Monday, August 20, 2012

ജോര്‍ജും ഗണേഷും വീണ്ടും നേര്‍ക്കുനേര്‍


ചെറുനെല്ലി എസ്റ്റേറ്റ് കൃഷിഭൂമി തന്നെയാണെന്ന് പി.സി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. തനിക്കിത് ജീവന്‍മരണപോരാട്ടമാണെന്നും ജോര്‍ജ് പറഞ്ഞു. സര്‍വേയിംഗ് ജനറല്‍ ഓഫ് ഇന്ത്യയുടെ രേഖകളില്‍ നെല്ലിയാമ്പതി ചെറുനെല്ലിയില്‍ റബ്ബര്‍ കൃഷിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജോര്‍ജ് അാവകാശപ്പെട്ടു. ഇത് റബര്‍ ബോര്‍ഡിന്റെ രജിസ്ട്രേഷന്‍ രേഖയിലുമുണ്ട്. 1933 മുതല്‍ ഇവിടെ റബ്ബര്‍ കൃഷിയുണ്ടായിരുന്നു. ചെറുനെല്ലി എസ്റ്റേറ്റിനുവേണ്ടി മാത്രമാണ് കത്തുനല്‍കിയത്. യുഡിഎഫ് എം.എല്‍.എമാരുടെ നീക്കം തെറ്റാണെന്നും ജോര്‍ജ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് രേഖകളുടെ കോപ്പിയും ജോര്‍ജ് വിതരണം ചെയ്തു.

നെല്ലിയാമ്പതി കൈയേറ്റം സംബന്ധിച്ച സിബിഐ അന്വേഷണത്തില്‍ തമിഴ്നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സിനിമാ മാഫിയയുടെ പങ്കിനെ ക്കുറിച്ചും അന്വേഷിക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.

അതേസമയം ജോര്‍ജിനെതിരെ വിമര്‍ശനവുമായി വനംമന്ത്രി ഗണേഷ്കുമാര്‍ രംഗത്തെത്തി. രേഖകള്‍ നല്‍കേണ്ടത് കോടതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. നെല്ലിയാമ്പതി വനഭൂമിയാണെന്ന് തെളിയിക്കുന്നതിന്റെ രേഖ വനംവകുപ്പ് കോടതിയില്‍ ഹാജരാക്കും. വനഭൂമിയാണെന്ന് 1909 ല്‍ തന്നെ വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയതാണ്. തമിഴ്നാട്ടില്‍ നിന്ന് പണം വാങ്ങി എന്നതൊക്കെ ആരോപണം മാത്രമാണെന്ന് ഗണേശ് പറഞ്ഞു.

ടാറ്റയും ഹാരിസണ്‍ മലയാളവുമൊക്കെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറിയപ്പോള്‍ നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റിന്റെ പേരില്‍ വിവാദമുണ്ടാക്കുന്ന ഹരിത എംഎല്‍എമാര്‍ എവിടെയായിരുന്നെന്ന് പി സി ജോര്‍ജ് ചോദിച്ചു. ചെറുനെല്ലി എസ്റ്റേറ്റ് വിഷയത്തില്‍ വനം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചില സിനിമാക്കാരും ഉള്‍പ്പെട്ട മാഫിയ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. നെല്ലിയാമ്പതി പഞ്ചായത്തിനെ തമിഴ്നാട്ടിലെ ടൈഗര്‍ റിസര്‍വ്വിെന്‍റ ഭാഗമാക്കാന്‍ ഇവര്‍ അവരുടെ പക്കല്‍ നിന്ന് പണം പറ്റിയിട്ടുണ്ട്. ഹരിത എംഎല്‍എമാര്‍ ഈ മാഫിയയുടെ ഭാഗമാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ജനതാദള്‍ എംഎല്‍എ ശ്രേയംസ്കുമാറൊക്കെയാണ് വനം കൈയേറ്റത്തിനെതിരെ രംഗത്തുള്ളത്. മാഫിയാകളെ എംഎല്‍എമാര്‍ കാണാതിരിക്കരുത്.

