Saturday, November 10, 2012

ധര്‍മപുരിയില്‍ 285 ദളിതരുടെ വീട് കത്തിച്ചു

ധര്‍മപുരി: തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയില്‍ ദളിതര്‍ക്കുനേരെ വ്യാപക അക്രമം. വെള്ളാളപ്പട്ടി ഊരിലെ മേല്‍ജാതിക്കാരാണ് ചെല്ലാംകൊട്ട ഊരിലെ 285 ദളിതരുടെ വീടുകള്‍ കത്തിച്ചത്. വ്യാഴാഴ്ചമുതലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞമാസം 14ന് മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടി ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ദുരഭിമാനത്താല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യചെയ്തു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ദളിതരെ മേല്‍ജാതിക്കാര്‍ വേട്ടയാടുകയാണ്. നിരവധി വീട് അടിച്ചുതകര്‍ത്തു. അറുപതോളം ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയും അഗ്നിക്കിരയാക്കി. ദളിത് ഭവനങ്ങളില്‍നിന്ന് സ്വര്‍ണം, പണം, ആധാരം, പാചകവാതക സിലിണ്ടറുകള്‍ എന്നിവ കൊള്ളയടിച്ചു. റേഷന്‍കാര്‍ഡുകളും പാഠപുസ്തകങ്ങളും നശിപ്പിച്ചു. കോളനികളില്‍നിന്ന് ദളിതര്‍ കൂട്ടത്തോടെ പലായനംചെയ്തു. പെണ്‍കുട്ടിയെയും യുവാവിനെയും ജാതിപഞ്ചായത്തില്‍ ഹാജരാക്കണമെന്നാണ് മേല്‍ജാതിക്കാരുടെ ആവശ്യം. ദമ്പതികള്‍സുരക്ഷിതരാണെന്ന് സേലം ഡിഐജി സഞ്ജയ്കുമാര്‍ അറിയിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും ദളിതര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സിപിഐ എം തമിഴ്നാട് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

No comments:

Post a Comment