Wednesday, November 14, 2012

ഡിഎംആര്‍സിയെ തുരത്താന്‍ അണിയറയില്‍ പുതിയ തന്ത്രം


കൊച്ചി മെട്രോ നിര്‍മാണച്ചുമതലയില്‍നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും തുരത്താന്‍ അണിയറയില്‍ പുതിയ ഗൂഢതന്ത്രം. പദ്ധതിക്കുള്ള ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ- ഓപറേഷന്‍ ഏജന്‍സി (ജൈക്ക) യുടെ വായ്പാനടപടികളും കേന്ദ്ര വിജിലന്‍സ് കമീഷന്റെ 2006ലെ ഉത്തരവും ഒരിക്കല്‍ക്കൂടി ഡിഎംആര്‍സിക്കെതിരെ ആയുധമാക്കാനാണ് നീക്കം. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അടുത്തയാഴ്ച ഡല്‍ഹിക്കുപോകും. ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച ഇ ശ്രീധരന്‍ നടത്തിയ ഇടപെടലോടെ ഡിഎംആര്‍സിയുടെ സാധ്യത വര്‍ധിച്ചതിനാലാണ് സര്‍ക്കാരും കൂട്ടരും പുതിയ ഗൂഢതന്ത്രം ഒരുക്കിയത്. ജൈക്കയുടെ ഇന്ത്യയിലെ മുഖ്യ പ്രതിനിധി മാറിയെന്നും പുതിയ ആളുമായി ശ്രീധരന് ബന്ധമില്ലെന്നും അതിനാല്‍ ആഗോള ടെന്‍ഡറില്ലാതെ വായ്പ ലഭിക്കാന്‍ തടസമുണ്ടാകുമെന്നുമാണ് ഉന്നയിക്കാന്‍ പോകുന്ന ഒരു വാദം. ആഗോള ടെന്‍ഡറില്ലാതെ വായ്പ നല്‍കാമെന്ന് ജൈക്ക രേഖാമൂലം അറിയിക്കണമെന്ന നിബന്ധനയും മുന്നോട്ടുവയ്ക്കും.

വായ്പയ്ക്കുള്ള വ്യവസ്ഥകള്‍ കഴിഞ്ഞമാസം ഒമ്പതിന് ജൈക്ക കെഎംആര്‍എലിനെ അറിയിച്ചിരുന്നു. ആഗോള ടെന്‍ഡര്‍ പൊതുനയമാണെന്ന് അവര്‍ അയച്ച കത്തിലുണ്ട്. ഇന്ത്യയില്‍ ജൈക്ക വായ്പയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഡിഎംആര്‍സി. ജൈക്ക ഇന്ത്യയില്‍ നല്‍കിയിട്ടുള്ള 62,950 കോടി രൂപയുടെ വായ്പയില്‍ 36,000 കോടിയും ഡിഎംആര്‍സിയാണ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പൊതു നയത്തില്‍നിന്ന് മാറി ഡിഎംആര്‍സിക്ക് വായ്പനല്‍കാന്‍ അവര്‍ തയ്യാറുമാണ്. പക്ഷെ ഇക്കാര്യം രേഖാമൂലം ഉറപ്പുനല്‍കാന്‍ ജൈക്ക തയ്യാറായേക്കില്ല. ഈ സാഹചര്യം മുതലാക്കാനാണ് കെഎംആര്‍എലിന്റെ നീക്കം. ഇതിനായി ഒക്ടോബര്‍ 15ന് മറ്റൊരു കത്തുകൂടി കെഎംആര്‍എല്‍ എംഡി ജൈക്കയ്ക്ക് അയച്ചു, ഒക്ടോബര്‍ 19ലെ കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തിന് തൊട്ടുമുമ്പ്. ശ്രീധരന്‍ പറയുന്നതുപോലെ ആഗോള ടെന്‍ഡറില്ലാതെ വായ്പനല്‍കാന്‍ ജൈക്ക തയ്യാറാണോ എന്നു വ്യക്തമാക്കണമെന്നായിരുന്നു ഉള്ളടക്കം. ജൈക്കയുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. കത്തിന് മറുപടി തേടി ജൈക്കയുടെ ഇന്ത്യയിലെ മുഖ്യ പ്രതിനിധിയെ കാണാനും പ്രശ്നം നഗരവികസന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുമാണ് കെഎംആര്‍എല്‍ ശ്രമം. ശ്രീധരനുമായി അടുത്ത ബന്ധമുള്ള ഷിനിച്ചി യാമനാകയ്ക്കു പകരം കഴിഞ്ഞ ആഗസ്തില്‍ ഷിനിയ എജിമയാണ് ജൈക്ക മുഖ്യ പ്രതിനിധിയായി എത്തിയത്. ഇരുപതിനുശേഷം മുഖ്യമന്ത്രി മെട്രോ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുന്നുണ്ട്. അതിനു മുന്നോടിയായുള്ള ലോബിയിങ്ങാണ് ഏലിയാസ് ജോര്‍ജിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.
(എം എസ് അശോകന്‍)

deshabhimani 

No comments:

Post a Comment