Sunday, November 11, 2012

ജനകീയ പരിശോധനാ സംവിധാനം ഇല്ലാതാക്കി

തിരു: സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ കള്ളക്കളികള്‍ അവസാനിപ്പിക്കാനും സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനുമായി രൂപീകരിച്ച ജനകീയസമിതികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. റേഷന്‍ വിതരണം സുതാര്യവും കാര്യക്ഷമവുമാകണമെങ്കില്‍ ജനകീയ ഇടപെടല്‍ ആവശ്യമാണെന്ന കാഴ്ചപ്പാടില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച് വിജയകരമായി പ്രവര്‍ത്തിച്ച സംവിധാനമാണ് യുഡിഎഫ് ഇല്ലാതാക്കിയത്. 
 
സംസ്ഥാനതലംമുതല്‍ പഞ്ചായത്തുതലംവരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ ഭക്ഷ്യ, പൊതുവിതരണ ജാഗ്രതാ സമിതികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ആദ്യം സംസ്ഥാന, ജില്ലാതലത്തില്‍ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇവയുടെ പ്രവര്‍ത്തനം വിജയമെന്നു കണ്ടതോടെ താലൂക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിലും സമിതി രൂപീകരിക്കണമെന്ന വ്യാപക ആവശ്യം ഉയരുകയായിരുന്നു. സംസ്ഥാനതലത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്മന്ത്രി അധ്യക്ഷനായ സമിതിയില്‍ എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍മാര്‍, ഡിജിപി, ഭക്ഷ്യ, ധന, റെവന്യൂ, കൃഷി, അഭ്യന്തരസെക്രട്ടറി തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു. ജില്ലാതലത്തില്‍ കലക്ടര്‍ അധ്യക്ഷനായ സമിതിയില്‍ ജില്ലാ പൊലീസ് മേധാവി, അളവുതൂക്ക വകുപ്പ് അടക്കം വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. താലൂക്ക്തലത്തില്‍ തഹസില്‍ദാറുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. ഗ്രാമപഞ്ചായത്തുതലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തലവനായ സമിതിയില്‍ വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ടി പ്രതിനിധികളും ഉള്‍പ്പെട്ടു. എല്ലാ സമിതികളിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചു. ഇവര്‍ക്ക് റേഷന്‍കടകളും മൊത്തവിതരണ ഡിപ്പോകളും പരിശോധിക്കുന്നതിനുള്ള അധികാരം നല്‍കി. 
 
റേഷന്‍സാധനങ്ങളുടെ നീക്കിയിരിപ്പ്, ഗുണമേന്മ, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത, കാര്‍ഡ് ഉടമകള്‍ക്ക് കൃത്യമായ അളവില്‍ സാധനങ്ങള്‍ വിതരണംചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം സമിതി അംഗങ്ങള്‍ക്ക് പരിശോധിക്കാം. അപാകതകള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കണം. റിപ്പോര്‍ട്ടിന്‍മേല്‍ കലക്ടര്‍ നടപടി എടുക്കും. ഇതിന്റെ സംസ്ഥാനതലത്തിലുള്ള ഏകോപനം മന്ത്രി തലവനായ സമിതി നിര്‍വഹിച്ചു. സമിതികള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ റേഷന്‍ സാധനങ്ങളുടെ കള്ളക്കടത്ത് അടക്കമുള്ള ക്രമക്കേടുകള്‍ ഗണ്യമായി കുറഞ്ഞു. അനധികൃത കടത്തലുകള്‍ ജനങ്ങള്‍തന്നെ തടഞ്ഞ് സമിതികളെ അറിയിച്ച് നടപടി ഉറപ്പാക്കുന്ന സ്ഥിതിയായി. സംസ്ഥാനത്തെ 14,300ല്‍പ്പരം വരുന്ന പൊതുവിതരണസ്ഥാപനങ്ങളിലെ പൂഴ്ത്തിവയ്പ്പും മറിച്ചുവില്‍പ്പനയുമടക്കമുള്ള വെട്ടിപ്പുകള്‍ വലിയ തോതില്‍ കുറയ്ക്കാനായി. ഈ സമിതികള്‍ക്കെതിരെ രൂപീകരണകാലംമുതല്‍ ഒരു വിഭാഗം റേഷന്‍കട ഉടമകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചുമതലയേറ്റശേഷം ഈ വിഭാഗത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ജനകീയ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതെന്നാണ് ആക്ഷേപം.

No comments:

Post a Comment