Tuesday, November 13, 2012

ഭക്ഷ്യസുരക്ഷാബില്‍: ഇടതുപക്ഷം 5 കോടി ഒപ്പ് ശേഖരിക്കും


പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക, ഫലപ്രദമായ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുക, റേഷന്‍ സബ്സിഡി പണമായി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ചു കോടി ഒപ്പ് ശേഖരിക്കാന്‍ ഇടതുപക്ഷ പാര്‍ടികളുടെ യോഗം തീരുമാനിച്ചു. ചില്ലറ വില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കാനും യോഗം തീരുമാനമെടുത്തു. ഫലപ്രദമായ ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം ജൂലൈ മുതല്‍ സെപ്തംബര്‍വരെ നടത്തിയ രാജ്യവ്യാപക പ്രചാരണത്തിന് ജനങ്ങളില്‍നിന്ന് ലഭിച്ച പിന്തുണ പരിഗണിച്ചാണ് ഈ വിഷയത്തില്‍ ഒപ്പുശേഖരണം നടത്താന്‍ തീരുമാനിച്ചത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങിയായിരിക്കും ഒപ്പുശേഖരണം. രണ്ട് രൂപ നിരക്കില്‍ മാസത്തില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ ബില്ലില്‍ വ്യവസ്ഥ ചെയ്യണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. 22 നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ഇരുസഭയിലും, എഫ്ഡിഐ തീരുമാനത്തിനെതിരെ വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചത്. ഭൂരിപക്ഷം കക്ഷികളും ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്ന് പരസ്യപ്രസ്താവന നടത്തിയ സാഹചര്യത്തില്‍ വോട്ടെടുപ്പ് ചര്‍ച്ച സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും.

തിങ്കളാഴ്ച രാവിലെ എ കെ ജി ഭവനിലാണ് ഇടതുപക്ഷ പാര്‍ടികളുടെ യോഗം ചേര്‍ന്നത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, സെക്രട്ടറി ഡി രാജ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി അബനിറോയ് എന്നിവര്‍ പങ്കെടുത്തു. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി സമാനചിന്താഗതിയുള്ള പാര്‍ടികളുമായി ചര്‍ച്ച നടത്തുമെന്നും യോഗശേഷം സീതാറാം യെച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു. അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു പറഞ്ഞ മമത ബാനര്‍ജി ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമോ എന്ന് യെച്ചൂരി ചോദ്യത്തോട് പ്രതികരിച്ചു. എഫ്ഡിഐ വിഷയത്തില്‍ ഇടതുപക്ഷം വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കുമെന്ന സൂചന ലഭിച്ചതോടെ പ്രധാനമന്ത്രി നേരിട്ട് രാഷ്ട്രീയ പാര്‍ടികളുമായി കൂടിക്കാഴ്ച ആരംഭിച്ചു. ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് മുലായംസിങ് യാദവ് എന്നിവരെ സ്വവസതിയില്‍ വിളിച്ചുവരുത്തിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. മറ്റു ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച തുടരുകയാണ്. പാര്‍ലമെന്ററി മന്ത്രി കമല്‍നാഥും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

deshabhimani 

1 comment:

  1. പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക, ഫലപ്രദമായ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുക, റേഷന്‍ സബ്സിഡി പണമായി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ചു കോടി ഒപ്പ് ശേഖരിക്കാന്‍ ഇടതുപക്ഷ പാര്‍ടികളുടെ യോഗം തീരുമാനിച്ചു.

    ReplyDelete