Tuesday, November 13, 2012

സ്വിസ്ബാങ്ക് വിവാദം ഗ്രീക്ക് സര്‍ക്കാരും വെട്ടില്‍



അരവിന്ദ് കെജ്രിവാള്‍ പുറത്തുവിട്ട സ്വിസ് ബാങ്ക് വിവരങ്ങള്‍ ഇന്ത്യയില്‍ വിവാദമാകുന്നതിനിടയില്‍ ഗ്രീസില്‍ രഹസ്യ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സര്‍ക്കാരിനെ തന്നെ പിടിച്ചുലയ്ക്കുന്നു.

സ്വിസ് ബാങ്ക് അക്കൗണ്ടുകളുള്ള ഗ്രീക്കുകാരുടെ പേരുകള്‍ വെളിപ്പെടുത്തി "ഹോട്ട് ഡോക്" എന്ന പ്രസിദ്ധീകരണമാണ് സര്‍ക്കാരിനെയും കള്ളപ്പണക്കാരായ സമ്പന്നരെയും ഞെട്ടിച്ചത്. വാര്‍ത്ത എഴുതിയ ലേഖകന്‍ കോസ്റ്റാ വാക് സെവാനിസ് അറസ്റ്റിലായി.ഒരുകൊല്ലം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍ ആതന്‍സ് കോടതി വാക്സെവാനിസിനെ വിട്ടയക്കാന്‍ നവംബര്‍ രണ്ടിന് ഉത്തരവിട്ടു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ലേഖകന്‍ പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ട് കുറ്റം ചുമത്താനാകില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. മോചിതനായ വാക് സെവാനിസിന് വന്‍സ്വീകരണമാണ് കോടതിക്ക് പുറത്ത് ലഭിച്ചത്. സ്വിസ് ബാങ്ക് അക്കൗണ്ടുള്ള 20000 പേരുടെ പേരുകള്‍ ഫ്രഞ്ച് സര്‍ക്കാരിന് 2009ല്‍ ലഭിച്ചിരുന്നു. ഈ പട്ടികയിലെ 2059 ഗ്രീസുകാരുടെ പേരുകളാണ് ഇപ്പാള്‍ കോസ്റ്റാ വാക് സെവാനിസ പുറത്തുവിട്ടത്. ഫ്രഞ്ച്സര്‍ക്കാരിന്റെ പട്ടിക ഫ്രാന്‍സിലെ ധനമന്ത്രി 2010ല്‍ ഗ്രീക്ക് സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍നടപടിയൊന്നുമുണ്ടായില്ല.പട്ടിക നഷ്ടപ്പെട്ടു എന്നാണ് ഗ്രീസിന്റെ ധനമന്ത്രി ഇതിനു നല്‍കിയ വിശദീകരണം. അതിനിടെ ഈ പട്ടിക ഒരു ഐടി വിദഗ്ദ്ധന്‍ ചോര്‍ത്തി. ഈ പട്ടികയില്‍ നിന്നാണ് ഗ്രീസുകാരുടെ പേരുകള്‍ വാക്സെവാനിസ് പ്രസിദ്ധീകരിച്ചത്.എച്ച്എസ് ബിസി ബാങ്കിന്റെ ജനീവ ശാഖയിലാണ് ഈ അക്കൗണ്ടുകളുള്ളത്. മൂന്ന് മുന്‍മന്ത്രിമാരും നിരവധി വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്.

വാക് സെവാനിസിന്റെ അറസ്റ്റിനെതിരെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ സിര്‍സിയയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും രംഗത്തുവന്നു. വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന ഗ്രീക്ക് സര്‍ക്കാര്‍ വിവാദത്തോടെ കൂടുതല്‍ വെട്ടിലായി. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്.

ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ച ബജറ്റിന് ഗ്രീസില്‍ അംഗീകാരം

ഏതന്‍സ്: ശക്തമായ ജനകീയ പ്രക്ഷോഭത്തെ അവഗണിച്ചും ശമ്പളവും പെന്‍ഷനും മറ്റും വെട്ടിക്കുറച്ച ബജറ്റ് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകരിച്ചു. 128 നെതിരെ 167 വോട്ടുകള്‍ക്കാണ് അംഗീകാരം.കടക്കെണിയില്‍പ്പെട്ട ഗ്രീസിന് പുതിയ വായ്പ അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയനും ഐഎംഎഫും ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ക്കനുസരിച്ചുള്ളതാണ് ബജറ്റ് നിര്‍ദേശങ്ങള്‍.തുടര്‍ന്ന് പുതിയ വായ്പ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചു. ഏതന്‍സില്‍ പാര്‍ലമെന്റിനു മുന്നില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധവും നടന്നു. വിരമിക്കല്‍ പ്രായം 65ല്‍നിന്ന് 67 ആക്കുക, പെന്‍ഷനില്‍ അഞ്ചുമുതല്‍ 15 ശതമാനംവരെ വെട്ടിക്കുറയ്ക്കുക, പൊലീസടക്കമുള്ള ജീവനക്കാരുടെ മിനിമം ശമ്പളം കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.

deshabhimani 131112

1 comment:

  1. അരവിന്ദ് കെജ്രിവാള്‍ പുറത്തുവിട്ട സ്വിസ് ബാങ്ക് വിവരങ്ങള്‍ ഇന്ത്യയില്‍ വിവാദമാകുന്നതിനിടയില്‍ ഗ്രീസില്‍ രഹസ്യ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സര്‍ക്കാരിനെ തന്നെ പിടിച്ചുലയ്ക്കുന്നു.

    ReplyDelete