Sunday, August 19, 2012
ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്കും
പങ്കാളിത്ത പെന്ഷന് അടിച്ചേല്‍പ്പിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കും. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി, കെഎസ്ഇബി ഉള്‍പ്പെടെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കുന്നതോടെ സംസ്ഥാനത്ത് ഓഫീസുകളും വിദ്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നിശ്ചലമാകും.
പങ്കാളിത്ത പെന്ഷന് അടിച്ചേല്പ്പിക്കുന്നതോടൊപ്പം തസ്തിക വെട്ടിച്ചുരുക്കാനുള്ള അണിയറനീക്കങ്ങളും സിവില്‍ സര്‍വീസിനെ തകര്‍ക്കുന്നതാണ്. ഭാവിജീവനക്കാര്ക്കുമാത്രമേ പങ്കാളിത്ത പെന്ഷന് നടപ്പാക്കൂ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതെങ്കിലും ഇത് ആരും മുഖവിലയ്ക്കെടുക്കുന്നില്ല. മാത്രമല്ല, പുതിയ ജീവനക്കാരെയും പഴയ ജീവനക്കാരെയും രണ്ടുതട്ടിലാക്കി മുതലെടുപ്പ് നടത്താനുള്ള സര്ക്കാര്തന്ത്രവും ജീവനക്കാര്‍ അംഗീകരിക്കുന്നില്ല. പതിനേഴിന് പണിമുടക്ക് നടത്താനാണ് വിവിധ സംഘടനകള്‍ തീരുമാനിച്ചിരുന്നത്. ഭരണപക്ഷസംഘടനകള്‍ 21ന് പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ യോജിച്ച പോരാട്ടം ലക്ഷ്യമിട്ട് മറ്റ് സംഘടനകളും 21ലേക്ക് പണിമുടക്ക് മാറ്റുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഒരിഞ്ചുപോലും പിറകോട്ടുപോകാന് തയ്യാറായില്ല. സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും ഭരണപക്ഷസംഘടനകള്‍ പണിമുടക്കില്‍നിന്ന് പിന്മാറി ജീവനക്കാരെ വഞ്ചിച്ചു. എന്നാല്‍, സംഘടനകള്‍ക്കതീതമായി സര്ക്കാര്നിലപാടിനെതിരായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് എല്ലാ ജീവനക്കാരും പണിമുടക്കില്‍ അണിചേരുമെന്നാണ് കണക്കുകൂട്ടുന്നത്.
പങ്കാളിത്ത പെന്ഷന്: കോടികള്‍ ധൂര്ത്തടിച്ച്നുണപ്പരസ്യവും
പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ കോടികള്‍ ധൂര്‍ത്തടിച്ച് നുണപ്പരസ്യവുമായി സര്‍ക്കാര്‍ രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും ദിവസങ്ങളായി സ്ഥാപിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങളാണ് ഞായറാഴ്ച മാധ്യമങ്ങളില്‍ നല്കിയ പരസ്യത്തിലൂടെ ആവര്‍ത്തിച്ചത്. സ്വകാര്യവല്‍ക്കരണനയം മറച്ചുവച്ച്, സാമ്പത്തിക പ്രതിസന്ധി കാരണമാണ് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാന്‍ നിര്ബന്ധിതരാക്കിയതെന്ന വാദം സര്‍ക്കാര്‍ പരസ്യത്തിലും ആവര്‍ത്തിക്കുന്നു. 2001-02ല്‍ 1,838 കോടിയായിരുന്ന പെന്‍ഷന്‍തുക 2011-12ല്‍ 8,700 കോടിയായി എന്നാണ് പരസ്യത്തില്‍ പറയുന്ന പ്രധാന കാര്യം. എന്നാല്‍, പത്തു വര്‍ഷം മുമ്പത്തെ രൂപയുടെ മൂല്യം നോക്കുകയാണെങ്കില്‍ ഇത് ക്രമാതീതമായ വര്‍ധനയല്ലെന്ന് വ്യക്തം. 2031-32 ആകുമ്പോഴേക്കും പെന്ഷന് 1,95,000 കോടി രൂപയാകുമെന്ന പെരുപ്പിച്ച കണക്കും അവതരിപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള ജീവനക്കാരുടെ നന്മയ്ക്കും പെന്ഷന് മുടങ്ങാതിരിക്കാനുമാണ് പങ്കാളിത്തപെന്ഷനെന്ന് പറയുന്ന പരസ്യത്തില്‍ പുതുതായി ചേരുന്നവര്‍ക്ക് ഇത് ഗുണംചെയ്യുമെന്ന അവകാശവും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലുള്ളവര്‍ക്ക് അതേപടി തുടരുന്നതും പുതുതായി വരുന്നവര്‍ക്ക് പുതിയ രീതിയും ഗുണപരമാകുന്നതെങ്ങനെയെന്ന് പരസ്യത്തില്‍ പറയുന്നില്ല. ചില സംസ്ഥാനങ്ങളില്‍ പെന്ഷന് മുടങ്ങിയതുപോലെ ഇവിടെയും പെന്ഷന് മുടങ്ങുമെന്ന ഭീഷണി പരസ്യത്തിലുണ്ട്. ജീവനക്കാര്‍ക്ക് ആശങ്കയുണ്ടെങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കാമെന്നും കേന്ദ്രസര്‍ക്കാരുമായി അവ ചര്‍ച്ചചെയ്യുമെന്നും പറയുന്നതിലൂടെ കേന്ദ്രനിര്‍ദേശം അതേപടി നടപ്പാക്കുകയാണെന്ന് വ്യക്തമാകുന്നു. പുതുതായി സര്‍വീസില്‍ കയറുന്നവരുടെ ആനുകൂല്യങ്ങള്‍ കവരാനും ഘട്ടം ഘട്ടമായി നിലവിലുള്ള ജീവനക്കാര്‍ക്കും പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.
പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ പെന്ഷന് പ്രായം അറുപതാക്കുമെന്ന മോഹനവാഗ്ദാനവും ജീവനക്കാര്‍ക്ക് രഹസ്യമായി നല്‍കുന്നുണ്ട്. ഇത് പരിഗണനയിലാണെന്ന് ധനമന്ത്രിയും പറഞ്ഞിട്ടുണ്ട്. ഇതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടത്തുമ്പോഴും തൊഴില്‍രഹിതരായ ലക്ഷോപലക്ഷം യുവജനങ്ങളെ കബളിപ്പിക്കാന്‍ മറിച്ചുള്ള പ്രചാരണവും നടത്തുന്നു. ഇതിനൊക്കെപ്പുറമെയാണ് തസ്തിക വെട്ടിച്ചുരുക്കാനും പുതിയ നിയമനങ്ങള്‍ നടത്താതിരിക്കാനുമുള്ള നീക്കങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്ആര്എ ബില്ലിനും സേവനമേഖലയിലെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന നയങ്ങള്‍ക്കും പൂരകമായാണ് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നത്. എന്നാല്‍, ജനരോഷം ഭയന്ന് അത് തുറന്നുപറയാനുള്ള ആര്‍ജവം ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ കാണിക്കുന്നില്ല.
സര്‍ക്കാര്‍ പരസ്യം: ദുരൂഹതയേറുന്നു
വിശദീകരിക്കാന്‍ ശ്രമിക്കുംതോറും പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിലെ ദുരൂഹത ഏറിവരികയാണെന്ന് കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രസ്താവനയില്‍ പറഞ്ഞു.
പൊതുജനങ്ങളെയും ജീവനക്കാരെയും തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചുനല്കിയ പത്രപരസ്യം ഇതിന് തെളിവാണ്. മാറ്റിവയ്ക്കപ്പെട്ട വേതനമാണ് പെന്ഷന് എന്ന അംഗീകൃത നിയമം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പളം + പെന്ഷന് + പലിശ എന്നിവയ്ക്കായി വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടിവരുന്നതുകൊണ്ട് മൂലധന നിക്ഷേപം കുറയുന്നു എന്നാണ് അടുത്ത ആക്ഷേപം. ശമ്പളവും പെന്‍ഷനും നല്കാന് വേണ്ടിവരുന്ന തുകയ്ക്കൊപ്പം പലിശ നല്കാന്വേണ്ടി വരുന്ന തുക കൂടി കൂട്ടുന്നതില്‍ യുക്തിയില്ല. ശമ്പളം + പെന്ഷന് + പലിശ എന്നിവയ്ക്കായി വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടിവരുന്നതുകൊണ്ട് മൂലധന നിക്ഷേപം കുറയുന്നു എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. മാത്രമല്ല, 2001-02ല്‍ 1838 കോടി രൂപയായിരുന്ന പെന്‍ഷന്‍ബാധ്യത 2031-32ല്‍ 1,95,000 കോടിയാകുമെന്ന കണ്ടെത്തല്‍ ഏത് ഗണിതശാസ്ത്ര സിദ്ധാന്തപ്രകാരമാണ്?
