Sunday, August 19, 2012

സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ വീഴ്ചവരുത്തി


ഉരുള്‍പൊട്ടല്‍-വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം. കോഴിക്കോട് പുല്ലൂരാംപാറയിലും കണ്ണൂരിലെ ഇരിട്ടിയിലും ഉരുള്‍പൊട്ടലുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുരിത ബാധിതര്‍ക്ക് കാര്യമായ സഹായം ലഭിച്ചിട്ടില്ല. ആഗസ്ത് ആറിനാണ് രണ്ടിടത്തും ദുരന്തമുണ്ടായത്. പുല്ലൂരാംപാറ ചെറുശേരി മലയില്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും എട്ടു പേരാണ് മരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് മൂന്ന് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവുമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. ആശ്രിതര്‍ക്ക് മാത്രം 24 ലക്ഷം രൂപ നല്‍കണം. ഉരുള്‍പൊട്ടലില്‍ വീടും കൃഷിയിടവും നശിച്ചവര്‍ക്ക് ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാനും നടപടിയുണ്ടായില്ല. ക്യാമ്പിലുള്ളവര്‍ക്ക് സംഭവ ദിവസംതന്നെ 5000 രൂപ നല്‍കാന്‍ ഉത്തരവിട്ടെങ്കിലും സഹായമെത്തിയത് 15ന്. വീഴ്ച ഉദ്യോഗസ്ഥരില്‍ കെട്ടിവച്ച് തലയൂരുകയാണ് സര്‍ക്കാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് തഹസില്‍ദാര്‍ എന്‍ എം പ്രേംരാജിനെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു.

വെള്ളപ്പൊക്ക ദുരിതാശ്വാസ മേഖലയ്ക്കായി 4.9 കോടി രൂപസഹായം പ്രഖ്യാപിച്ചെങ്കിലും തുക വിതരണം ചെയ്യാന്‍ ജില്ലാ ഭരണാധികാരികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ല. ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായവര്‍ക്ക് അഞ്ചുസെന്റ് സ്ഥലവും വീടും നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സ്ഥലം കണ്ടെത്താന്‍ നടപടി തുടങ്ങിയിട്ടില്ല. കൃഷിയിടം നശിച്ചവര്‍ക്ക് സഹായമെത്തിക്കാന്‍ ഇനിയും സമയമെടുക്കും. 16 കോടി രൂപയുടെ കൃഷിനാശമുണ്ടായി എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അന്തിമ റിപ്പോര്‍ട്ട് ഇതുവരെ തയ്യാറായിട്ടില്ല. 750 ഏക്കറിലെ കൃഷി പൂര്‍ണമായി നശിച്ചു. കൃഷിയിടത്തിന്റെ വിലമാത്രം 100 കോടിയിലധികം വരും. രക്ഷാപ്രവര്‍ത്തനത്തിന് മതിയായ സേനയെ അയക്കുന്നതിലും വീഴ്ചയുണ്ടായി. ഏഴിന് ഉച്ചയോടെയാണ് ദ്രുതകര്‍മ സേന എത്തിയത്. എട്ടുപേരടങ്ങിയ സംഘത്തിന് ഒരു പ്രവര്‍ത്തനവും നടത്താനായില്ല. മുഖ്യമന്ത്രി അപകട സ്ഥലത്തെത്തിയതാവട്ടെ ഏഴാം ദിവസവും.
(പി ആര്‍ ഷിജു)

deshabhimani 190812

No comments:

Post a Comment