Tuesday, November 13, 2012

ഗഡ്കരിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ മോഡിയെന്ന് വൈദ്യ


ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണെന്ന ആക്ഷേപവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എം ജി വൈദ്യ രംഗത്തെത്തി. തന്റെ ബ്ലോഗിലാണ് വൈദ്യ ഈ പരാമര്‍ശം നടത്തിയത്. മുതിര്‍ന്ന സംഘപരിവാര്‍ നേതാവിന്റെ പരസ്യവിമര്‍ശം ബിജെപിക്കുള്ളിലും ആര്‍എസ്എസിനുള്ളിലും ഗ്രൂപ്പുപോര് രൂക്ഷമാക്കി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ അറിവോടെയാണ് വൈദ്യ ബ്ലോഗില്‍ മോഡിവിരുദ്ധ അഭിപ്രായം രേഖപ്പെടുത്തിയതെന്ന് കരുതുന്നു.

ആര്‍എസ്എസിനുള്ളില്‍ ഗഡ്കരിയെ സംരക്ഷിച്ച് മോഹന്‍ ഭഗവതിന്റെ വിഭാഗവും ഇവരെ എതിര്‍ത്ത് സുരേഷ് സോണിയുടെ വിഭാഗവും സജീവമാണ്. ഗഡ്കരിക്കെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് സോണിവിഭാഗത്തിന് വലിയ പങ്കുണ്ടെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. ആര്‍എസ്എസ് അനാവശ്യമായി ഗഡ്കരിയെ സംരക്ഷിക്കുന്നുവെന്ന നിലപാടിലാണ് സോണി വിഭാഗം. കുഴപ്പത്തില്‍ ചാടുന്ന ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന സമീപനം ആര്‍എസ്എസ് നേരത്തെ സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോള്‍ മറിച്ചൊരു നിലപാട് സ്വീകരിക്കേണ്ട കാര്യമില്ലെന്നും സോണിഗ്രൂപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഗഡ്കരി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട രാംജെത്മലാനി മോഡി പ്രധാനമന്ത്രിയാകണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗഡ്കരിക്കെതിരായ പ്രചാരണത്തിന്റെ വേരുകള്‍ ഗുജറാത്തിലാണെന്നതിന് ഇത് തെളിവാണ്. ഗഡ്കരി പാര്‍ടി അധ്യക്ഷനായിരിക്കുന്നത് തന്റെ പ്രധാനമന്ത്രി മോഹങ്ങള്‍ക്ക് തടസ്സമാണെന്ന ചിന്ത മോഡിക്കുണ്ട്. അതുകൊണ്ട് ജെത്മലാനിയെപ്പോലുള്ളവരെ ഉപയോഗിച്ച് നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വൈദ്യ ബ്ലോഗില്‍ പറഞ്ഞു.

മുതിര്‍ന്ന നേതാവിന്റെ അഭിപ്രായം നാണക്കേട് സൃഷ്ടിച്ചതോടെ നിഷേധക്കുറിപ്പുമായി ബിജെപിയും ആര്‍എസ്എസും രംഗത്തെത്തി. വൈദ്യയുടെ മകനും ആര്‍എസ്എസിന്റെ പ്രചാര്‍ പ്രമുഖുമായ മന്‍മോഹന്‍ വൈദ്യയാണ് നിഷേധക്കുറിപ്പ് ഇറക്കിയത്. വൈദ്യയുടേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്‍എസ്എസിന്റേത് അല്ലെന്നും പ്രചാര്‍ പ്രമുഖ് പറയുന്നു. ആര്‍എസ്എസ് വക്താവ് രാംമാധവും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗഡ്കരിയും അഭിപ്രായപ്പെട്ടു. എന്നാല്‍, തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വൈദ്യ വ്യക്തമാക്കി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതി. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വൈദ്യ പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani

1 comment:

  1. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണെന്ന ആക്ഷേപവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എം ജി വൈദ്യ രംഗത്തെത്തി. തന്റെ ബ്ലോഗിലാണ് വൈദ്യ ഈ പരാമര്‍ശം നടത്തിയത്. മുതിര്‍ന്ന സംഘപരിവാര്‍ നേതാവിന്റെ പരസ്യവിമര്‍ശം ബിജെപിക്കുള്ളിലും ആര്‍എസ്എസിനുള്ളിലും ഗ്രൂപ്പുപോര് രൂക്ഷമാക്കി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ അറിവോടെയാണ് വൈദ്യ ബ്ലോഗില്‍ മോഡിവിരുദ്ധ അഭിപ്രായം രേഖപ്പെടുത്തിയതെന്ന് കരുതുന്നു.

    ReplyDelete