ജനറല്‍ പ്രൊവിഡന്റ് ഫണ്ട് ഇല്ലാതാക്കാന്‍, കുടുംബപെന്ഷന് ലഭിക്കണമെങ്കില്‍ ആന്വിറ്റി സ്കീമില്‍ അംഗമാകണമെന്നു നിഷ്കര്‍ഷിക്കുന്നതിന്റെ അര്‍ഥം അല്ലാത്തവര്‍ക്ക് കുടുംബപെന്ഷന് ലഭിക്കില്ല. പെന്ഷന് കമ്യൂട്ടേഷന് നിര്‍ത്തലാക്കും, ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റി നഷ്ടപ്പെടും, അയ്യഞ്ചാണ്ടു കൂടുമ്പോള്‍ ശമ്പള പരിഷ്കരണത്തിനൊപ്പം നടക്കുന്ന പെന്ഷന് പരിഷ്കരണം ഇല്ലാതാകും. വിലനിലവാര സൂചികയ്ക്കനുസരിച്ച് പെന്‍ഷനൊപ്പം ലഭിക്കുന്ന ക്ഷാമാശ്വാസം നഷ്ടമാകും തുടങ്ങിയ ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും ന്യായമായ സംശയങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പങ്കാളിത്ത പെന്ഷന്: സര്‍ക്കാര്‍ നുണപ്രചാരണം നിര്‍ത്തണം- എന്‍ജിഒ യൂണിയന്
കൊച്ചി: പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയെ വെള്ളപൂശാന്സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെ പണമുപയോഗിച്ച് മാധ്യമങ്ങളിലൂടെ നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്ന് എന്‍ജിഒ യൂണിയന് ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ഫണ്ട് രൂപീകരിക്കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പങ്കാളിത്ത പെന്ഷന് പദ്ധതിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതിപ്രകാരം പെന്ഷന് ഫണ്ടിലക്ക് ജീവനക്കാരില്‍നിന്ന് ഒരു രൂപപോലും ഈടാക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നില്ല. സംസ്ഥാനത്ത് ജോലിയെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാകട്ടെ പങ്കാളിത്ത പെന്ഷന് പദ്ധതിയടക്കമുള്ള കേന്ദ്ര സേവന വ്യവസ്ഥകളാണ് ബാധകം. ഇക്കാര്യം ബോധപൂര്‍വം വിസ്മരിച്ച് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിചാരി പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയുടെ അപകടങ്ങളും ചതിക്കുഴികളും മറച്ചുവയ്ക്കാന്‍ നടത്തുന്ന അസത്യപ്രചാരണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയിലും ജനറല്‍ സെക്രട്ടറി എ ശ്രീകുമാറും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പരസ്യം വഞ്ചന: കെജിഒഎ
നിലവിലുള്ള ജീവനക്കാരെ ബാധിക്കുകയില്ലെന്നും പുതുതായി ചേരുന്നവരെയാണ് പങ്കാളിത്ത പെന്ഷന് ബാധിക്കുകയെന്നുമുള്ള സര്‍ക്കാര്‍ പരസ്യം വഞ്ചനയാണെന്ന് കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 2002ല്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പങ്കാളിത്ത പെന്ഷന് പദ്ധതി പിഎഫ്ആര്‍ഡിഎ ബില്‍ അംഗീകരിക്കുന്നതോടെ അതിന്റെ പ്രാബല്യതീയതിയിലേക്കും തുടര്‍ന്ന് ഏകീകൃത പെന്ഷന് സംവിധാനത്തിലേക്കും നീങ്ങും. ലോകത്തെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാപദ്ധതിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗങ്ങളായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് 1000 രൂപ പോലും പെന്ഷന് കിട്ടുന്നില്ല.
പെന്ഷന് ബാധ്യത ഉയരുമെന്ന് ഭീഷണിപ്പെടുത്തുന്ന സര്‍ക്കാര്‍, തുല്യമായ തുക ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കുന്നതിനായി പെന്ഷന് ഫണ്ട് മാനേജര്‍മാരായ സ്ഥാപനങ്ങള്‍ക്ക് നല്കുമ്പോള് അത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെയും പ്രതികൂലമായി ബാധിക്കും. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാവുന്ന ജനറല്‍ പ്രോവിഡന്റ് ഫണ്ട്, ഫണ്ട് മാനേജര്‍മാര്‍ക്ക് കൊടുക്കുന്ന കോടിക്കണക്കിനു രൂപയും ചേര്‍ന്ന് വികസനപ്രവര്‍ത്തനത്തെ മാത്രമല്ല, സര്‍ക്കാരിന്റെ സാധാരണ പ്രവര്‍ത്തനത്തെ തന്നെ നിലയ്ക്കുന്ന നയത്തിലേക്ക് എത്തിക്കും. സര്‍ക്കാര്‍ സര്‍വീസിലേക്ക് വിദഗ്ധ ജീവനക്കാരെ ആകര്‍ഷിക്കുന്നതിനു കഴിയാതെ വരുന്നതോടെ സര്‍ക്കാര്‍ സേവനങ്ങളെതന്നെ അനാകര്‍ഷകമാക്കി സ്വകാര്യ കമ്പോളശക്തികള്‍ക്ക് കൈമാറുന്നതിനുള്ള കൃത്യമായ ലക്ഷ്യവും കൂടിയുള്ള ഈ ദൂരവ്യാപക പ്രത്യാഘാതത്തെ പ്രതിരോധിക്കേണ്ടത് ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും കടമയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 200812
Labels:
പെന്ഷന്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
പങ്കാളിത്ത പെന്ഷന് അടിച്ചേല്‍പ്പിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കും. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി, കെഎസ്ഇബി ഉള്‍പ്പെടെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കുന്നതോടെ സംസ്ഥാനത്ത് ഓഫീസുകളും വിദ്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നിശ്ചലമാകും.
ReplyDelete