കോടതിയില്‍ പുതുതായി കേസൊന്നും ഫയല്‍ ചെയ്യാത്ത ഒരു പ്രത്യേക വനിതാ അഭിഭാഷകയെ തന്നെ വനം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നതില്‍ എന്തോ കുഴപ്പമുണ്ട്. ചെറുനെല്ലി പ്രശ്നത്തില്‍ പോത്തിനെ ചാരി പശുവിനെ തല്ലുകയാണെന്ന് വിവാദക്കാര്‍ തന്നെയല്ല ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് പി സി ജോര്‍ജ് പറഞ്ഞു. കെ എം മാണി തന്റെ അഭിപ്രായത്തോട് വിയോജിച്ചിട്ടില്ല. കേരള കോണ്‍ഗ്രസിെന്‍റ അഭിപ്രായം പറയേണ്ടത് ചെയര്‍മാനാണെന്നു മാത്രമാണ് പറഞ്ഞത്. എംഎല്‍എമാര്‍ യുഡിഎഫ് ഉപസമിതിക്ക് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കില്ല, പരിശോധിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

ജോര്‍ജും ഹസനും ഒരേതൂവല്‍പക്ഷികള്‍

നെല്ലിയാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രസ്താവനായുദ്ധം. വി.ഡി. സതീശനെയും ടി.എന്‍ പ്രതാപനെയും കെപിസിസി വക്താവ് എം.എം. ഹസന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹസനും ജോര്‍ജും ഒരേതൂവല്‍ പക്ഷികളാണെന്ന് സതീശന്‍ തിരിച്ചടിച്ചു. ഹസന്റെ വാക്കുകള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി പ്രതാപനും പറഞ്ഞതോടെ നെല്ലിയാമ്പതി വനഭൂമിയുടെ കാര്യത്തില്‍ യുഡിഎഫിലെ പടലപ്പിണക്കം മറനീക്കി.വാര്‍ത്താചാനലിന്റെ അഭിമുഖത്തിലാണ് ഹസന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിമര്‍ശിച്ചത്. മുന്‍പ് ഭഭൂമി ടാറ്റയും മറ്റും വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നപ്പോള്‍ ഇവര്‍ എവിടെയായിരുന്നു. ഗ്രീന്‍ പൊളിറ്റിക്സിനോട് എതിര്‍പ്പില്ല. സതീശന്റേതും പ്രതാപന്റേതും ഗ്രീന്‍ പൊളിറ്റിക്സ് അല്ല greedy പൊളിറ്റിക്സ് ആണ്. സതീശനും കൂട്ടരും മറ്റുകൈയേറ്റങ്ങള്‍ കാണാത്തതെന്തെന്നും ഹസന്‍ ചോദിച്ചു. ധീവര സമുദായ അംഗമെന്ന് പറഞ്ഞതില്‍ പ്രതാപന്‍ ചൊടിക്കേണ്ട. ധീവര സമുദായ അംഗമെന്ന നിലയില്‍ മന്ത്രിയാക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ പ്രതാപന്‍ ചൊടിച്ചില്ലെന്നും ഹസന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരായി സംസാരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഹസന്‍ വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.ഹസനും ജോര്‍ജും ഒരേ തൂവല്‍പക്ഷികളാണ്. ടാറ്റയുടെ കൈയേറ്റങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുണ്ട്. കാര്യങ്ങള്‍ അറിയാത്ത ആളാണോ വക്താവായി ഇരിക്കുന്നതെന്ന കാര്യം കോണ്‍ഗ്രസാണ് ചിന്തിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. ഹസന്റെ വാക്കുകള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി പ്രതാപന്‍ തൃശൂരില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മതത്തിന്റെയും സമുദായത്തിന്റെയും പേരിലല്ല താന്‍ എംഎല്‍എ ആയത്. തെന്നും അങ്ങനെ ലഭിക്കുന്ന സ്ഥാനം ത്യജിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും പ്രതാപന്‍ പറഞ്ഞു. പി സി ജോര്‍ജ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനു ഗണേഷ് കുമാര്‍ മറുപടി പറഞ്ഞിട്ടുണ്ട്. അതിനു പുറമേയാണ് നെല്ലിയാമ്പതിയെച്ചൊല്ലി കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീണ്ടും പരസ്യമായി ഏറ്റുമുട്ടുന്നത്.

നെല്ലിയാമ്പതി സിബിഐ അന്വേഷിക്കട്ടെയെന്ന് ജോസഫ്

കോട്ടയം: നെല്ലിയാമ്പതി ഭൂമി കൈയ്യേറ്റത്തെക്കുറിച്ച് സിബിഐ അന്വേഷണം തന്നെയാണ് നല്ലതെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കാന്‍ അതാണു നല്ലത്. നെല്ലിയാമ്പതി ഭൂമി പ്രശ്നം ജോര്‍ജ് നേരത്തെ പാര്‍ട്ടിയില്‍ അറിയിച്ചിട്ടില്ല. വിവാദമായതിനുശേഷമാണ് ചര്‍ച്ചചെയ്തത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു പണിയുന്നതിന്റെ സര്‍വേയടക്കമുള്ള കാര്യങ്ങള്‍ തടസ്സപ്പെടുത്താന്‍ വനംവകുപ്പ് ശ്രമിച്ചിട്ടുണ്ടെന്നും ജോസഫ് കുറ്റപ്പെടുത്തി.


