Sunday, November 11, 2012

റായ്ബറേലിയില്‍ കോണ്‍ഗ്രസ് യുവനേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മലയാളി നേഴ്സിനെ തട്ടിക്കൊണ്ടുപോയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും അറസ്റ്റില്‍. യൂത്ത്കോണ്‍ഗ്രസ് നേതാവ് രാജ്പ്രതാപ്സിങ്ങും (22) കൂട്ടാളി അന്‍സു പാണ്ടെ(22)യുമാണ് അറസ്റ്റിലായത്. നവംബര്‍ ഒന്നിന് ജോലിക്ക് പോകാനിറങ്ങിയ കൊല്ലം പുത്തൂര്‍ ബിനുഭഭവനില്‍ വിജയമ്മ(59)യെ ആണ് തട്ടിക്കൊണ്ടുപോയത്. ഇവരെ ഒന്‍പത് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ യൂത്ത് കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നയാളും ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് രാജ്പ്രതാപ്സിങ്. 
 
രാജീവ്ഗാന്ധിയുടെ കാലത്ത് യൂത്ത് കോണ്‍ഗ്രസ് അമേഠി ജില്ലാ പ്രസിഡന്റായിരുന്ന രാജേന്ദര്‍ പ്രതാപ്സിങ്ങിന്റെ മകന്‍ കൂടിയാണ് ഇയാള്‍. മകനെ സംരക്ഷിക്കാന്‍ രാജേന്ദര്‍പ്രതാപ് സിങ്ങും സംഘവും പൊലീസ് സ്റ്റേഷനില്‍ തമ്പടിച്ചിരിക്കുകയാണെന്ന് വിജയമ്മയുടെ മകന്‍ ബിനു പറഞ്ഞു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ ഉടമയാണ് അന്‍സു പാണ്ടെ. കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തിന്റെ ഇടപെടല്‍ കാരണം അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. 
 
റായ്ബറേലിയില്‍ 34 വര്‍ഷമായി താമസിക്കുന്ന വിജയമ്മ, 20 കിലോമീറ്റര്‍ അകലെ അമേഠി-ഡി ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഹെഡ്നേഴ്സാണ്. ഇവരുടെ പരിചയക്കാരനും പ്രദേശവാസിയുമാണ് രാജ്പ്രതാപ്സിങ്. വിജയമ്മ അടുത്തമാസം നാട്ടില്‍ വരാനിരുന്നതാണ്. കാണാതാകുമ്പോള്‍ പത്തുപവന്‍ ആഭരണം ധരിച്ചിരുന്നതായി മകന്‍ ബിനു പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനം നല്‍കിയാണ് രാജ്പ്രതാപ്സിങ് വിജയമ്മയെ കാറില്‍കയറ്റിയത്. പോളിയോ വാക്സിനേഷന്റെ ചുമതലയുണ്ടായിരുന്ന വിജയമ്മ ആശുപത്രിയില്‍ എത്താത്തതിനെത്തുടര്‍ന്ന് ഡോക്ടര്‍ വീട്ടുടമയെ വിളിച്ചന്വേഷിച്ചപ്പോഴാണ് പ്രദേശത്തെ മലയാളികള്‍ വിവരം അറിഞ്ഞത്. ഇവര്‍ നല്‍കിയെ പരാതിയെത്തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും അറസ്റ്റിലായത്. 
 
വിജയമ്മയെ കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിനുവും പ്രദേശത്തെ മലയാളിയായ ബാബുവും കഴിഞ്ഞ ആഴ്ച റായ്ബറേലി സന്ദര്‍ശിച്ച സോണിയ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. "നോക്കാം"&ൃെൂൗീ;എന്നായിരുന്നു മറുപടി. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ബംഗളൂരുവില്‍ സിആര്‍പിഎഫ് ജവാനാണ് ബിനു. വിജയമ്മയെ തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേദിവസം ബിനു റായ്ബറേലിയില്‍ എത്തി. രാജേന്ദര്‍പ്രതാപ് സിങ്ങും പൊലീസും അടുത്ത ബന്ധമാണ് പുലര്‍ത്തുന്നതെന്ന് ബിനു പറഞ്ഞു. പിടിയിലായവര്‍ക്ക് അതിഥികള്‍ക്ക് തുല്യമായ പരിചരണമാണ് പൊലീസ് നല്‍കുന്നത്. അമ്മയെ കൊന്ന് കുഴിച്ചുമൂടിയോ അതോ ജീവനോടെയുണ്ടോ എന്ന് അറിയണം. വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ബിനു ആവശ്യപ്പെടുന്നു.

No comments:

Post a Comment