ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ കോര്‍ ഗ്രൂപ്പിലെ കോണ്‍ഗ്രസ്
എംപിയും റിലയന്‍സ് അടക്കമുള്ള കമ്പനികളും സ്വിസ് ബാങ്കിലേക്ക് കള്ളപ്പണം
കടത്തിയവരില്‍പ്പെടുന്നതായി അഴിമതിവിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ്
കെജ്രിവാള്‍ വെളിപ്പെടുത്തി. എംപിമാര്‍ക്ക് കള്ളപ്പണനിക്ഷേപം ഇല്ലെന്ന്
കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍നിന്ന് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച 6000 കോടി രൂപയുടെ
കള്ളപ്പണത്തില്‍ 3050 കോടി രൂപയും റിലയന്‍സിന്റേതാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ
ജനീവ കേന്ദ്രമാക്കിയ എച്ച്എസ്ബിസി ബാങ്കാണ് കള്ളപ്പണനിക്ഷേപത്തിനും ഹവാല
പ്രവര്‍ത്തനത്തിനും ഇന്ത്യയില്‍ നേതൃത്വം നല്‍കുന്നത്.കഴിഞ്ഞ പുനഃസംഘടനയില്‍ കേന്ദ്രമന്ത്രിസഭയിലെത്തിയ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് തനിക്ക് വിവരങ്ങള്‍ ചോര്‍ത്തിത്തന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. കള്ളപ്പണനിക്ഷേപകരുടെ പേര് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറച്ചുവച്ചിരിക്കുകയായിരുന്നു. കമ്പനികളും വ്യക്തികളുമടക്കം പത്തു പേരുടെ വിവരമാണ് കെജ്രിവാള്‍ പുറത്തുവിട്ടത്.
ഇരട്ടനികുതി നിയമവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ കള്ളപ്പണത്തിന്റെ വിശദാംശം വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ധനമന്ത്രിയായിരിക്കെ പ്രണബ് മുഖര്‍ജിയുടെ അവകാശവാദം. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിലും നികുതി വെട്ടിച്ചവരുടെ വിവരം മറച്ചുവച്ചു. നിയമനടപടിയില്‍ നിന്ന് റിലയന്‍സിനെ രക്ഷിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. എച്ച്എസ്ബിസിയില്‍ കള്ളപ്പണനിക്ഷേപമുള്ള 700 ഇന്ത്യക്കാരുടെ പട്ടിക 2011ലാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. 2006ലെ വിവരങ്ങളായിരുന്നു അത്. അതില്‍ കെജ്രിവാളിന്റെ കൈവശമുള്ള വിവരം ഇങ്ങനെ: മുകേഷ് അംബാനി-100 കോടി രൂപ, അനില്‍ അംബാനി-100 കോടി, റിലയന്‍സിന്റെ മൊടെക് സോഫ്റ്റ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്-2,100 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്-500 കോടി, മൊടെക് സോഫ്റ്റ്വെയറിന്റെ മേധാവിയും രാഹുല്‍ഗാന്ധിയുടെ കോര്‍ ഗ്രൂപ്പിലെ എംപിയുമായ അനു ഠണ്ടന്‍-125 കോടി, അനു ഠണ്ടന്റെ ഭര്‍ത്താവും റിലയന്‍സ് മുന്‍ ഉദ്യോഗസ്ഥനുമായ സന്ദീപ് ഠണ്ടന്‍-125 കോടി. അതായത് റിലയന്‍സിനുള്ള മൊത്തം കള്ളപ്പണനിക്ഷേപം 3050 കോടി.
അംബാനി സഹോദരന്മാരുടെ അമ്മ കോകിലബെന്‍ അംബാനിയുടെ പേരിലും എച്ച്എസ്ബിസിയില്‍ അക്കൗണ്ടുണ്ട്. ജെറ്റ് എയര്‍വേസ് തലവന്‍ നരേഷ്കുമാര്‍ ഗോയല്‍- 80 കോടി രൂപ, ഡാബര്‍ ഇന്ത്യ കമ്പനി ഉടമകളായ ബര്‍മന്‍സ് കുടുംബം-25 കോടി രൂപ എന്നിവരാണ് മറ്റു നിക്ഷേപകര്‍. യശോധര ബിര്‍ളയുടെ പേരിലും അക്കൗണ്ടുണ്ട്. തങ്ങള്‍ക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളതായി ഇവര്‍ സ്ഥിരീകരിക്കുയും ചെയ്തു. എന്നാല്‍, റിലയന്‍സ്, ഗോയല്‍, ബര്‍മന്‍സ്, ബിര്‍ള എന്നിവരെ തൊടാന്‍ സര്‍ക്കാരിനായില്ല. റെയ്ഡ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയെ മുകേഷ് അംബാനി സന്ദര്‍ശിച്ചു. വിഷയം "രമ്യ"മായി തീര്‍ക്കാന്‍ നികുതി അടയ്ക്കാമെന്നായിരുന്നു വാഗ്ദാനം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു.
പി വി അഭിജിത്
No comments:
Post a Comment