ജോര്‍ജ് നിലകൊള്ളുന്നത് കൈയേറ്റക്കാര്‍ക്കായി

തൃശൂര്‍: വനംകൈയേറ്റക്കാരുടെ വക്കാലത്തുമായി നടക്കുന്ന തന്നെപ്പോലെയാണ് മറ്റുള്ളവരും എന്ന് പി സി ജോര്‍ജ് കരുതരുതെന്ന്, കൈയേറ്റത്തിനെതിരെ കോടതിയെ സമീപിച്ച ജോര്‍ജ് വട്ടുകുളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ചീഫ്വിപ്പ് "ചീപ്പ് വിപ്പ്" ആകരുത്. നെല്ലിയാമ്പതിയിലെ 27 എസ്റ്റേറ്റ്കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കും. വനഭൂമിയാണെന്ന് കോടതിയും സര്‍ക്കാരും പ്രഖ്യാപിച്ച എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാത്തതിനെതിരെയാണ് താന്‍ കോടതിയെ സമീപിക്കുന്നത്. കള്ളപ്രമാണങ്ങളും മരിച്ചവരുടെ പേരിലുണ്ടാക്കിയ വ്യാജരേഖയും കാണിച്ചാണ് കൈയേറ്റക്കാരെ കൃഷിക്കാരായി ചിത്രീകരിക്കുന്നത്. നെല്ലിയാമ്പതി സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. പി എസ് പണിക്കര്‍, ചന്ദ്രപ്പന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മന്ത്രി പണം പറ്റിയെന്ന് ജോര്‍ജ്; എംഎല്‍എമാര്‍ക്ക് അത്യാര്‍ത്തി: ഹസ്സന്‍

നെല്ലിയാമ്പതി വനഭൂമിയാക്കുന്നതിന് വനംമന്ത്രിയും എംഎല്‍എമാരും തമിഴ്നാട് സര്‍ക്കാരില്‍നിന്ന് അനധികൃതമായി പണം പറ്റിയെന്ന് ചീഫ്വിപ്പ് പി സി ജോര്‍ജ്. സിബിഐ അന്വേഷണം വന്നാല്‍ ഇക്കാര്യവും ഉള്‍പ്പെടുത്തണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. രാഷ്ട്രീയനേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ജോര്‍ജെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും തിരിച്ചടിച്ചു. നെല്ലിയാമ്പതി സന്ദര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹാരിസണിന്റെയും ടാറ്റയുടെയും കൈയേറ്റം കാണാത്തതെന്തെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ ചാനല്‍ അഭിമുഖത്തില്‍ ചോദിച്ചു. വി ഡി സതീശനും പ്രതാപനും ഹരിതരാഷ്ട്രീയമല്ല, അത്യാര്‍ത്തി രാഷ്ട്രീയമാണ് ഉള്ളതെന്ന് ഹസ്സന്‍ ആരോപിച്ചു. ഹസ്സനും ജോര്‍ജും ഒരേതൂവല്‍ പക്ഷികളാണെന്ന് സതീശന്‍ പ്രതികരിച്ചു. ടാറ്റയ്ക്കും ഹാരിസണും എതിരെ നിയമസഭാ കമ്മിറ്റിയുടേതായി തങ്ങള്‍ കൊടുത്ത റിപ്പോര്‍ട്ട് കാണാത്ത കോണ്‍ഗ്രസ് വക്താവിന്റെ അവസ്ഥ കഷ്ടമാണെന്നും അവര്‍ പറഞ്ഞു. നെല്ലിയാമ്പതി സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്ന എം വി ശ്രേയാംസ്കുമാറിനെയും പി സി ജോര്‍ജ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. ഈ മാന്യന്മാര്‍ വയനാട്ടിലെ കൈയേറ്റം കാണുന്നില്ലെന്നായിരുന്നു ജോര്‍ജിന്റെ പരിഹാസം. 1910 മുതല്‍ നെല്ലിയാമ്പതിയില്‍ റബര്‍ കൃഷിയുണ്ടെന്നും വനഭൂമിയാക്കണമെന്ന് വാദിക്കുന്നവര്‍ ഇത് കാണുന്നില്ലെന്നും ജോര്‍ജ് ആരോപിച്ചു. നെല്ലിയാമ്പതി വനഭൂമിയാക്കുന്നതിനുള്ള തമിഴ്നാടിന്റെ ശ്രമത്തിന് കൂട്ടുനില്‍ക്കുന്ന സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോര്‍ജ് വാര്‍ത്താസമ്മേളനം വിളിച്ചത്. യുഡിഎഫിന്റെ നെല്ലിയാമ്പതി ഉപസമിതി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച എം എം ഹസ്സന്‍, വി ഡി സതീശനും ടി എന്‍ പ്രതാപനും എതിരെ അതിരൂക്ഷമായാണ് ചാനലിലൂടെ പ്രതികരിച്ചത്. പി സി ജോര്‍ജ് ജാതി പറഞ്ഞെന്ന് പരാതിപ്പെടുന്ന പ്രതാപന്‍ മന്ത്രിസ്ഥാനത്തിനുവേണ്ടി ജാതി പറഞ്ഞപ്പോള്‍ പരാതിപ്പെട്ടില്ലെന്നും ഹസ്സന്‍ പ്രതികരിച്ചു.

