടുണ്ട്. നീല്‍സെന്‍-കാന്താര്‍ ഗ്രൂപ്പിന്റെ സംയുക്തസംരംഭമായ ടാം(ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ്) നടത്തുന്ന പ്രേക്ഷക കണക്കെടുപ്പിനെതിരെയും എന്‍ഡി ടിവി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ടാമിന് പ്രവര്‍ത്തിക്കാന്‍ വേണ്ട സാമ്പത്തികസഹായം ഇരു കമ്പനികളും നല്‍കാത്തത് ഇവരുടെ സര്‍വേയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും എന്‍ഡിടിവി വൃത്തങ്ങള്‍ സൂചിപ്പിച്ചു. നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നീല്‍സെന് പ്രതിവര്‍ഷം 500 കോടി ഡോളറിന്റെ വരുമാനമുണ്ട്.

deshabhimani 020812

No comments:

Post a Comment