തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍, അതുസംബന്ധിച്ച ചോദ്യങ്ങളോട് യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പ്രതികരിച്ചില്ല. കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്ന് യോഗം വിലയിരുത്തി. ഇനിയുള്ള ഒന്നര വര്‍ഷത്തെ ഭരണത്തില്‍ ഈ ഏകോപനം ശക്തമാക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. ഇതിനുകീഴില്‍ മൂന്ന് ഉപ ഗ്രൂപ്പുകളുമുണ്ടാകും. ഇതാണ് സംഘടനാപരമായി എടുത്ത തീരുമാനം.
സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കുറച്ചതു സംബന്ധിച്ച് ചില അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും സാമ്പത്തികപരിഷ്കരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രസംഗത്തെ കൈയടിച്ച് അംഗീകരിച്ചാണ് യോഗം പിരിഞ്ഞത്. സബ്സിഡി വര്‍ധിക്കുന്നതും സര്‍ക്കാരിന്റെ വര്‍ധിച്ച ചെലവും കുറയുന്ന വരുമാനവും തമ്മിലുള്ള അന്തരവും സര്‍ക്കാരിന് താങ്ങാനാകാത്ത നിലയിലേക്ക് വളര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ സാമ്പത്തികപരിഷ്കരണത്തില്‍നിന്ന് പിന്നോട്ടുപോകില്ല. സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുകയും സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യണം- അദ്ദേഹം പറഞ്ഞു.
വളര്‍ച്ചനിരക്കിലെ മരവിപ്പ് മാറ്റാനും കുതിച്ചുചാട്ടത്തിനുമാണ് രണ്ട് മാസത്തിനിടയില്‍ സ്വീകരിച്ച പരിഷ്കരണനടപടികള്‍ ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. 2004 മുതല്‍ ഇതുവരെ രണ്ടുവര്‍ഷം മാത്രമാണ് നിരക്ക് ഏഴ് ശതമാനത്തില്‍ താഴേക്കുവന്നത്. വളര്‍ച്ചനിരക്ക് നിലനിര്‍ത്താനും വിദേശനിക്ഷേപം ഉറപ്പാക്കാനും പരിഷ്കരണം ശക്തമാക്കണമെന്ന് ധനമന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ പാര്‍ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അവര്‍ക്കെതിരെ പ്രവര്‍ത്തിക്കരുതെന്നും യുപിഎ സര്‍ക്കാരിന്റെ അടുത്തകാലത്തെ ചില നടപടി ജനവിരുദ്ധമാണെന്നും ക്യാബിനറ്റ്മന്ത്രി കൂടിയായ ഒരു പ്രവര്‍ത്തകസമിതി അംഗം പറഞ്ഞെങ്കിലും ആരും അനുകൂലിച്ചില്ല. സൂരജ്കുണ്ഡില്‍നിന്ന് ബസില്‍ യാത്ര ചെയ്ത് സോണിയയും രാഹുലും നാടകം കളിച്ചുവെങ്കിലും യോഗ തീരുമാനങ്ങളില്‍ സാധാരണക്കാരുടെ ജീവിതത്തെ സഹായിക്കാനുള്ള ഒരു നിര്‍ദേശവുമുണ്ടായില്ല. ഹിമാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കുറച്ചത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചില നേതാക്കള്‍ പറഞ്ഞു. വരാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചില നേതാക്കള്‍ പറഞ്ഞെങ്കിലും അത് പരിഷ്കരണ മുറവിളിയില്‍ മുങ്ങി. ഭക്ഷ്യസുരക്ഷാ ബില്‍, ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ ബില്‍, വനിതാ സംവരണബില്‍ തുടങ്ങി കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതുസംബന്ധിച്ച് ഒരു നിര്‍ദേശവുമുണ്ടായില്ല. പ്രവര്‍ത്തകസമിതി അംഗങ്ങള്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരടക്കം 70 പേരെയാണ് യോഗത്തിന് ക്ഷണിച്ചത്. എത്തിയത് 66 പേര്‍.
വി ജയിന്‍
No comments:
Post a Comment