ടാറ്റയുടെ കൈയേറ്റം എംഎല്‍എമാര്‍ കണ്ടില്ലേയെന്ന് പി സി ജോര്‍ജ്

ടാറ്റയും ഹാരിസണ്‍ മലയാളവുമൊക്കെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറിയപ്പോള്‍ നെല്ലിയാമ്പതിയുടെ പേരില്‍ വിവാദമുണ്ടാക്കുന്ന "ഹരിത" എംഎല്‍എമാര്‍ എവിടെയായിരുന്നെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. തമിഴ്നാടിനായി പ്രവര്‍ത്തിക്കുന്ന സിനിമക്കാരുടെ പങ്കും നെല്ലിയാമ്പതി കൈയേറ്റം സംബന്ധിച്ച സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റ് വിഷയത്തില്‍ വനം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചില സിനിമാക്കാരും ഉള്‍പ്പെട്ട മാഫിയ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. നെല്ലിയാമ്പതി പഞ്ചായത്തിനെ തമിഴ്നാട്ടിലെ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാക്കാന്‍ ഇവര്‍ അവരുടെ പക്കല്‍നിന്ന് പണംപറ്റിയിട്ടുണ്ട്. യുഡിഎഫ് എംഎല്‍എമാര്‍ ഈ മാഫിയയുടെ ഭാഗമാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ജനതാദള്‍ എംഎല്‍എ ശ്രേയാംസ്കുമാറൊക്കെയാണ് വനം കൈയേറ്റത്തിനെതിരെ രംഗത്തുള്ളത്. വയനാട്ടില്‍ ആദിവാസികള്‍ സമരം നടത്തിയപ്പോഴും ഈ എംഎല്‍എമാരെ കണ്ടില്ല. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ എംഎല്‍എമാര്‍ മിണ്ടുന്നില്ല. കാരാപ്പാറ എസ്റ്റേറ്റ് കേസ് സംബന്ധിച്ച് അടുത്തിടെയുണ്ടായ സുപ്രീംകോടതി ഉത്തരവും മാഫിയകളും ഏതാനും മാധ്യമങ്ങളുംചേര്‍ന്ന് വളച്ചൊടിച്ചു. കോടതിയില്‍ പുതുതായി കേസൊന്നും ഫയല്‍ചെയ്യാത്ത ഒരു പ്രത്യേക വനിതാ അഭിഭാഷകയെതന്നെ വനംകേസുകള്‍ കൈകാര്യംചെയ്യാന്‍ ആവശ്യപ്പെടുന്നതില്‍ എന്തോ കുഴപ്പമുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.


deshabhimani

1 comment:

  1. നെല്ലിയാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രസ്താവനായുദ്ധം. വി.ഡി. സതീശനെയും ടി.എന്‍ പ്രതാപനെയും കെപിസിസി വക്താവ് എം.എം. ഹസന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹസനും ജോര്‍ജും ഒരേതൂവല്‍ പക്ഷികളാണെന്ന് സതീശന്‍ തിരിച്ചടിച്ചു. ഹസന്റെ വാക്കുകള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി പ്രതാപനും പറഞ്ഞതോടെ നെല്ലിയാമ്പതി വനഭൂമിയുടെ കാര്യത്തില്‍ യുഡിഎഫിലെ പടലപ്പിണക്കം മറനീക്കി.

    ReplyDelete