Tuesday, August 14, 2012

നെല്ലിയാമ്പതിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഇല്ലെന്ന് യുഡിഎഫ്


പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി നിലവില്‍ നെല്ലിയാമ്പതിയില്‍ ഇല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം കരാര്‍ലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. യുഡിഎഫിലെ യുവ എംഎല്‍എമാര്‍ നെല്ലിയാമ്പതിയില്‍ പോയത് ശരിയായില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. നെല്ലിയാമ്പതി ഉപസമിതി കണ്‍വീനര്‍സ്ഥാനം എം എം ഹസ്സന്‍ രാജിവച്ചതിനാല്‍ എ എന്‍ രാജന്‍ബാബുവിനെ പുതിയ കണ്‍വീനറാക്കി. 24ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പരാതിയുള്ള യുവ എംഎല്‍എമാര്‍ക്കും 24ന് അഭിപ്രായമറിയിക്കാം. ചീഫ് വിപ്പ് പി സി ജോര്‍ജ് സംയമനം പാലിക്കണം. എംഎല്‍എമാരെ ഏകോപിപ്പിക്കേണ്ട ചീഫ് വിപ്പ് അവരെ വിമര്‍ശിക്കുന്നത് ശരിയല്ല. ഇക്കാര്യം കെ എം മാണിയെ അറിയിച്ചു. പങ്കാളിത്തപെന്‍ഷന്‍ കാര്യത്തില്‍ എല്ലാ വിഭാഗവുമായി ആലോചിച്ചേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, യുഡിഎഫ് യോഗത്തില്‍ പി സി ജോര്‍ജിനെ മാണിഗ്രൂപ്പുകാരനായ പി ജെ ജോസഫ് തന്നെ വിമര്‍ശിച്ചത് കെ എം മാണിക്ക് ക്ഷീണമായി. യുഡിഎഫ് ഉപസമിതിയെ മറികടന്ന് എംഎല്‍എമാര്‍ നെല്ലിയാമ്പതിയില്‍ പോയതിനെയും കെപിസിസി പ്രസിഡന്റ് അതിനെ ന്യായീകരിച്ചതിനെയും ഉപസമിതി അംഗങ്ങളായ ജോണി നെല്ലൂരും കെ പി അരവിന്ദാക്ഷനും വിമര്‍ശിച്ചു. നെല്ലിയാമ്പതി വിവാദം മുന്നണിയുടെ പ്രതിഛായയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. എംഎല്‍എമാരുടെ സംഘം യുഡിഎഫിനെ മറികടന്ന് നെല്ലിയാമ്പതിയില്‍ പോയത് അനുചിതമായി. അതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പക്ഷേ തൊട്ടുപിന്നാലെ ഈ വാദത്തോട് രമേശ് ചെന്നിത്തല വിയോജിച്ചു. താനുള്‍പ്പെട്ട യുഡിഎഫ് യോഗമാണ് നെല്ലിയാമ്പതിയില്‍ പോകാന്‍ ഉപസമിതിയെ നിശ്ചയിച്ചതെന്നത് വസ്തുതയാണ്. പക്ഷേ കാര്യങ്ങള്‍ പിന്നീടാണ് കൂടുതല്‍ വ്യക്തമായത്. അതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത്. പോകുംമുമ്പ് അവര്‍ അറിയിച്ചിരുന്നു. ഇവിടെ പ്രശ്നം നിയമത്തിന്റെയും പരിസ്ഥിതിയുടെയുമാണ്. അല്ലാതെ കര്‍ഷകപ്രശ്നമല്ല. വിഷയം നിയമലംഘനത്തിന്റേതാണ്. അതുകൊണ്ടുതന്നെ ഈ വിഷയം നിയമപരമായി പരിശോധിക്കണം. അതിനുള്ള ചുമതലയാകണം ഇനി ഉപസമിതി നിര്‍വഹിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

നിസ്സാര കാര്യങ്ങളെ ആസ്പദമാക്കി മുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ശക്തികളെ കണ്ടെത്തണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. യുഡിഎഫുമായി ആലോചിക്കാതെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതില്‍ യോഗത്തില്‍ നിശിതവിമര്‍ശനം ഉയര്‍ന്നു. അതേതുടര്‍ന്ന് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു.

deshabhimani 140812

1 comment:

  1. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി നിലവില്‍ നെല്ലിയാമ്പതിയില്‍ ഇല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete